ആ നീല ലോ​ഗോ ഇനിയില്ല; പുത്തൻ ബ്രാൻഡ് ലോഗോയുമായി നോക്കിയ

അറുപത് വർഷം പഴക്കമുള്ള ബ്രാൻഡ് ലോഗോ മാറ്റാനുള്ള തീരുമാനത്തിലാണ് പ്രമുഖ ടെലികോം കമ്പനിയായ നോക്കിയ. ഞായറാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. ടെലികോം മേഖലയിൽ മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ പുതിയ മാറ്റം.

“നോക്കിയ” എന്ന വാക്ക് രൂപപ്പെടുത്തുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ലോഗോ. പഴയ ലോഗോയുടെ നീല നിറം പൂർണ്ണമായി ഉപേക്ഷിച്ചു, പകരം നിരവധി നിറങ്ങളുടെ ഒരു സംയോജനമാണ് പുതിയ ലോഗോയിലുള്ളത്.“സ്‌മാർട്ട്‌ഫോൺ വിപണിയുമായി ഞങ്ങൾക്ക് ബന്ധമുണ്ടായിരുന്നു, പക്ഷെ ഇപ്പോൾ ഞങ്ങൾ ഒരു ടെക്‌നോളജി ബിസിനസ്സ് കമ്പനിയാണ്,” നോക്കിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് പെക്ക ലൻഡ്‌മാർക്ക് റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“കഴിഞ്ഞ വർഷം കമ്പനിയ്ക്ക് എന്റർപ്രൈസസിൽ 21% വളർച്ചയുണ്ടായി, ഇത് നിലവിൽ ഞങ്ങളുടെ വിൽപ്പനയുടെ 8% ആണ്, അതായത് ഏകദേശം 2 ബില്യൺ യൂറോ (2.11 ബില്യൺ ഡോളർ), അത് കഴിയുന്നത്ര വേഗത്തിൽ ഇരട്ട അക്കത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. അതാണ് കമ്പനിയുടെ ലക്ഷ്യം.” ലൻഡ്‌മാർക്ക് പറഞ്ഞു.

പ്രമുഖ ടെക്‌നോളജി സ്ഥാപനങ്ങൾ നോക്കിയ പോലുള്ള ടെലികോം ഗിയർ നിർമ്മാതാക്കളുമായി സഹകരിച്ച് സ്വകാര്യ 5G നെറ്റ്‌വർക്കുകളും ഓട്ടോമേറ്റഡ് ഫാക്ടറികൾക്കുള്ള ഗിയറുകളും ഉപഭോക്താക്കൾക്ക് വിൽക്കുന്നുണ്ട്, ഇത് കൂടുതലും നിർമ്മാണ മേഖലയിലാണ്. നോക്കിയ അതിന്റെ വ്യത്യസ്ത ബിസിനസുകളുടെ വളർച്ചാ നിരക്ക് അവലോകനം ചെയ്യാനും ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ള ബദലുകൾ പരിഗണിക്കാനും പദ്ധതിയിടുന്നുണ്ട്.