സംസ്ഥാനത്ത് വേനല്‍ മഴ നാളെ മുതല്‍; താപനില കുറയും.

 സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടയിൽ നാളെ മുതൽ വേനൽമഴ വ്യാപകമാകാൻ സാധ്യത. തെക്കൻജില്ലകളിലും മധ്യകേരളത്തിലും മഴ കിട്ടുമെന്നാണ് പ്രതീക്ഷ. കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ താപസൂചിക ഇന്ന് 58 ഡിഗ്രി സെൽസിയസ് വരെ ഉയർന്നിട്ടുണ്ട്.
 താപനിലയും അന്തരീക്ഷ ഈർപ്പവും കണക്കിലെടുത്തുള്ള താപ സൂചിക പ്രകാരം കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ കഠിനമായ ചൂടാണ് അനുഭവവേദ്യമാകുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലെ ചിലപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ചൂട് 58 ഡിഗ്രി സെൽസിയസ് വരെയാണ്. ഈ ജില്ലകളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും 50 മുതൽ 56 ഡിഗ്രി സെൽസിയസ് വരെയാണ് താപ സൂചിക. കണ്ണൂർ ജില്ലയുടെ മലയോരമേഖലയിലും 52 ഡിഗ്രിവരെ ചൂടിന്റെ കാഠിന്യം ഉയർന്നിട്ടുണ്ട്.

നാളെയോടെ വേനൽമഴ പരക്കെ കിട്ടുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. തെക്കൻജില്ലകളിലും മധ്യകേരളത്തിലും മിക്കയിടങ്ങളിലും മഴകിട്ടുമെന്നും ഇതോടെ പകൽ ചൂട് കുറയുമെന്നുമാണ് പ്രതീക്ഷ. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴക്കൊപ്പം ഇടി മിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർവരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. അതേസമയം വരുന്ന ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽസിയസ്, കോഴിക്കോട്, കണ്ണൂർ തൃശൂർ ജില്ലകളിൽ 38 ഡിഗ്രി സെൽസിയസായും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ രാത്രിവരെ തീരപ്രദേശത്ത് ഉയർന്ന തിരമാലക്കുള്ള ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ഒരു മീറ്റർവരെ തിരമാലകൾ ഉയരാം, തീരത്ത് താമസിക്കുന്നവരും മത്സ്യതൊഴിലാളികളും ജാഗ്രതപാലിക്കണമെന്നും ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു

Verified by MonsterInsights