കാന്‍സറിനെതിരേ വൈറസ് ചികിത്സ; കാന്‍സര്‍ കോശങ്ങളെ വൈറസ് തുരത്തുന്നത് എങ്ങനെ?

വൈറസ് ഉപദ്രവകാരിയാണെന്നാണ് പൊതുവിശ്വാസം. ലോകത്ത് മഹാമാരികള്‍ മിക്കതും വൈറസുകളാലാണ് സംഭവിക്കാറ്. വസൂരി വൈറസും എയ്ഡ്സ് വൈറസുമൊക്കെ നമ്മളെ കൊണ്ടേപോകൂ എന്ന് തീരുമാനമെടുത്തവരാണ്. കോവിഡ് വൈറസിന്റെ കെടുതികള്‍ നമ്മെ വിട്ടുമാറുന്നതേയുള്ളൂ.

കാന്‍സര്‍കോശങ്ങളെതുരത്തുന്നതെങ്ങനെ

സ്വന്തമായിട്ട് ഒരു ജീവിതമില്ലാത്തവരാണ് വൈറസുകള്‍. സ്വയം വളരാനോ വിഭജിക്കാനോയുള്ള വിഭവങ്ങളൊന്നും അവര്‍ക്കില്ല. മറ്റുകോശങ്ങളിലോ ബാക്ടീരിയകളിലോ കയറിക്കൂടി യിട്ടുവേണം അവയ്ക്ക് അതിജീവിക്കാന്‍.എന്നാല്‍, അവയെക്കൊണ്ട് ചില ഗുണങ്ങളുമുണ്ടെന്നുള്ളത് മറക്കാവതല്ല. കാന്‍സര്‍ ചികിത്സയ്ക്ക് ചില വൈറസുകളെ ഉപയോഗിച്ചുവരുകയാണ് ഈയിടെ. കാന്‍സര്‍ കോശങ്ങള്‍ വളരവേഗം വിഭജിക്കുന്നവയാണ്. വൈറസുകള്‍ക്ക് ഇങ്ങനെ പെട്ടെന്ന് വിഭജിക്കുന്ന കോശങ്ങളോടാണ് താത്പര്യം. ഒപ്പം അവര്‍ക്കും വിഭജിക്കാമല്ലോ.  
മാത്രമല്ല കാന്‍സര്‍ കോശങ്ങള്‍ക്ക് പ്രതിരോധശക്തിയും കുറവാണ്. വൈറസുകളാവട്ടെ കോശങ്ങള്‍ക്കുള്ളില്‍ കടന്നുകൂടിയാല്‍ അവയിലെ വിഭവങ്ങള്‍ ഉപയോഗിച്ച് വിഭജിച്ച് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സാധ്യതയില്ലേ? ഈ യുക്തി ഉപയോഗിച്ചാണ് കാന്‍സര്‍ ചികിത്സയ്ക്ക് വൈറസുകളെ ഉപയോഗിക്കാനൊരുങ്ങുന്നത്.


ഉപയോഗിക്കുന്നത് ജനിതകമാറ്റംവരുത്തിയ വൈറസുകള്‍

എന്നാല്‍, ഈ വൈറസുകള്‍ നമ്മുടെ സാധാരണ കോശങ്ങളെയും ആക്രമിച്ച് നശിപ്പിക്കുകയില്ലേ? അങ്ങനെ സംഭവിക്കണമെന്നില്ല. മേല്‍പ്പറഞ്ഞപോലെ ശീഘ്രതരമായി വിഭജിക്കുന്ന കോശങ്ങളിലാണ് ഇവ പ്രവേശിക്കാറ്. കൂടാതെ ഇപ്പോള്‍ ചികിത്സയ്ക്കുപയോഗിക്കുന്ന വൈറസുകള്‍ ജനിതകമാറ്റംവരുത്തപ്പെട്ടവയാണ്, കാന്‍സര്‍ കോശങ്ങളിലല്ലാതെ മറ്റു കോശങ്ങള്‍ക്കുള്ളില്‍ കയറിയാല്‍ത്തന്നെ ഒരു കേടുപാടുമുളവാക്കാത്തവിധം. അങ്ങനെയുള്ള അവയിലെ ജീനുകള്‍ മാറ്റിക്കളഞ്ഞിട്ടുണ്ട്.
കാന്‍സര്‍ കോശങ്ങള്‍ ചില ഒളിച്ചുകളിയില്‍ ഏര്‍പ്പെടുന്നു. കോശോപരിതലത്തിലെ ചില പ്രോട്ടീനുകള്‍ നമ്മുടെ പ്രതിരോധകോശങ്ങളെ അറിയിക്കാനുതകുന്നുണ്ട്,  ഇവയെ മാറ്റിക്കളയണം എന്നുള്ള നിര്‍ദേശത്തോടെ. എന്നാല്‍, കാന്‍സര്‍ കോശങ്ങള്‍ ഇത്തരം പ്രോട്ടീനുകളെ ഇല്ലാതാക്കുന്നു, പ്രതിരോധകോശങ്ങള്‍ ഇവയെ തിരിച്ചറിയുന്നുമില്ല. എന്നാല്‍, വൈറസുകള്‍ക്ക് അകത്തുപ്രവേശിക്കാന്‍ സൗകര്യങ്ങളൊരുക്കുമ്പോള്‍, അവ കാന്‍സര്‍ കോശങ്ങളെ പൊട്ടിച്ച് തുണ്ടുകളാക്കുമ്പോള്‍ പലപ്രോട്ടീനുകളും പുറത്തുവരും, നമ്മുടെ പ്രതിരോധകോശങ്ങള്‍ക്ക് അറിവുകിട്ടും. മാത്രമല്ല, പ്രതിരോധകോശങ്ങളെ ഊര്‍ജസ്വലരാക്കുന്ന ചില പ്രോട്ടീനുകള്‍ പുറപ്പെടുവിക്കാനുള്ള ശ്ചാത്തലവും പ്രസ്തുത വൈറസുകള്‍ ഒരുക്കുന്നുണ്ട്.

 

ചികിത്സാരീതികള്‍.
കാന്‍സര്‍ കോശങ്ങള്‍ തങ്ങള്‍ക്കുമാത്രം പെരുകിവളരാനുള്ള പ്രോട്ടീനുകള്‍ നിര്‍മിക്കാറുണ്ട്. വൈറസുകള്‍ക്കുള്ളില്‍ ഇതിനെ പ്രതിരോധിക്കുന്ന ജീനുകള്‍ കടത്തി ഈ സംഭവത്തെ ന്യൂനീകരിക്കുന്ന പ്രയോഗങ്ങള്‍ ഉടന്‍ നിലവില്‍വരുമത്രേ. ഇന്ന് ത്വക്കിന്മേലുണ്ടാകുന്ന കാന്‍സറിനാണ് (മെലനോമ) ഈ വൈറസ് ചികിത്സ ഉപയോഗിക്കപ്പെടുന്നത്. അമേരിക്കയിലെ എഫ്.ഡി.എ. (Food and Drugs Administration) അനുമതിനല്‍കിയിട്ടുണ്ട് ‘ ‘ഹെര്‍പീസ്’ വകുപ്പില്‍പ്പെട്ട ഒരു വൈറസിനെ ഈ ചികിത്സയ്ക്കുപയോഗിക്കാന്‍. വിവിധതരം കാന്‍സറുകളെ പ്രതിരോധിക്കാന്‍ മറ്റുപല വൈറസുകളും ഇതുപോലെ തയ്യാറാക്കപ്പെട്ടുവരുന്നുണ്ട്.






Verified by MonsterInsights