വയനാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ അതിരൂക്ഷ കാട്ടാന ശല്യം. മൂഴിമല, കാപ്പിക്കുന്ന് എന്നിവിടങ്ങള്‍ക്ക് പുറമേ തളിപ്പുഴയിലും കാട്ടാന നാശം വിതയ്ക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി തളിപ്പുഴ നിവാസികള്‍ ആകെ ഭയത്തിലാണ്. പരാതിപ്പെട്ടിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. നിരവധി കൃഷിയിടങ്ങളാണ് ഇവ നശിപ്പിച്ചിരിക്കുന്നത്. പൂക്കോട് തടാകം ജംഗ്ഷന് സമീപമാണ് കഴിഞ്ഞ ദിവസം കാട്ടാനകള്‍ ഇറങ്ങിയത്
ഈ ഭാഗത്താണ് കൃഷിയിടങ്ങളെല്ലാം നശിപ്പിച്ചത്. റിസോര്‍ട്ട് പരിസരത്തെ പൂച്ചെട്ടികളും, മറ്റ് സാമഗ്രികളും കാട്ടാന തകര്‍ത്തു. ഇവിടെ തന്നെയുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. കാടുകയറിയത് അതിന് ശേഷമാണ്.അതേസമയം പകല്‍സമയങ്ങളില്‍ പോലും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പലര്‍ക്കും പുറത്തിറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
തളിപ്പുഴയ്ക്ക് സമീപം തന്നെ അറമല മേഖലയിലുണ്ട്. കാട്ടാനക്കൂട്ടം എത്തുന്നത് ഇവിടെ നിന്നാണ്. അറമല ഭാഗത്ത് രണ്ടാഴ്ച്ചയോളമായി കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. മറ്റൊരു പരാതി വനംവകുപ്പിനെ കുറിച്ചാണ്. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി നാശനഷ്ടമുണ്ടാക്കിയിട്ടും വനംവകുപ്പിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന ഇടപെടലാണ് ഉള്ളത്. വനാതിര്‍ത്തികളിലും ആവശ്യത്തിന് പ്രതിരോധ സംവിധാനങ്ങളില്ല. ഇവിടെയും നാട്ടുകാര്‍ ശക്തമായ പ്രക്ഷോഭത്തിനാണ് ഒരുങ്ങുന്നത്.