ഏഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ വനിതകൾക്ക് ചരിത്രത്തിലെ ആദ്യ മെഡൽ

ഏഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലാദ്യമായി മെഡൽ നേടി ഇന്ത്യൻ വനിതകൾ. സെമി ഫൈനലിൽ ജപ്പാനോട് 1-3ന് തോറ്റ ടീം വെങ്കലം കരസ്ഥമാക്കി. വനിതകളിൽ ഇന്ത്യയ്ക്ക് വേണ്ടി അ‍യ്ഹിക മുഖർജിയാണ് ആദ്യമിറങ്ങിയത്. എന്നാൽ ജപ്പാന്റെ മിവ ഹരിമോട്ടോയോട് 2-3ന് (8-11 11-9, 8-11, 13-11, 7-11) താരം പരാജയപ്പെട്ടു. തുടർന്ന് ഇന്ത്യയുടെ മനിക ബത്ര 3-0 ന് (11-6, 11-5, 11-8) സ്കോറിന് ജപ്പാന്റെ സസൂകി ഓഡോയെ വീഴ്ത്തി. ഇതോടെ ആകെ സ്കോർ 1-1 സമനിലയിലെത്തി. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ സുതീർഥ മുഖർജി 0-3ന് (9-11, 4-11, 13-15) മിമ ഇട്ടോയോടും മനിക 1-3 (3-11, 11-6, 2-11, 3-11)ന് ഹരിമോട്ടോയോടും തോറ്റതോടെ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി.

അതേ സമയം പുരുഷ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം മെഡലാണ് ഇന്ത്യ ഉറപ്പാക്കിയത്. ക്വാർട്ടർ ഫൈനലിൽ ശരത് കമൽ, മനവ് താക്കർ, ഹർമീത് ദേശായി എന്നിവരാണ് ഇന്ത്യക്കായി ഇറങ്ങിയത്. ആതിഥേയരായ കസാഖിസ്ഥാനായിരുന്നു എതിരാളികൾ. ആദ്യ മത്സരത്തിൽ മാനവ് 3-0ത്തിന് (11-9, 11-7, 11-6) കിറിൽ ഗ്രാസിമെങ്കോയെ തോൽപിച്ചപ്പോൾ ഹർമീത് 0-3ന് (6-11, 5-11, 8-11) അലൻ കുർമാൻഗ്ലിയേവിനോട് അടിയറവ് പറഞ്ഞു. എന്നാൽ ശരത് 3-0ന് (11-4, 11-7, 12-10) എയ്ഡോസ് കെൻസിഗുലേവിനെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് തിരിച്ചുവരവ് നൽകി. നിർണായക മത്സരത്തിൽ ഗ്രാസിമെങ്കോയെ 3-2ന് (6-11, 11-9, 7-11, 11-8, 11-8) ഹർമീത് വീഴ്ത്തിയതോടെ ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ രണ്ട് തവണയും പുരുഷ ടീം വെങ്കലം നേടിയിരുന്നു . ഇത്തവണ ഫൈനലിൽ പ്രവേശിച്ച് മെഡൽ നിറം മാറ്റാമെന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യയുടെ പുരുഷ ടീം.

Verified by MonsterInsights