എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലെയും ഫുഡ് ആൻജ് ബിവറേജ് മെനു പുതുക്കിയെന്ന് എയർ ഇന്ത്യ. യാത്രക്കാരുടെ ഫീഡ്ബാക്ക് പരിഗണിച്ചാണ് പുതിയ മാറ്റമെന്നും എയർ ഇന്ത്യ അറിയിച്ചു.
”യാത്രക്കാരുടെ ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയാണ് മെനു പുതുക്കിയിരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടർന്ന് യാത്രക്കാർക്ക് രുചികരമായ ഭക്ഷണങ്ങളും ഏറ്റവും പുതുമയുള്ള ഭക്ഷണങ്ങളും, മധുര പലഹാരങ്ങളും ഇന്ത്യയിലെ പ്രാദേശിക രുചിഭേദങ്ങളും ഞങ്ങൾ ഒരുക്കിയിരിക്കുന്നു”, കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഫുഡ് ആൻഡ് ബിവറേജ് മെനുവിനു പുറമേ ബാർ മെനുവും എയർ ഇന്ത്യ പരിഷ്കരിച്ചിട്ടുണ്ട്. ലോറന്റ്-പെരിയർ ലാ കുവീ ബ്രൂട്ട് ഷാംപെയ്ൻ, ചാറ്റോ ഡി എൽ ഹെസ്ട്രേഞ്ച്, ലെസ് ഒലിവേഴ്സ്, ചാറ്റോ മിലോൺ, വടക്കൻ ഇറ്റലിയിലെ പീഡ്മോണ്ട് മേഖലകളിലെ മുന്തിരിത്തോട്ടങ്ങളിൽ നിന്നുള്ള വൈനുകൾ എന്നിവ പുതിയ മെനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പാനീയങ്ങളുടെ മെനുവിൽ പ്രീമിയം ബ്രാൻഡുകളുടെ വിസ്കി, ജിൻ, വോഡ്ക, ബിയറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
”സ്വാദിഷ്ടമായതും പോഷകസമൃദ്ധമവുമായ വിഭവങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും സമകാലികവും സുസ്ഥിരവുമായ ഭക്ഷണ രീതികൾ പിന്തുടരുന്നതിലും ആയിരുന്നു പുതിയ മെനുകൾ രൂപകൽപന ചെയ്യുമ്പോൾ ഞങ്ങളുടെ പ്രധാന ശ്രദ്ധ ”, എയർ ഇന്ത്യയുടെ ഇൻഫ്ലൈറ്റ് സർവീസസ് മേധാവി സന്ദീപ് വർമ പറഞ്ഞു.
എന്നാൽ അടുത്തിടെ എയർ ഇന്ത്യ വീണ്ടും സ്ഥിര ജീവനക്കാരുടെ എണ്ണം കുറക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 2000 പേർക്കു കൂടി സ്വമേധയാ വിരമിക്കാനുള്ള ഓഫർ (voluntary retirement scheme) നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി 200 കോടി രൂപ മാറ്റിവെയ്ക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. അതിനു ശേഷം ഇത് രണ്ടാമത്തെ തവണയാണ് എയർ ഇന്ത്യ വോളണ്ടറി റിട്ടയർമെന്റ് ഓഫർ മുന്നോട്ടു വെയ്ക്കുന്നത്. കമ്പനിയിലെ നോൺ-ഫ്ളൈയിങ്ങ് ജീവനക്കാർക്കായാണ് ഈ ഓഫർ. ഏറ്റവും പുതിയ ഓഫർ 40 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ഥിരം ജനറൽ കേഡർ ഓഫീസർമാർക്കും കമ്പനിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയവർക്കും ലഭ്യമാകുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇതു കൂടാതെ, കുറഞ്ഞത് അഞ്ച് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയ ക്ലറിക്കൽ, അൺസ്കിൽഡ് വിഭാഗത്തിലുള്ള ജീവനക്കാർക്കും ആ ഓഫറിന് അർഹതയുണ്ട്. വോളണ്ടറി റിട്ടയർമെന്റ് ഓഫറിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ്. നിലവിൽ, ഫ്ലൈയിംഗ്, നോൺ ഫ്ളൈയിംഗ് സ്റ്റാഫുകൾ ഉൾപ്പെടെ ഏകദേശം 11,000 ജീവനക്കാരാണ് എയർ ഇന്ത്യയിലുള്ളത്.