ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി; ഗുജറാത്ത് ടൈറ്റൻസ് മുംബൈയെ തോൽപ്പിച്ചു

അഹമ്മദാബാദ്: ഐപിഎൽ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 55 റൺസിന് തോൽപിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയ ഗുജറാത്ത് അനായാസ വിജയം കുറിച്ചു. മുംബൈയ്ക്ക് വേണ്ടി നേഹല്‍ വധേരയും കാമറൂണ്‍ ഗ്രീനും മാത്രമാണ് തിളങ്ങിയത്. 

ഗുജറാത്ത് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച മുംബൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ എട്ട് പന്തില്‍ നിന്ന് രണ്ട് റണ്‍സെടുത്ത രോഹിത് ശര്‍മയെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. രോഹിത്തിന് പകരം വന്ന കാമറൂണ്‍ ഗ്രീനിന്റെ ചെറുത്തുനില്‍പ്പ് മുംബൈ ഇന്ത്യന്‍സിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.

ഒരുവശത്ത് ഗ്രീന്‍ നന്നായി ബാറ്റുവീശിയപ്പോള്‍ മറുവശത്ത് ഇഷാന്‍ കിഷന്‍ റൺസ് കണ്ടെത്താൻ വിഷമിച്ചു. 21 പന്തില്‍ 13 റണ്‍സെടുത്ത താരത്തെ റാഷിദ് ഖാന്‍ പുറത്താക്കി. പിന്നാലെ വന്ന തിലക് വര്‍മയെ രണ്ട് റണ്‍സില്‍ പുറത്താക്കി റാഷിദ് മത്സരത്തില്‍ ഗുജറാത്തിന് ആധിപത്യം നല്‍കി.

അധികം വൈകാതെ ഗ്രീനിന്റെ പോരാട്ടവും അവസാനിച്ചു. 26 പന്തില്‍ 33 റണ്‍സെടുത്ത താരത്തെ നൂര്‍ അഹമ്മദ് ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ ടിം ഡേവിഡിനെയും മടക്കി നൂര്‍ അഹമ്മദ് മുബൈയ്ക്ക് കനത്ത തിരിച്ചടി സമ്മാനിച്ചു. ഇതോടെ മുംബൈ 10.4 ഓവറില്‍ 5 വിക്കറ്റിന് 59 റണ്‍സ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

പിന്നീട് ക്രീസിലൊന്നിച്ച സൂര്യകുമാര്‍ യാദവും നേഹല്‍ വധേരയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഈ കൂട്ടുകെട്ടും അധികദൂരം പോയില്ല. 12 പന്തില്‍ 23 റണ്‍സെടുത്ത സൂര്യകുമാറിനെ മടക്കി നൂര്‍ അഹമ്മദ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

വധേരയും പീയുഷ് ചൗളയും ചേര്‍ന്ന് ടീം സ്‌കോര്‍ 130 കടത്തി. എന്നാല്‍ 18 റണ്‍സെടുത്ത ചൗളയെ റണ്‍ ഔട്ടാക്കി ഗുജറാത്ത് മത്സരത്തില്‍ പിടിമുറുക്കി. പിന്നാലെ വധേരയും പുറത്തായി. 21 പന്തില്‍ 40 റണ്‍സെടുത്ത താരത്തെ മോഹിത് ശര്‍മയാണ് പുറത്താക്കിയത്. ഇതോടെ ഗുജറാത്ത് വിജയമുറപ്പിച്ചു.

അവസാന ഓവറില്‍ അര്‍ജുന്‍ ടെൻഡുല്‍ക്കര്‍ പുറത്തായി. 13 റണ്‍സെടുത്ത താരത്തെ മോഹിത് ശര്‍മ പുറത്താക്കി. ബെഹ്‌റെന്‍ഡോര്‍ഫും (3) മെറെഡിത്തും (0) പുറത്താവാതെ നിന്നു.

ഗുജറാത്തിന് വേണ്ടി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ റാഷിദ് ഖാന്‍, മോഹിത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഹാര്‍ദിക് ഒരു വിക്കറ്റ് വീഴ്ത്തി. 

ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്ലിന്റെയും ഡേവിഡ് മില്ലറിന്റെയും അഭിനവ് മനോഹറിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണറായ വൃദ്ധിമാന്‍ സാഹയെ നഷ്ടമായി. മൂന്നാം ഓവറില്‍ നാല് റണ്‍സെടുത്ത താരത്തെ അര്‍ജുന്‍ ടെൻഡുല്‍ക്കര്‍ പുറത്താക്കി. പിന്നാലെ വന്ന ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ അടിച്ചുതകര്‍ത്തു.

34 പന്തില്‍ നിന്ന് ഏഴ് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ ഗില്‍ 56 റണ്‍സെടുത്തു. അഭിനവും മില്ലറും ചേര്‍ന്ന് അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ വെറും 35 പന്തുകളില്‍ നിന്ന് 71 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.34 പന്തില്‍ നിന്ന് ഏഴ് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ ഗില്‍ 56 റണ്‍സെടുത്തു. അഭിനവും മില്ലറും ചേര്‍ന്ന് അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ വെറും 35 പന്തുകളില്‍ നിന്ന് 71 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്..

ബെഹ്‌റെന്‍ഡോര്‍ഫ് ചെയ്ത അവസാന ഓവറിലെ ആദ്യ രണ്ട് പന്തിലും സിക്‌സടിച്ച് തെവാത്തിയ ടീം സ്‌കോര്‍ 200 കടത്തി. മുംബൈയ്ക്ക് വേണ്ടി പീയുഷ് ചൗള രണ്ട് വിക്കറ്റെടുത്തു. അര്‍ജുന്‍ ടെൻഡുല്‍ക്കര്‍, ബെഹ്‌റെന്‍ഡോര്‍ഫ്, മെറെഡിത്ത്, കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Verified by MonsterInsights