സംസ്ഥാനത്ത് ഇന്നും പരക്കെ മഴ , ഏഴ് ജില്ലകളില്‍ അവധി.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട് പുറപ്പെടുവിച്ചു. ഏഴ് ജില്ലകളില്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇതിന് പുറമെ പാലക്കാട് ജില്ലയില്‍ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  ഇടുക്കിയിലും എറണാകുളത്തും ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. 

വയനാട് രക്ഷാദൗത്യം നാലാംദിനത്തിലേക്ക് കടന്നു. ചാലിയാറില്‍ തിരച്ചില്‍ നടത്തുന്നതിനായി പൊലീസ് നേവിയുടെ സഹായം തേടിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ നേവിയുടെ ഹെലികോപ്റ്റര്‍ എത്തും.   മുണ്ടക്കൈയില്‍ ആറ് മേഖലകളായി തിരിഞ്ഞാണ് ഇന്നത്തെ തിരച്ചില്‍. പൊലീസിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം കോസ്റ്റ്ഗാര്‍ഡ്, ഫോറസ്റ്റ്, നേവി ടീമുകളും തിരച്ചില്‍ നടത്തും. നാല് ഡോഗ് സ്ക്വാഡ് കൂടി തമിഴ്നാട്ടില്‍നിന്ന് ഇന്നെത്തും. ബെയ്‌ലി പാലത്തിലൂടെ 25 ആംബുലന്‍സുകള്‍ എത്തിക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ ചുറ്റുമുള്ള എട്ട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും പരിശോധന നടത്തും. 

316 മരണമാണ് ഉരുള്‍പൊട്ടലില്‍ ഇതുവരെ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ 23 പേര്‍ കുട്ടികളാണ്. ചാലിയാറില്‍നിന്ന് ഇതുവരെ  172 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 298 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Verified by MonsterInsights