ലോക്ഡൗണ്‍ ബാധിച്ചത് ഭൂമിയെയും മനുഷ്യനെയും മാത്രമല്ല ചന്ദ്രനെയും; പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ഈ അടുത്തകാലത്ത് ലോകം നേരിട്ട ഏറ്റവും വലിയ മഹാമാരി ആയിരുന്നു കൊവിഡ്-19. ജനജീവിതം സ്തംഭിച്ച ലോക്ക്ഡൗണ്‍ കാലം മാനസികമായും ശാരീരികമായും മനുഷ്യനെ ബാധിച്ചു. എന്നാല്‍ ഇപ്പോഴിതാ പുതിയൊരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പറഞ്ഞിരിക്കുന്നത് മനുഷ്യനെയും ഭൂമിയെയും മാത്രമല്ല ചന്ദ്രനെയും ലോക്ക്ഡൗണ്‍ കാര്യമായി ബാധിച്ചുവെന്നാണ് .

അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ നിന്നുള്ള കെ ദുര്‍ഗപ്രസാദും ജി അമ്പിളിയുമാണ് ചന്ദ്രനെ വിശകലനം ചെയ്തത്. കോവിഡ് ലോക്ക്ഡൗണുകള്‍ ചന്ദ്രന്റെ താപനിലയെ സ്വാധീനിച്ചുവെന്നാണ് കണ്ടെത്തല്‍. റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ പിയര്‍ റിവ്യൂഡ് പ്രതിമാസ അറിയിപ്പുകളില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2020 ലെ ലോക്ക്ഡൗണ്‍ കാലയളവിലെ ഏപ്രില്‍, മെയ് മാസങ്ങളിലാണ് ചന്ദ്രോപരിതല താപനിലയില്‍ അസാധാരണമായ കുറവ് സംഭവിച്ചത്.

ലോക്ക്ഡൗണ്‍ സമയത്ത് ഭൂമിയില്‍ നിന്ന് പുറത്തേക്ക് പോകുന്ന വികിരണം കുറഞ്ഞതാണ് താപനില കുറയാന്‍ കാരണം. മനുഷ്യന്റെ ഇടപെടലുകള്‍ കുറവായതിനാല്‍ ഹരിതഗൃഹവാതക ബഹിര്‍ഗമനത്തിലും എയ്റോസോളിലെ കേടുപാടുകള്‍ക്കും കുറവ് സംഭവിച്ചു. ഇത് ഭൂമിയുടെ അന്തരീക്ഷത്തിലെ ചൂട് കുറയുന്നതിന് കാരണമായി. ഇതാണ് ചന്ദ്രന്റെ താപനിലയെയും സ്വാധീനിച്ചതെന്നാണ് പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നാസയുടെ ലൂണാര്‍ കെക്കണൈസന്‍സ് ഓര്‍ബിറ്റില്‍ നിന്നുള്ള ഡേറ്റയാണ് ഇതിനായി ഉപയോഗിച്ചത്. മറ്റ് വര്‍ഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലോക്ക്ഡൗണ്‍ കാലയളവില്‍ ചന്ദ്രനിലെ താപനിലയില്‍ 8-10 കെല്‍വിന്‍ വ്യത്യാസം കാണാന്‍ സാധിച്ചെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

Verified by MonsterInsights