വാനനിരീക്ഷകര്‍ കാത്തിരിക്കുന്ന ആകാശ വിസ്മയമായ ചന്ദ്രഗ്രഹണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യയില്‍ ഹോളി ആഘോഷങ്ങളുടെ ദിവസമായ 2025 മാർച്ച് 14 നാണ് സമ്പൂര്‍ണ ചന്ദ്രഗ്രഹണം നടക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ 11:57 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:29 ന് ചന്ദ്രഗ്രഹണം ഉച്ചസ്ഥായിയിലെത്തും. 01:01 ന് ഗ്രഹണം അവസാനിക്കുകയും ചെയ്യും. പകല്‍ വെളിച്ചത്തിലായതുകൊണ്ടു തന്നെ രാജ്യത്ത് സമ്പൂര്‍ണ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കില്ലെങ്കിലും ഗ്രഹണത്തിന്‍റെ തല്‍സമയ സംപ്രേക്ഷണങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമിയെത്തുമ്പോള്‍ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണങ്ങള്‍ പതിവാണെങ്കിലും പൂർണ്ണ ചന്ദ്രഗ്രഹണത്തിൽ ഭൂമിയുടെ നിഴലിന്റെ ഏറ്റവും ഇരുണ്ട ഭാഗമായ അംബ്ര ചന്ദ്രനെ മൂടുന്നു. ഈ സമയം ചന്ദ്രൻ പൂർണ്ണമായി ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിൽ കാണപ്പെടും. അതിനാല്‍ തന്നെ ‘രക്ത ചന്ദ്രന്‍’ (Blood Moon) എന്നാണ് പൂര്‍ണ ചന്ദ്രഗ്രഹണ സമയത്തെ ചന്ദ്രന്‍ അറിയപ്പെടുന്നത്. ഒരു മണിക്കൂറോളം ഇത്തവണ സമ്പൂര്‍ണ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കും.

