ഭൂമിക്കടിയിൽ 700 കിലോമീറ്റർ താഴെ ഭീമൻ സമുദ്രം; ഇവിടെയുള്ളത് ഭൂമിയിലാകെയുള്ള സമുദ്ര ജലത്തിന്‍റെ മൂന്നിരട്ടി!

ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന ഭീമാകാരമായ സമുദ്രമുണ്ടെന്ന് ശാസ്ത്രജ്ഞർ. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 700 കിലോമീറ്റർ താഴെയാണ് ജലസംഭരണിയിലെന്ന പോലെ വെള്ളമുള്ളത്. റിംഗ്‌വുഡൈറ്റ് എന്നറിയപ്പെടുന്ന പാറക്കെട്ടുകളിലാണ് വെള്ളം സംഭരിച്ചിരിക്കുന്നത്. ഈ ഭൂഗർഭ സമുദ്രത്തിൽ ഭൂമിയിലാകെയുള്ള സമുദ്രങ്ങളുടെ മൂന്നിരട്ടി വെള്ളമുണ്ടെന്നും ഗവേഷകർ പറയുന്നു. ഇല്ലിനോയിയിലെ ഇവാൻസ്റ്റണിലുള്ള നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ.

ഭൂമിയിൽ ജലത്തിന്‍റെ ഉത്ഭവത്തെ കുറിച്ചുള്ള തെരച്ചിലിലായിരുന്നു ശാസ്ത്രജ്ഞർ. ‘ഡീഹൈഡ്രേഷൻ മെൽറ്റിംഗ് അറ്റ് ദ ടോപ്പ് ഓഫ് ദി ലോവർ മാന്‍റിൽ’ എന്ന പ്രബന്ധത്തിലാണ് ഈ കണ്ടെത്തലുകള്‍ വിശദീകരിച്ചിരിക്കുന്നത്. നീല നിറമുള്ള റിംഗ്‌വുഡൈറ്റ് പാറക്കെട്ടുകളുടെ പ്രത്യേകതകളെ കുറിച്ചും ഈ പ്രബന്ധത്തിൽ പറയുന്നുണ്ട്. റിങ്‌വുഡൈറ്റ് വെള്ളം വലിച്ചെടുക്കുന്ന ഒരു സ്പോഞ്ച് പോലെയാണ്. ഹൈഡ്രജനെ ആകർഷിക്കാനും വെള്ളം തടഞ്ഞുനിർത്താനും കഴിയുന്ന ക്രിസ്റ്റൽ ഘടനയാണ് റിംഗ്‍വുഡൈറ്റിന്‍റേതെന്ന് ഗവേഷക സംഘത്തിലെ ജിയോഫിസിസ്റ്റായ സ്റ്റീവ് ജേക്കബ്സെൻ പറഞ്ഞു

ഭൂമിയിലെ മുഴുവൻ ജലചക്രത്തിൻ്റെയും തെളിവുകളിലേക്ക് ഈ കണ്ടെത്തൽ നയിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ ഭൂമിയുടെ ആഴങ്ങളിലെ ജലം കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. ഭൂമിയുടെ 410 കിലോമീറ്റർ മുതൽ 660 കിലോമീറ്റർ വരെ ആഴത്തിൽ ജല സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. 2000 ഭൂകമ്പമാപിനികൾ ഉപയോഗിച്ച് ജേക്കബ്സൻ്റെ സംഘം 500ലധികം ഭൂകമ്പങ്ങളുടെ തരംഗങ്ങൾ വിശകലനം ചെയ്തു. ഈ തരംഗങ്ങൾ ഭൂമിയുടെ അന്തർഭാഗത്ത് സഞ്ചരിക്കുകയും കാമ്പിലെത്തുകയും ചെയ്തു. ആഴങ്ങളിൽ തരംഗ വേഗത അളന്നാണ് വെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. 

Verified by MonsterInsights