സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ ആദ്യ ബാച്ച് സ്മാർട് മീറ്റർ സ്ഥാപിക്കുന്ന ജോലി മേയിൽ തുടങ്ങും. സ്മാർട് മീറ്ററും ഡേറ്റ ശേഖരണവും വ്യത്യസ്ത പാക്കേജുകളായി തിരിച്ച് ടെൻഡർ ചെയ്ത് കുറഞ്ഞ നിരക്കിൽ കരാർ ഉറപ്പിച്ചെങ്കിലും സ്മാർട് മീറ്റർ സ്ഥാപിക്കുന്ന ജോലി കെഎസ്ഇബി തന്നെ ചെയ്യേണ്ടി വരും. ഇതിനായി കെഎസ്ഇബി ജീവനക്കാരുടെ സംഘടനകളുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തു. സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിനു ജീവനക്കാർക്കു പ്രത്യേക പരിശീലനവും നൽകും.
സ്മാർട് മീറ്ററും ആശയവിനിമയ ശൃംഖലയും അനുബന്ധ സോഫ്റ്റ്‌വെയറും ഉൾപ്പെടുന്ന ഒന്നാം പാക്കേജിൽ കുറഞ്ഞ നിരക്കായ 160.9 കോടി രൂപ ക്വോട്ട് ചെയ്ത ഇസ്ക്രാമെക്കോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, രാമലിംഗം കൺസ്ട്രക്‌ഷൻ കമ്പനി ലിമിറ്റഡ് എന്നിവയുടെ കൺസോർഷ്യത്തിനാണു കരാർ ലഭിച്ചത്.

എംഡിഎംഎസ് സോഫ്റ്റ്‌വെയർ, ഇന്റഗ്രേഷൻ എന്നിവയുൾപ്പെടുന്ന രണ്ടാം പാക്കേജിൽ കുറഞ്ഞ തുകയായ 4.45 കോടി രൂപ ക്വോട്ട് ചെയ്ത ഈസിയാസോഫ്റ്റ് എന്ന കമ്പനിയുമായാണ് കരാറിലെത്തിയത്. ആദ്യത്തെ പാക്കേജ് ഒന്നര വർഷം കൊണ്ടും രണ്ടാം പാക്കേജ് ഒരു വർഷം കൊണ്ടും പൂർത്തിയാക്കണമെന്നാണു വ്യവസ്ഥ. ഇതിന്റെ ഭാഗമായാണ് ആദ്യത്തെ ബാച്ച് സ്മാർട് മീറ്റർ മേയിൽ എത്തിക്കാൻ നിർദേശം നൽകിയത്.
ഫീഡർ / ബോർഡർ, വിതരണ ട്രാൻസ്ഫോമർ എന്നിവയ്ക്കും സർക്കാർ ഓഫിസുകൾ, ഹൈടെൻഷൻ (എച്ച്ടി) ലൈൻ ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഉപയോക്താക്കൾ എന്നിവർക്കുമാണ് ആദ്യ ഘട്ടത്തിലെ 3 ലക്ഷം സ്മാർട് മീറ്ററുകൾ സ്ഥാപിക്കുന്നത്.
