അഭിമാനമാകാൻ സഞ്ജു സാംസൺ.

ജൂൺ രണ്ടുമുതൽ 29 വരെ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ഐ.സി.സി ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനായി കാത്തിരിപ്പിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിലെ പ്രധാന ചോദ്യം മലയാളി താരം സഞ്ജു സാംസണിന് അവസരമുണ്ടാകുമോ എന്നതായിരുന്നു. മിക്ക ഇന്ത്യൻ ടീം പ്രഖ്യാപനങ്ങളിലും ഒഴിവാക്കപ്പെടുന്നവരുടെ നിരയിലെ ആദ്യസ്ഥാനം സഞ്ജുവിനായിരുന്നു. ഇടയ്ക്കിടെ ലഭിച്ച അവസരങ്ങളിലാവട്ടെ, ടീമിൽ സ്ഥാനമുറപ്പിക്കാൻ ആവശ്യമായ മികവ് പുറത്തെടുക്കാൻ കഴിഞ്ഞതുമില്ല. ഇക്കുറി ഐ.പി.എല്ലിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലാകും ലോകകപ്പ് ടീമിനെയെടുക്കുക എന്ന് സെലക്ടർമാർ നേരത്തേ വ്യക്തമാക്കിയിരുന്നതാണ് സഞ്ജുവിന്റെ സാദ്ധ്യതകൾ സജീവ ചർച്ചയാക്കിയത്. മുൻതാരങ്ങളുൾപ്പടെ വിലയിരുത്തിയതുപോലെ വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജുവിന് അവസരം നൽകിയാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്.തന്നെയും ടീമിൽ ഉൾപ്പെടുത്തിയ വാർത്ത അറിഞ്ഞ ശേഷം സഞ്ജു തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു ഫോട്ടോയും അടിക്കുറിപ്പുമിട്ടു. ഇന്ത്യൻ ടീമിന്റെ ജാക്കറ്റ് അണിഞ്ഞു നിൽക്കുന്ന തന്റെ ചിത്രവും, ‘ വിയർപ്പ് തുന്നിയ കുപ്പായം” എന്ന വരികളുമായിരുന്നു ഈ വൈറൽ പോസ്റ്റ്! മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിനു വേണ്ടി വേടൻ എന്ന പേരിൽ അറിയപ്പെടുന്ന മലയാളി റാപ്പർ ഹരിദാസ് മുരളി രചിച്ച പാട്ടിന്റെ ആദ്യ വരികളാണിത്. ആ നിമിഷത്തിൽ സഞ്ജുവിന് തന്റെ ജീവിതവും കരിയറുമായി ഏറ്റവുമധികം താദാത്മ്യം നൽകാൻ കഴിയുന്ന വരികൾ ഇതുതന്നെയായിരുന്നു. ഒരുപാട് അവഗണനകൾക്കും ഒഴിവാക്കലുകൾക്കും ശേഷം കഠിനാദ്ധ്വാനത്തിലൂടെ ഇന്ത്യൻ ടീമിൽ തന്റേതായ ഇടം പിടിച്ചുവാങ്ങുകയായിരുന്നു സഞ്ജു.

ഈ സീസൺ ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നത്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനായ സഞ്ജു സീസണിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് നാല് അർദ്ധസെഞ്ച്വറികളടക്കം 385 റൺസ് നേടിക്കഴിഞ്ഞു.ഐ.പി.എല്ലിൽ ആദ്യ മത്സരങ്ങളിൽ മികവു കാട്ടുകയും പിന്നീട് സ്ഥിരത കാട്ടാതിരിക്കുകയും ചെയ്യുന്നു എന്ന പരാതിക്ക് ഇക്കുറി ഇടം നൽകിയില്ല. റൺ സ്കോറിംഗിൽ ഒന്നാം സ്ഥാനത്തുള്ള വിരാടിനേക്കാൾ ബാറ്റിംഗ് ആവറേജിലും സ്ട്രൈക്ക് റേറ്റിലും മുന്നിലാണ് സഞ്ജു. 2015-ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയെങ്കിലും സഞ്ജുവിന് 25 അന്താരാഷ്ട്ര ട്വന്റി- 20 മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചത്. ആദ്യമായാണ് ഒരു ഐ.സി.സി ടൂർണമെന്റിനുള്ള ടീമിലെത്തുന്നത്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. അതിനു ശേഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയിൽ കളിക്കുകയും ഇന്ത്യൻ കുപ്പായത്തിലെ ആദ്യ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.

 

കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ തുടങ്ങിയവർക്ക് ഇടം നേടാനാകാത്ത ടീമിലേക്കാണ് സഞ്ജു എത്തിയിരിക്കുന്നത്. സെലക്ടർമാരുടെ മാത്രമല്ല,​ ആരാധകരുടെയും പ്രതീക്ഷകൾ സഫലമാക്കേണ്ട വലിയ ഉത്തരവാദിത്വം സഞ്ജുവിനുണ്ട്. ഇന്ത്യൻ ടീമിൽ കയറിയും ഇറങ്ങിയും പലതവണ എത്തിയ സഞ്ജുവിന് തന്റെ സ്ഥാനം സ്ഥിരമാക്കാനുള്ള സുവർണാവസരവുമാണിത്. അത് മറ്റാരെക്കാളും നന്നായി അറിയുന്നതും സഞ്ജുവിനാണ്. അതുകൊണ്ടുതന്നെ ഇനിയും വിയർപ്പൊഴുക്കാൻ സഞ്ജു തയ്യാറാകും, തീർച്ച. 1983-ൽ ആദ്യ ഏകദിന ലോകകപ്പ് നേട്ടത്തിലെ 15 അംഗ ടീമിൽ മറുനാടൻ മലയാളിയായ സുനിൽ വൽസനുണ്ടായിരുന്നു. 2007-ലെ ട്വന്റി-20 ലോകകപ്പിലെയും 2011-ലെ ഏകദിന ലോകകപ്പിലെയും കിരീട‌ങ്ങളിൽ ശ്രീശാന്തിന്റെ കയ്യൊപ്പുണ്ടായിരുന്നു. ഇന്ത്യയുടെ അടുത്ത ലോകകപ്പ് നേട്ടത്തിലെ മലയാളി സ്പർശമായി മാറാൻ സഞ്ജുവിന് കഴിയട്ടെ.

Verified by MonsterInsights