അഹമ്മദാബാദ്: വിവാഹ ആഘോഷ ചടങ്ങിനെത്തിയ അതിഥികൾക്കുമേൽ നോട്ട് മഴ പെയ്യിച്ച് വരന്റെ അമ്മാവൻ. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ അഗോൾ എന്ന ഗ്രാമത്തിലാണു സംഭവം. അനന്തരവന്റെ വിവാഹ ആഘോഷത്തിനെത്തിയ അതിഥികൾക്കുമേലാണ് അമ്മാവൻ 500ന്റെയും 200ന്റെയും നോട്ടുകൾ പറത്തിവിട്ടത്. നോട്ടുകൾ എടുക്കാനായി നാട്ടുകാർ തിക്കിത്തിരക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അഗോൾ ഗ്രാമത്തിലെ മുൻ പഞ്ചായത്ത് പ്രസിഡന്റായ കരീം യാദവാണു വിവാഹത്തിനെത്തിയവർക്കായി നോട്ട് മഴ പെയ്യിച്ചത്. അനന്തരവൻ റസാഖിന്റെ വിവാഹഘോഷയാത്ര കടന്നു പോകുമ്പോൾ വീടിന്റെ ടെറസിനു മുകളിൽ നിന്ന് കരീം യാദവ് നോട്ടുകൾ വാരിവിതറുകയായിരുന്നു.
മുൻകൂട്ടി നിശ്ചയിച്ചപ്രകാരമാണ് ഇവർ നോട്ടുകൾ വിതറിയത്. ഇതിന് കരീമിനെ സഹായിക്കാൻ ചില ബന്ധുക്കളും ഒപ്പം കൂടിയിരുന്നു. കരീം 200 രൂപയുടെ നോട്ട് താഴേക്ക് ഇട്ടപ്പോൾ ബന്ധുക്കൾ 500 രൂപ നോട്ടുകൾ താഴേക്കു വിതറി കൊണ്ടേയിരുന്നു.
ആൾക്കൂട്ടത്തിലേക്ക് നോട്ടുകൾ പാറിവന്നതോടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മറിഞ്ഞുവീഴുകയും ചെയ്തു. ചിലർക്ക് ചെറിയ രീതിയിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഗുജറാത്തിൽ അടുത്തകാലത്തായി വിവാഹാഘോഷങ്ങൾക്കിടെ നോട്ടുകളും ആഭരണങ്ങളും വാരി വിതറുന്ന രീതി കണ്ടുവരുന്നുണ്ട്. ഏതായാലും ആഗോളിലെ വിവാഹം കെങ്കേമമാക്കിയ നോട്ടുമഴ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.