ഇനി കാഴ്ച്ച നൽകാനും എഐ; കൃത്രിമക്കണ്ണുകള്‍ വികസിപ്പിച്ച് ശാസ്ത്ര ലോകം

ഓരോ ദിവസവും ശാസ്ത്ര ലോകം പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള പുതിയ ഒരു കണ്ടുപിടുത്തമാണ് കാഴ്ച്ചയില്ലാത്തവർക്ക് ആശ്വാസമായി മാറിയിരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലിതാ ലോകത്ത് ആദ്യമായി ‘ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം’ അഥവാ ബയോണിക് ഐ എന്ന അത്യാധുനിക സാങ്കേതിക വിദ്യ കണ്ടുപിടിച്ചിരിക്കുകയാണ് ​ഗവേഷകർ. ഇതിൻ്റെ സഹായത്തോടെ കൃത്രിമ കണ്ണുകള്‍ വികസിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മോനാഷ് സര്‍വകലാശാലയിലെ ഗവേഷകര്‍.

കണ്ണുകളില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ കൈമാറുന്ന നാഡികളാണ് ഒപ്റ്റിക് നാഡികള്‍. ഇവയ്ക്ക് തകരാറ് സംഭവിച്ചാല്‍ പിന്നീട് അത് കാഴ്ച്ചാശക്തിയെ ബാധിക്കും. എന്നാൽ പുതിയ കണ്ടെത്തൽ വഴി തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം തലച്ചോറിന്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്‌നലുകള്‍ അയയ്ക്കും. ഇതിലൂടെ കാഴ്ചയില്ലാത്തവര്‍ക്ക് വസ്തുക്കള്‍ കാണാന്‍ സാധിക്കും.

എന്താണ് ​ഗവേഷകർ കണ്ടെത്തിയ ബയോണിക് ഐ

കണ്ണിൻ്റെ രൂപത്തിൽ മിനിയേച്ചര്‍ ക്യാമറയും വിഷന്‍ പ്രൊസസറും അടങ്ങിയതാണ് ബയോണിക് ഐ. ഒപ്പം ഒരാൾക്ക് ലഭിക്കുന്ന വിഷ്വല്‍ ഡാറ്റ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും തലച്ചോറില്‍ ടൈലുകള്‍, വയര്‍ലെസ് റിസീവറുകള്‍, മൈക്രോ ഇലക്ട്രോഡുകള്‍ എന്നിവയും സ്ഥാപിക്കും. ഒട്ടം കാഴ്ച്ച പരിധി ഇല്ലാത്തവരിലാണ് ബയോണിക് വിഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുക.

ക്യാമറയില്‍ പതിയുന്ന ചിത്രങ്ങളില്‍ നിന്ന് പ്രോസസര്‍ ഡാറ്റ തലച്ചോറില്‍ സ്ഥാപിച്ചിരിക്കുന്ന ടൈലുകളിലേക്ക് സിഗ്‌നല്‍ ആയി അയക്കുന്നു. തുടര്‍ന്ന് മസ്തിഷ്‌കത്തിന്റെ പ്രാഥമിക വിഷ്വല്‍ കോര്‍ട്ടക്‌സില്‍ സ്ഥാപിച്ചിരിക്കുന്ന മൈക്രോ ഇലക്ട്രോഡുകള്‍ തലച്ചോറിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുകയും ഇത് ഫോസ്‌ഫെന്‍സ് എന്ന പ്രകാശത്തിന്റെ ഫ്‌ലാഷുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം ഫോസ്‌ഫെനുകളെ ചിത്രങ്ങളായി വ്യാഖ്യാനിക്കാന്‍ തലച്ചോർ സഹായിക്കും. ഒട്ടും വൈകാതെ തന്നെ ഇത് മനുഷ്യരില്‍ ഉപയോഗിച്ച് തുടങ്ങുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാഴ്ചയില്ലാത്ത നിരവധി ആളുകള്‍ക്ക് കാഴ്ച വീണ്ടെടുക്കുന്നതിന് ഒരു പ്രതീക്ഷയാണ് ജെന്നാരിസ് സിസ്റ്റം നല്‍കുന്നതാണ്.

Verified by MonsterInsights