അടിവയറിൽ കൊഴുപ്പടിയാനും സ്ട്രോക്കിനും കാരണമാകുന്ന മദ്യം; നിയന്ത്രണം വേണമെന്ന് ഐ.സി.എം.ആർ.

മദ്യോപഭോഗത്തേക്കുറിച്ച് മാർഗനിർദേശങ്ങൾ പങ്കുവെച്ച് ഐ.സി.എം.ആർ. ആരോഗ്യകരമായ ജീവിതം നയിക്കാൻ ആഹാരശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ചുനൽകിയ പതിനേഴിന മാർഗനിർദേശങ്ങളിലാണ് മദ്യപാനശീലത്തേക്കുറിച്ചുംപറഞ്ഞിരിക്കുന്നത്. മദ്യത്തിൽ അടങ്ങിയ ഈതൈൽ ആൽക്കഹോൾ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഐ.സി.എം.ആർ. പറയുന്നു.

ബിയറിൽ രണ്ടുമുതൽ അഞ്ചുശതമാനംവരെ, വൈനിൽ എട്ടുമുതൽ പത്തുശതമാനംവരെ, ബ്രാൻഡി, റം, വിസ്കി എന്നിവയിൽ മുപ്പതു മുതൽ നാൽപതുശതമാനം വരെ എന്നിങ്ങനെയാണ് ഇതിന്റെ അളവുള്ളത്. മദ്യത്തിലൂടെ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ശരീരത്തിലെത്തുകയും ഇത് അടിവയറിൽ കൊഴുപ്പടിയുന്നതിനു കാരണമാകുകയും ചെയ്യുമെന്നും ഐ.സി.എം.ആർ. പറയുന്നു.

മദ്യോപഭോഗം കൂടുന്നതിനൊപ്പം വിശപ്പ് കുറയുകയും പോഷകങ്ങൾ ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യുക വഴി ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നും ഐ.സി.എം. ആർ. വ്യക്തമാക്കുന്നു. മദ്യോപയോഗം കൂടുന്നതിലൂടെ ശരീരത്തിലേക്ക് ഈതൈൽ ആൽക്കഹോൾ കൂടുതലെത്തുന്നത് ഹൈപ്പർടെൻഷൻ, സ്ട്രോക്ക് തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.

 

വായ, അന്നനാളം, പ്രോസ്റ്റേറ്റ്, സ്തനം എന്നിവയിലെ അർബുദങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. ഹൃദയത്തിന്റെ പേശികൾ ക്ഷയിക്കുന്നതിനും ഫാറ്റി ലിവർ ഉണ്ടാകുന്നതിനും ലിവർ സിറോസിസിനും മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്നതിനുമൊക്കെ മദ്യം കാരണമാകുമെന്നും ഐ.സി.എം.ആർ. പറയുന്നു.മദ്യപാനം ആഴ്ചയിൽ ഒരിക്കലാണെങ്കിലും അളവ് പ്രധാനമാണെന്ന് വ്യക്തമാക്കുന്നൊരു പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. ആഴ്ചയിൽ കുറേശ്ശെയായി മദ്യപിക്കുന്നതിനേക്കാൾ ആപത്താണ് ആഴ്ചയിലൊരിക്കൽ അമിതമായി മദ്യപിക്കുന്നതെന്ന് പഠനത്തിൽ പറഞ്ഞിരുന്നു. യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകരായിരുന്നു പഠനം നടത്തിയത്. ലോകാരോഗ്യ സംഘടനയും മദ്യപാനം സംബന്ധിച്ച സമാനമായ പ്രസ്താവന പുറത്തിറക്കിയിരുന്നു. ആരോഗ്യത്തിന് ഹാനികരമല്ലാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്നും മദ്യപാനത്തിന്റെ ഉപയോഗം വർധിക്കുന്നതിനൊപ്പം കാൻസർ സാധ്യത കൂടി വർധിക്കുന്നുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.

 

മദ്യം ഉപേക്ഷിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്ന ചില പോസിറ്റീവായ മാറ്റങ്ങൾ

ഹൃദയാരോ​ഗ്യം മെച്ചപ്പെടും

പലരും ദിവസവും പരിമിതമായ അളവിൽ മദ്യംകഴിക്കുന്നത് ഹൃദയത്തിന് ​ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ്. എന്നാൽ, മദ്യം ശീലമാവുകയും അതിനൊപ്പം അളവു കൂടുകയുമൊക്കെ ചെയ്യുന്നത് രക്തസമ്മർദത്തിന്റെ തോതിനെ ബാധിക്കും. ഇത് ഹൃദയാരോ​ഗ്യത്തേയും തകരാറിലാക്കും. കൂടാതെ ട്രി​ഗ്ലൈസിറൈഡ്സ് എന്ന കൊഴുപ്പ് ശരീരത്തിൽ അടിയാൻ കാരണമാവുകയും ഇതും ഹൃദ്രോ​ഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം.

