കൂടുതല്‍ തവണ പല്ലുതേക്കുന്നത് പ്രമേഹസാധ്യത കുറയ്ക്കുമെന്ന് കേട്ടിട്ടുണ്ടോ?

ദിവസത്തില്‍ മൂന്നോ അതില്‍ അധികമോ തവണ പല്ല് തേക്കുന്നത് ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. ദന്തരോഗമുള്ളവര്‍ക്കും പല്ലുകള്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രമേഹ സാധ്യക കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തി.

ബാക്ടീരിയ മൂലം മോണയിലും എല്ലുകളിലും ഉണ്ടാകുന്ന അണുബാധയാണ് ദന്തരോഗങ്ങള്‍ക്ക് കാരണം. ഇത് കണ്ടില്ലെന്ന് നടിച്ചാല്‍ പല്ല് നഷ്ടപ്പെടുന്നത് അടക്കമുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. മോണരോഗമുള്ള ആളുകളുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കോശജ്വലന മാര്‍ക്കറുകള്‍ ഉണ്ട്. ഇത്, ഇന്‍സുലിന്‍ സംവേദനക്ഷമതയെ തടസ്സപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതേസമയം മോശം ദന്ത ശുചിത്വം മൂലം പ്രമേഹം ഉണ്ടാകുമോ എന്ന കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങളും പഠനങ്ങളും നടക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മോണരേഗമുള്ളവരില്‍ പ്രമേഹമുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇതിന് കാരണം മോണ സംബന്ധമായ രോഗങ്ങള്‍ മാത്രമായിരിക്കില്ലെന്നും ആ വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം ഒരു ഘടകമായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രമേഹമുള്ളവര്‍ക്ക് ദന്തരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പല്ല് കേടാകുന്നതും ബാക്ടീരിയ വളര്‍ച്ചയും തടയുന്നത് ഉമിനീരാണ്. പ്രമേഹം വായിലെ ഉമിനീര്‍ ഗ്രന്ഥികളെ ബാധിക്കുമെന്നതിനാല്‍ ഉമിനീര്‍ ഉത്പാദനം കുറയും. അതുപോലെതന്നെ പ്രമേഹമുള്ള ആളുകളുടെ പ്രതിരോധശേഷി വളരെ കുറവായിരിക്കും. ഇത് മോണരോഗം ഉള്‍പ്പെടെയുള്ള അണുബാധകള്‍ കൂടാന്‍ കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതുമൂലം വായ വരണ്ടുപോകുന്നത് അടക്കമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകും. ഇത് കാവിറ്റി, അണുബാധ, മോണരോഗങ്ങള്‍ എന്നിവയുടെ സാധ്യത കൂട്ടും.

Verified by MonsterInsights