ശുക്രൻ്റെ നിഗൂഢതകൾ തേടി ‘ശുക്രയാൻ 1’; ഐഎസ്ആർഒയുടെ ദൗത്യപേടകം 2028 മാർച്ച് 29ന് വിക്ഷേപിക്കും

ശുക്രനിലേക്ക് പര്യവേഷണം നടത്താൻ വീനസ് ഓർബിറ്റർ മിഷനുമായി (വിഒഎം) ഐഎസ്ആർഒ. 2028 മാർച്ച് 29ന് ശുക്ര ദൗത്യത്തിനുള്ള പേടകം വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ‘ശുക്രയാൻ 1’ എന്നാണ് ദൗത്യത്തിന് ഐഎസ്ആർഒ പേരിട്ടിരിക്കുന്നത്. വിജയകരമായ മംഗൾയാൻ, ചന്ദ്രയാൻ ദൗത്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ ശുക്രൻ്റെ നിഗൂഢതകളിലേയ്ക്ക് വെളിച്ചം വീശാനുള്ള ദൗത്യത്തിന് ഐഎസ്ആർഒ തയ്യാറെടുക്കുന്നത്. പേടകത്തിൻ്റെ ശുക്രനിലേയ്ക്കുള്ള യാത്രയ്ക്ക് 112 ദിവസമെടുക്കുമെന്നാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസി അറിയിച്ചിരിക്കുന്നത്.

 

ശുക്രനിലേക്കുള്ള ദൗത്യത്തിൽ ബഹിരാകാശ പേടകത്തെ മുന്നോട്ട് നയിക്കാൻ ശക്തമായ എൽവിഎം-3 (ലോഞ്ച് വെഹിക്കിൾ മാർക്ക് 3) റോക്കറ്റാണ് ഉപയോഗിക്കുക.2028 മാർച്ച് 29ന് വിക്ഷേപിക്കുന്ന പേടകം 2028 ജൂലൈ 19-ന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ശുക്രൻ്റെ അന്തരീക്ഷം, ഉപരിതലം, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്നിവ ഒരു കൂട്ടം നൂതനമായ ശാസ്ത്രോപകരണങ്ങൾ ഉപയോഗിച്ച് പഠിക്കാനാണ് വീനസ് ഓർബിറ്റർ ലക്ഷ്യമിടുന്നത്. ഗ്രഹത്തിൻ്റെ അന്തരീക്ഷ ഘടന, ഉപരിതല സവിശേഷതകൾ, അഗ്നിപർവ്വത അല്ലെങ്കിൽ ഭൂകമ്പ ചലനങ്ങൾ എന്നിവയെക്കുറിച്ച് പര്യവേഷണം നടത്തുക എന്നതാണ് ദൗത്യത്തിൻ്റെ പ്രാഥമിക ലക്ഷ്യങ്ങൾ.

സിന്തറ്റിക് അപ്പേർച്ചർ റഡാർ, ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് ക്യാമറകൾ, ശുക്രൻ്റെ അയണമണ്ഡലത്തെ (അയണോസ്ഫിയർ) കുറിച്ച് പഠിക്കാനുള്ള സെൻസറുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ പേടകം വഹിക്കും. ശുക്രൻ്റെ കട്ടിയുള്ളതും കാർബൺ ഡൈ ഓക്സൈഡ് നിറഞ്ഞതുമായ അന്തരീക്ഷത്തിൻ്റെ രഹസ്യങ്ങൾ കണ്ടെത്താനും ഗ്രഹത്തിൻ്റെ ഉപരിതലത്തിൽ സജീവമായ അഗ്നിപർവ്വതങ്ങളുടെ സാധ്യത പര്യവേക്ഷണം ചെയ്യാനും ഈ ഉപകരണങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കും

ഐഎസ്ആർഒ ശുക്രനിലേയ്ക്ക് അയക്കുന്ന വീനസ് ഓർബിറ്റർ മിഷനിൽ ശുക്രൻ്റെ അന്തരീക്ഷം, ഉപരിതലം, പ്ലാസ്മ പരിസ്ഥിതി എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരുകൂട്ടം ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

