രാജ്യത്തെ ഓരോ പൗരന്റെയും സുപ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ ഇന്ന് അത്യാവശ്യമാണ്. നിരവധി സ്ഥലങ്ങളിൽ ആധാർ സമർപ്പിക്കേണ്ടി വരുന്നതിനാൽ തന്നെ ആധാർ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതകളും ഏറെയാണ്. ഇനി ആധാർ ഉപയോഗിക്കുന്നത് ഔദ്യോഗിക ആവശ്യങ്ങൾക്കാണെങ്കിലും, ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ആധാർ സുരക്ഷിതമാക്കുന്നതിന് എന്തൊക്കെ ചെയ്യാൻ സാധിക്കും?
1. മാസ്ക്ഡ് ആധാർ ഉപയോഗിക്കുക
മാസ്ക്ഡ് ആധാർ എന്നത് ഉടമയുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത സാധാരണ ആധാർ കാർഡിൻ്റെ ഇതര പതിപ്പാണ്. രണ്ട് പതിപ്പുകളിലും ഉപയോക്താവിന്റെ പേരും ഫോട്ടോയും മറ്റ് ജനസംഖ്യാ വിശദാംശങ്ങളും കാണിക്കും അതേസമയം ഒരു ചെറിയ വ്യത്യാസം ഉണ്ട്. മാസ്‌ക് ചെയ്‌ത ആധാറിൽ, പൂർണ വിവരങ്ങൾ നൽകില്ല, കൂടാതെ, 12 അക്ക ആധാർ നമ്പറിൻ്റെ അവസാന നാല് അക്കങ്ങൾ മാത്രമേ കാണാൻ സാധിക്കുകയുള്ളു, ആദ്യത്തെ എട്ട് അക്കങ്ങൾക്ക് പകരം (XXXX-XXXX പോലുള്ളവ) മറ്റ് അക്ഷരങ്ങളായിരിക്കും ഉണ്ടാകുക. ഇതിലൂടെ സുരക്ഷിതമല്ലാത്ത ഇടത്ത് ആധാർ കാർഡ് വിവരങ്ങൾ പങ്കിടുമ്പോഴുള്ള റിസ്ക് കുറയ്ക്കാം. കൂടാതെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും ഉറപ്പാക്കാം.
2. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക
ആധാർ രേഖകളിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ എപ്പോഴും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. ഇതെന്തിനെന്നാൽ, നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അറിയിപ്പുകളും ഒട്ടിപികളും നിങ്ങൾക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഇതിലൂടെ ഉറപ്പാക്കാം.
3. ആധാർ ലോക്ക് ചെയ്ത് സൂക്ഷിക്കാം
ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനായി നിങ്ങളുടെ ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്ത് സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ അൺലോക്ക് ചെയ്യാൻ എളുപ്പമാണ്.
4. ഡൗൺലോഡ് ചെയ്തതിന് ശേഷം ആധാർ ഫയൽ ഡിലീറ്റ് ചെയ്യുക
ഏതെങ്കിലും അവസരത്തിൽ നിങ്ങളുടെ ഇ-ആധാർ ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ, ഉപയോഗം കഴിഞ്ഞാൽ ഉടൻ തന്നെ ഫയൽ ഡിലീറ്റ് ചെയ്യുക.