കരളിന്റെ ആരോ​ഗ്യം

ശരീരത്തിലെ മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറംതള്ളി വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരൾ. എന്നാൽ, മദ്യപാനം അതിരുവിടുന്നത് കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ അവസ്ഥകൾക്ക് കാരണമാവുകയും ചെയ്യും. മദ്യപാനം കുറയ്ക്കുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നത് കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തും.

ഭാരം കുറയാൻ

വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നവരും മദ്യപാനം ഉപേക്ഷിക്കുന്നത് ​ഗുണംചെയ്യും. ഒരു ​ഗ്ലാസ് ബിയറിൽ 150 കലോറിയും വൈനിൽ 120 കലോറിയുമാണുള്ളത്. ഇനി കലോറി തീരെ കുറഞ്ഞവയാണെങ്കിൽപ്പോലും മദ്യം വിശപ്പിനെ അധികരിക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കാനിടയാക്കുകയും വണ്ണംവെക്കാൻ കാരണമാവുകയും ചെയ്യും. അതിനാൽ മദ്യപാനം നിർത്തുകവഴി ശരീരഭാരവും കുറയ്ക്കാനാവും

ബന്ധങ്ങൾ സുഖകരമാക്കും

മാനസികാവസ്ഥയെ സ്വാധീനിക്കുന്നതിലും മദ്യത്തിന് വലിയ പങ്കാണുള്ളത്. സോഷ്യൽ ഡ്രിങ്കിങ് എന്ന അവസ്ഥയിൽനിന്ന് പലരും ബോധം നഷ്ടമാകും വരെ മദ്യപിക്കുന്നത് ദോഷമേ ചെയ്യൂ. മദ്യോപയോഗം കുറയ്ക്കുന്നതും നിർത്തുന്നതും ബന്ധങ്ങളിലും ജോലിയിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. കൂടാതെ വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും സഹായകമാകും.

കാൻസർ സാധ്യത കുറയ്ക്കും

മദ്യപാനം പലതരത്തിലുള്ള കാൻസറുകൾക്ക് കാരണമാകുമെന്ന് അടുത്തിടെ ഒരു പഠനത്തിൽ വ്യക്തമായിരുന്നു. വൈൻ ഉൾപ്പെടെ ആൽക്കഹോൾ അംശമുള്ള പാനീയങ്ങളെല്ലാം കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിലുണ്ടായിരുന്നത്. സ്തനാർബുദം, വായിലെ അർബുദം, കുടലിലെ അർബുദം തുടങ്ങി ഏഴോളം തരത്തിലുള്ള കാൻസറുകൾക്ക് പിന്നിൽ മദ്യത്തിന്റെ ഉപഭോഗവുമായി ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്

രക്തസമ്മർദത്തേയും മസ്തിഷ്കത്തേയും ബാധിക്കാം

വലിയ അളവിൽ മദ്യം കഴിക്കുന്നത് രക്തസമ്മർദത്തിന്റെ തോത് വർധിപ്പിക്കും. കൂടാതെ മദ്യപാനം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തേയും ബാധിക്കും. കാര്യങ്ങൾ ഓർത്തെടുക്കാനുള്ള ശേഷി കുറയുകയും മോട്ടോർ സ്കില്ലുകളെ ബാധിക്കുകയും ചെയ്യും. മദ്യം കുറയ്ക്കുന്നതിനനുസരിച്ച് ഈ ശേഷികൾ മെച്ചപ്പെടുകയും ചെയ്യും.മദ്യത്തിന് അടിമകളായിട്ടുള്ളവർ പെട്ടെന്ന് അതുപേക്ഷിക്കുന്നത് വിത്ഡ്രോവൽ സിൻഡ്രോമിലേക്ക് നയിക്കാം. ഹൃദയമിടിപ്പ് ഉയരുക, ഛർദി, കൈകൾ വിറയൽ, അമിത ഉത്കണ്ഠ തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടെങ്കിൽ വിദഗ്ധസഹായം തേടണം.

 

Verified by MonsterInsights