വിഎസ്എആർ (വീനസ് എസ്-ബാൻഡ് സിന്തറ്റിക് അപ്പേർച്ചർ റഡാർ): സജീവമായ അഗ്നിപർവ്വതങ്ങൾ കണ്ടെത്താനും തിരയാനും ഉയർന്ന മിഴിവോടെ ശുക്രനെ മാപ്പ് ചെയ്യാനും കഴിയുന്ന ഉപകരണമാണ് വിഎസ്എആർ. ഇത് ഗ്രഹത്തിൻ്റെ ഭൂപ്രകൃതിയെയും ഉപരിതല സവിശേഷതകളെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ നൽകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിഎസ്ഇഎഎം (വീനസ് സർഫേസ് എമിസിവിറ്റി ആൻഡ് അറ്റ്മോസ്ഫെറിക് മാപ്പർ): ഈ ഹൈപ്പർസ്പെക്ട്രൽ സ്പെക്ട്രോമീറ്റർ ശുക്രൻ്റെ ഉപരിതലത്തെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും പഠിക്കും, അഗ്നിപർവ്വത ഹോട്ട്സ്പോട്ടുകൾ, ധൂമപടലങ്ങളുടെ ഘടന, ജലം നീരാവിയാകുന്നതിൻ്റെ മാപ്പിംഗ് എന്നിവയെക്കുറിച്ചാവും പഠിക്കുക.

വിറ്റിസി (വീനസ് തെർമൽ ക്യാമറ): ശുക്രൻ്റെ മേഘങ്ങളിൽ നിന്നുള്ള താപ ഉദ്‌വമനം മാപ്പ് ചെയ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് വീനസ് തെർമൽ ക്യാമറ. അന്തരീക്ഷ ചലനാത്മകതയെയും പ്ലാനിറ്ററി-സ്കെയിലിൻ്റെ സവിശേഷതകളെ കുറിച്ചുള്ള നിർണായക ഡാറ്റകളും ഇത് നൽകും.

വിസിഎംസി (വീനസ് ക്ലൗഡ് മോണിറ്ററിംഗ് ക്യാമറ): ഈ യുവി- വിസിബിൾ വേവ് ലെംഗ്ത്ത് ക്യാമറ അന്തരീക്ഷ ചലനത്തിൻ്റെ ഡൈനാമിക്‌സ് ക്യാപ്‌ചർ ചെയ്യുകയും തരംഗ പ്രതിഭാസങ്ങളെയും മിന്നലിനെയും കുറിച്ച് പഠിക്കുകയും ചെയ്യും.

ലൈവ് (ശുക്രനുള്ള മിന്നൽ ഉപകരണം): ഈ ഉപകരണം ശുക്രൻ്റെ അന്തരീക്ഷത്തിലെ വൈദ്യുത പ്രവർത്തനം കണ്ടെത്തും. മിന്നലും പ്ലാസ്മ എമിഷനും ഇത് വിശകലനം ചെയ്യും.

വിഎഎസ്പി (വീനസ് അറ്റ്മോസ്ഫെറിക് സ്പെക്ട്രോപോളാരിമീറ്റർ): ഈ ഉപകരണം ക്ലൗഡ് പ്രോപ്പർട്ടികൾ,ശുക്രനുള്ളിലെ വായുവിൻ്റെ ചലനം എന്നിവയെക്കുറിച്ച് പഠിക്കും.

 

 

 

എസ്പിഎവി (സോളാർ ഒക്ൾട്ടേഷൻ ഫോട്ടോമെട്രി): ശുക്രൻ്റെ മെസോസ്ഫിയറിലെ എയറോസോളുകളുടെയും മൂടൽമഞ്ഞിൻ്റെയും വെർട്രിക്കിൾ ഡിസ്ട്രിബ്യൂഷനെക്കുറിച്ച് പഠിക്കും.

 

റഷ്യ, ഫ്രാൻസ്, സ്വീഡൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും ഐഎസ്ആർഒയുടെ വീനസ് ഓർബിറ്റർ മിഷനുമായി സഹകരിക്കുന്നുണ്ട്. സ്വീഡിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ഫിസിക്സ് (ഐആർഎഫ്) സൂര്യനിൽ നിന്നും ശുക്രൻ്റെ അന്തരീക്ഷത്തിൽ നിന്നുമുള്ള ചാർജ്ജ് കണങ്ങൾ തമ്മിലുള്ള പ്രതിപ്രവർത്തനം പഠിക്കാൻ വീനസ് ന്യൂട്രൽസ് അനലൈസർ (വിഎൻഎ) ഉപകരണവും മിഷന് നൽകും. ഏകദേശം 150 മില്യൺ ഡോളറാണ് വീനസ് ഓർബിറ്റർ മിഷന് ചെലവ് വരിക.

Verified by MonsterInsights