ആലപ്പുഴ: കേരളത്തിൽ ഇത് ഉത്സവങ്ങളുടെ കാലമാണ്. സ്റ്റേജ് പ്രോഗ്രാമുകളിലും ഗാനമേളകളിലും പ്രമുഖരടക്കം എത്തുന്നു. എന്നാല്‍ സെലിബ്രിറ്റികൾ എത്തുമ്പോൾ അവര്‍ക്ക് സുരക്ഷ ഒരുക്കുന്നത് ഭാരവാഹികൾക്ക് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നായി മാറിയിരിക്കുന്നു. ആരാധകരുടെ തിക്കിത്തിരക്ക് അനിയന്ത്രിതമാകുമ്പോൾ സെലിബ്രിറ്റികൾക്ക് ഓടിരക്ഷപ്പെടുകയല്ലാതെ വേറെ വഴിയില്ല. നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഇത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ആലപ്പുഴ ചേർത്തല വാരനാട് ദേവി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്ക് എത്തിയ വിനീത് ശ്രീനിവാസന്റെ വീഡിയോകളാണ് ഇപ്പോൾ വൈറലാകുന്നത്. ഗാനമേളക്ക് ശേഷം തന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് വിനീത് ഓടുന്നതാണ് വീഡിയോയിൽ. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് വിനീതിന് തന്റെ കാറുള്ള സ്ഥലത്തേക്ക് ഓടേണ്ടിവന്നത്.