ചെന്നൈയ്ക്ക് തണുക്കുന്നു ; താപനില 26 ഡിഗ്രി സെല്‍ഷ്യസിലും താഴെ; ‘കാർത്തികയിലെ’ കാലാവസ്ഥാ മാറ്റത്തിനു കാരണം?

ഇന്ത്യയിലെ മെട്രോ പോളിറ്റൻ നഗരമായ ചെന്നൈയിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. എല്ലാ നവംബർ മാസവും ന​ഗരത്തിൽ താപനില കുറവാണ്. ഇത്തവണ ന​ഗരത്തിലെ താപനില 26 ഡിഗ്രി സെൽഷ്യസിലും താഴ്ന്നതായാണ് റിപ്പോർട്ടുകൾ. നവംബറിലെ കാലാവസ്ഥ മാറ്റം ഇതാദ്യമായല്ല അനുഭവപ്പെടുന്നത്. ഈ കാലയളവിൽ തമിഴ്‌നാട്ടിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കനത്ത മഴ ലഭിക്കാതായതാണ് ഈ കാലാവസ്ഥ മാറ്റത്തിന് കാരണം.

തിങ്കളാഴ്ച തമിഴ്‌നാട്ടിലെ നുങ്കമ്പാക്കത്തും മീനമ്പാക്കത്തും യഥാക്രമം 24.9 ഡിഗ്രി സെൽഷ്യസും 25.6 ഡിഗ്രി സെൽഷ്യസും താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് സംസ്ഥാനത്ത് അനുഭവപ്പെടുന്ന ശരാശരി താപനിലയേക്കാൾ അഞ്ച് ഡിഗ്രി സെൽഷ്യസ് കുറവാണ്.

എന്നാൽ ഈ പ്രതിഭാസം ഒറ്റദിവസം കൊണ്ട് തീർന്നിരുന്നില്ല. തുടർച്ചയായ രണ്ടാം ദിവസം, അതായത് ചൊവ്വാഴ്ചയും നഗരത്തിൽ ശരാശരിയിൽ താഴെയുള്ള താപനിലയാണ് രേഖപ്പെടുത്തിയത്. എന്നാൽ തിങ്കളാഴ്ചയേക്കാൾ സ്ഥിതി അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. രണ്ട് കാലാവസ്ഥാ സ്റ്റേഷനുകളിലും യഥാക്രമം 26.5 ഡിഗ്രി സെൽഷ്യസും 27. 3 ഡിഗ്രി സെൽഷ്യസും താപനിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.

മീനമ്പാക്കം ഒബ്‌സർവേറ്ററിയിലെ സൺഷൈൻ റെക്കോർഡർ രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയിൽ ഒരു സൂര്യപ്രകാശത്തിൽ നിന്നുള്ള കഠിനമായ താപനില രേഖപ്പെടുത്തിയിരുന്നില്ല. ഈ സമയത്ത് ആകാശം മേഘാവൃതമായിരുന്നുവെന്നും അതിനാൽ ഉച്ചയ്ക്ക് 2.30 വരെയുള്ള സമയത്തിൽ ഏകദേശം അരമണിക്കൂർ മാത്രമാണ് നല്ല രീതിയിൽ സൂര്യപ്രകാശം ലഭിച്ചതെന്നും നിരീക്ഷകർ പറയുന്നു.

ചൊവ്വാഴ്ച ഭൂമിയിലേക്കുള്ള സൗരവികിരണത്തിന്റെ തീവ്രത കുറവായിരുന്നു. ഇതാണ് സൂര്യപ്രകാശം കുറഞ്ഞതിന് പ്രധാന കാരണമെന്ന് പറയപ്പെടുന്നു. മേഘാവൃതമായ ആകാശം, ഭൂമിയുടെ തണുത്ത ഉപരിതലം, കുറഞ്ഞ ഭൗമ വികിരണം എന്നിവയും പകൽ താപനില പെട്ടെന്ന് താഴാൻ കാരണമായതായി ചെന്നൈയിലെ എയ്റോഡ്രോം കാലാവസ്ഥാ ഓഫീസിലെ ശാസ്ത്രജ്ഞയായ ബി.അമുദ പറഞ്ഞു.

മുൻപും നവംബർ മാസത്തിൽ, ഉത്തരേന്ത്യൻ തണുപ്പ് കാലത്തിന് സമാനമായുള്ള കാലാവസ്ഥ ചെന്നൈ നഗരത്തിൽ അനുഭവപ്പെട്ടിട്ടുണ്ട്. 1985 നവംബർ 14 ന് പകൽ താപനില 23.6 ഡിഗ്രി സെൽഷ്യസായിട്ടാണ് കുറഞ്ഞത്. അതേസമയം രണ്ട് വർഷത്തിനിപ്പുറം, 1987 നവംബറിൽ നഗരത്തിൽ പരമാവധി 24.9 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

വടക്കു പടിഞ്ഞാറൻ മൺസൂൺ പ്രഭാവം

വടക്കു പടിഞ്ഞാറൻ മൺസൂൺ കാലത്തിലുണ്ടാകുന്ന ചില വ്യതിയാനങ്ങൾ ഈ കാലാവസ്ഥ മാറ്റത്തെ സ്വാധിനിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിന് ഉദാഹരണമാണ് 1985ൽ ചെന്നൈ നഗരത്തിലുണ്ടായ കനത്ത മഴ. 1985 നവംബർ 4 നും 14 നും ഇടയിൽ നഗരത്തിൽ 95 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ചെന്നൈയിലെ ഈ കാലാവസ്ഥ ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

Verified by MonsterInsights