പ്രഭവകേന്ദ്രം 1550 മീറ്റർ ഉയരത്തിൽ, ഇവിടെ മുമ്പും ഉരുൾപൊട്ടൽ; പാറക്കൂട്ടം ഒഴുകിയത് 8 കിലോമീറ്ററോളം.

വയനാട്ടിലെ ചൂരൽമലയലുണ്ടായ ഉരുൾപൊട്ടലിന്റെ ഉപഗ്രഹചിത്രവും ആഘാതഭൂപടവും പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽനിന്ന് 1,550 മീറ്റർ ഉയരത്തിലാണെന്നാണ് ഐ.എസ്.ആർ.ഒ. പുറത്തുവിട്ട വിവരത്തിൽവ്യക്തമാവുന്നത്. പ്രഭവകേന്ദ്രത്തിന്റെ വ്യാപ്തി ഏതാണ്ട് 86,000 ചതുരശ്രമീറ്ററാണ്. എട്ടുകിലോമീറ്ററോളം ദൂരം പാറക്കൂട്ടം ഒഴുകിയെത്തിയെന്നും ഐ.എസ്.ആർ.ഒ. പുറത്തുവിട്ട വിവരത്തിൽ വ്യക്തമാക്കുന്നു.

ദുരന്തത്തിന് മുമ്പ് 2023 മേയ് 22-ന് കാർടോസാറ്റ് മൂന്ന് പകർത്തിയ ചിത്രങ്ങളും ഉരുൾപൊട്ടലിന് ശേഷം ബുധനാഴ്ച റിസാറ്റും പകർത്തിയ ചിത്രങ്ങളുമാണ് പുറത്തുവിട്ടത്. നിലവിലെ പ്രഭവകേന്ദ്രം മുമ്പ് ഉരുൾപൊട്ടലുണ്ടായ സ്ഥലമാണെന്നും പാറക്കൂട്ടവും മണ്ണും ഒഴുകിയെത്തി ഇരുവഴിഞ്ഞിപ്പുഴയുടെ കരകൾ കവർന്നും ഐ.എസ്.ആർ.ഒ. വ്യക്തമാക്കുന്നു. പുഴയുടെ കരയിലെ വീടുകൾക്കടക്കം കേടുപാടുണ്ടായെന്നും പുറത്തുവിട്ട വിവരത്തിലുണ്ട്.

ഇസ്രോ’യുടെ കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്റർ ഹൈദരാബാദ് കഴിഞ്ഞദിവസം പുറത്തുവിട്ട ഉപഗ്രഹങ്ങളുടെ ഇമേജിങ് വഴി തയ്യാറാക്കിയിട്ടുള്ളതാണ് ആഘാതഭൂപടം. 40 വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനോട് അടുത്താണ് പുതിയ ഉരൾപൊട്ടലിന്റെ പ്രഭവകേന്ദ്രമെന്നാണ് ആഘാതഭൂപടത്തിൽനിന്ന് വ്യക്തമാവുന്നത്. 1984 ജൂലായ് ഒന്നിനുണ്ടായ അപകടത്തിൽ 14 പേരുടെ ജീവൻനഷ്ടമായിരുന്നു.

Verified by MonsterInsights