അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ കായികം പഠനവിഷയമാക്കും

സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ കായികം പഠനവിഷയമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ ‘പുലർകാലം’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. സ്‌പോര്‍ട്‌സിനെക്കുറിച്ചുള്ള പ്രാഥമികമായ അറിവ് കുട്ടികള്‍ക്ക് നേടിക്കൊടുക്കുക എന്നതാണ് കായികം പഠനവിഷയമാക്കുന്നത് വഴി ലക്ഷ്യമിടുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ കേരള സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍ച്ച് സെന്റര്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ ഉന്നമനത്തിനും ശാരീരിക വളർച്ചയ്ക്കും വേണ്ടി ആവിഷ്കരിക്കുന്ന സവിശേഷ പ്രവർത്തനമാണ് പുലർകാലം പദ്ധതി.

ചേളന്നൂർ എ.കെ.കെ.ആർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ കോർഡിനേറ്റർ പ്രവീൺ കുമാർ പദ്ധതി വിശദീകരണം നടത്തി.

 

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ശിവാനന്ദൻ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എൻ.എം വിമല, ജില്ലാപഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ, ഹെഡ്മിസ്ട്രസ്സ് ഷീജ ബി.എസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ സ്വാഗതവും പ്രിസിപ്പൽ മനോജ്‌ കുമാർ നന്ദിയും പറഞ്ഞു.

Verified by MonsterInsights