കൃഷിയിടത്തിൽ മൂപ്പെത്തിനിൽക്കുന്ന നേന്ത്രവാഴക്കുലയ്ക്കു കാവൽനിൽക്കേണ്ട അവസ്ഥയാണു വരാൻ പോകുന്നത്. ഒരു കിലോഗ്രാം നേന്ത്രപ്പഴത്തിനു 80 രൂപ കൊടുക്കണം. അതും കർണാടകയിൽനിന്നു വരുന്ന രണ്ടാംതരം പഴത്തിന്. നല്ല നാടൻകുലയുണ്ടെങ്കിൽ കർഷകന് കിലോഗ്രാമിന് 70 രൂപയെങ്കിലും ലഭിക്കുമെങ്കിലും കണ്ണൂർ, കാസർകോട് ജില്ലകളിൽ ആവശ്യത്തിനു വാഴക്കുലയില്ലെന്നതാണു വിപണിയിൽ പ്രതിസന്ധിയുണ്ടാക്കുന്നത്. നാടൻവാഴക്കുലകൾ തേടി വ്യാപാരികൾ കൃഷിയിടങ്ങൾ തേടിപോകുകയാണ്.
ഒരുമാസമായി നേന്ത്രന് വില കൂടിക്കൊണ്ടിരിക്കുകയാണ്. കിലോഗ്രാമിന് 100 രൂപയെത്തിയാലും അദ്ഭുതപ്പെടാനില്ല എന്നാണു വ്യാപാരികൾ പറയുന്നത്. വയനാട്ടിൽനിന്നാണ് കണ്ണൂർ, കാസർകോട് ജില്ലകളിലേക്കു നേന്ത്രൻ എത്തിയിരുന്നത്. എന്നാൽ കാലവർഷക്കെടുതിയിൽ കൃഷി നശിച്ചതു കാരണം കുലയെത്തുന്നില്ല. കഴിഞ്ഞ വർഷം കിലോഗ്രാമിന് 20 രൂപ മാത്രം ലഭിച്ചിരുന്നതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ കർഷകർ ഇക്കുറി കൃഷി കുറച്ചിരുന്നു. അതെല്ലാം വിപണിയെ വല്ലാതെ ബാധിച്ചു.
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ മൊത്തവിപണിയിലെ രണ്ടാതരം കുലകളാണ് കേരളത്തിലേക്കു വരുന്നത്. അതിനു തന്നെ പൊന്നിൻവില കൊടുക്കണം. കൃഷിത്തകർച്ച കാരണമാണ് ജില്ലയിലെ കർഷകർ വാഴക്കൃഷിയിൽനിന്നു പിന്നാക്കംപോയത്. കഴിഞ്ഞ കൊല്ലം ഈ സമയത്ത് കിലോഗ്രാമിന് 20 രൂപയായിരുന്നു വില. ഉൽപാദനചെലവുപോലും കിട്ടാതായതോടെ പലരും ഇക്കുറി കൃഷി ചെയ്തില്ല. കുരങ്ങ് ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം രൂക്ഷമായതും കൃഷിയിൽനിന്നു പിന്നാക്കം പോകാൻ കാരണമായി.
ഭക്ഷണത്തിൽ പച്ചക്കായ കുറഞ്ഞു
∙പച്ചക്കായ വില കൂടിയത് സദ്യയെയും ബാധിച്ചു. കല്യാണസീസൺ തുടങ്ങിയതോടെ സദ്യയ്ക്കു പച്ചക്കായ കൂടുതൽ വേണം. എന്നാൽ വലിയ വില കൊടുത്ത് പച്ചക്കായ വാങ്ങി സദ്യ നടത്താൻ പറ്റാത്ത സ്ഥിതിയാണെന്നാണ് കേറ്ററിങ്ങുകാർ പറയുന്നത്. അതുകൊണ്ടുതന്നെ സാമ്പാറിലൊക്കെ പച്ചക്കായ അപ്രത്യക്ഷമായിട്ടുണ്ട്. കിലോഗ്രാമിന് 80 രൂപ കൊടുത്ത് നേന്ത്രപ്പഴം വാങ്ങി പഴംപൊരിയൊന്നും ഉണ്ടാക്കാൻ കഴിയില്ലെന്നാണ് ഹോട്ടലുകാർ പറയുന്നത്. മിക്ക ചെറുകിട ഹോട്ടലുകളിൽനിന്നും പഴംപൊരി അപ്രത്യക്ഷമായിട്ടുണ്ട്. ചിലയിടത്ത് പഴംപൊരിക്ക് 15 രൂപയാക്കിയിട്ടുണ്ട്.
