അടുത്ത റിപ്പബ്ലിക് ദിന പരേഡില്‍ വനിതകള്‍ മാത്രം; കേന്ദ്രം സേനാമേധാവികളുടെ അഭിപ്രായം തേടി

ന്യൂഡൽഹി: 2024 ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിൽ വനിതകൾ മാത്രമായിരിക്കും പങ്കെടുക്കുകയെന്ന് റിപ്പോർട്ട്.  ന്യൂഡൽഹിയിലെ കർത്തവ്യപഥില്‍ നടക്കുന്ന പരേഡിലെ മാർച്ച് പാസ്റ്റുകളിലും ടാബ്ലോകളിലും സ്ത്രീകൾ മാത്രമായിരിക്കും പങ്കെടുക്കുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ഇക്കഴിഞ്ഞ മാർച്ചിലാണ് കേന്ദ്രസർക്കാർ നിര്‍ദേശം മുന്നോട്ട് വെച്ചത്. വരാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ വനിതാ സാന്നിദ്ധ്യം ഉറപ്പിക്കാനായി കേന്ദ്രസർക്കാർ ബന്ധപ്പെട്ട അധികൃതർക്ക് കത്ത് അയച്ചതായാണ് റിപ്പോർട്ട്. സൈനിക രംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാനായി വിവിധ പദ്ധതികൾ വരുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം.

അതേസമയം റിപ്പബ്ലിക് പരേഡിൽ വനിതകളെ മാത്രം അണിനിരത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നിർദ്ദേശം പരിഗണനയിലുണ്ടെന്നാണ് ചില വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വനിതകൾ നയിച്ച പരേഡ് സംഘവും നിരവധി വനിതാ സൈനിക ഉദ്യോഗസ്ഥരും റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്‌കാരിക പൈതൃകവും വിളിച്ചോതുന്ന പരേഡുകളാണ് നടന്നത്. നാരിശക്തി എന്ന പ്രമേയമായിരുന്നു ഈ വർഷത്തെ റിപ്പബ്ലിക് ഡേ പരേഡ് തീം. കേരള , കർണ്ണാടക, തമിഴ്‌നാട്, ത്രിപുര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ അണിനിരത്തിയ ടാബ്ലോകളും ഈ നാരിശക്തി പ്രമേയത്തിൽ അധിഷ്ടിതമായിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സായുധ സേനയിൽ സ്ത്രീ സാന്നിദ്ധ്യം വർധിപ്പിക്കാനുള്ള പരിപാടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് വന്നിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം ചരിത്രത്തിൽ ആദ്യമായി അഞ്ച് വനിതാ സൈനിക ഓഫീസർമാരെ സേനയുടെ ആർട്ടിലറി റെജിമെന്റിൽ ഉൾപ്പെടുത്തിയതും വാർത്തയായിരുന്നു.

റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യ ദിനവുമാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ ആഘോഷങ്ങൾ. രാജ്യത്തുടനീളം തികഞ്ഞ ദേശസ്നേഹത്തോടയൊണ് ഈ ദിനങ്ങൾ ആഘോഷിക്കുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 നാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുന്നത്. രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30 നാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ അവസാനിക്കുന്നത്. ഈ വർഷം ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കാണ് രാജ്യം സാക്ഷിയായത്. ആഘോഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഷോ, മിലിട്ടറി ടാറ്റൂ, ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ, പരേഡ്, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് എന്നിവയും ഉൾപ്പെടുന്നു.

ആഘോഷങ്ങളുടെ ഭാഗമായി സായുധ സേനയുടെയും അർദ്ധസൈനിക സേനയുടെയും മാർച്ച് പാസ്റ്റ് കർത്തവ്യ പഥിൽ നടന്നിരുന്നു. ഇതിന് പുറമെ, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകൾ, കുട്ടികളുടെ സാംസ്‌കാരിക പ്രകടനങ്ങൾ, മോട്ടോർസൈക്കിൾ റൈഡുകൾ, വിജയ് ചൗക്കിലെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എൻസിസി റാലിയും എന്നിവയും റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു.