ആത്മനിർഭർ ഭാരത്: പ്രതിവർഷം 80000 റെയിൽ ചക്രങ്ങൾ നിർമിക്കാൻ ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കാൻ പദ്ധതിയുമായി റെയിൽവേ

കേന്ദ്രസർക്കാരിന്റെ സ്വപ്‍ന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയ്‌ക്കൊപ്പം ചേരാൻ ഇന്ത്യൻ റെയിൽവേയും ഒരുങ്ങുന്നു.എല്ലാ വർഷവും കുറഞ്ഞത് 80000 റെയിൽ ചക്രങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ളഫാക്ടറി സ്ഥാപിക്കാനാണ് പദ്ധതി. ഇതിന്റെ ടെൻഡർ നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു.

M/s സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, M/s ഭാരത് ഫോർഗ്, പൂനെ, M/s രാമകൃഷ്ണ ഫോർഗിംഗ്സ്, കൊൽക്കത്ത എന്നീ സ്ഥാപനങ്ങളാണ് ടെൻഡറിൽ പങ്കെടുത്തത് . മാർച്ച് 14-ന് ബിഡ് തുറന്നു. കൊൽക്കത്തയിലെ രാമകൃഷ്ണ ഫോർജിംഗ്സ് ലിമിറ്റഡ് ആണ് ഏറ്റവും കുറവ് തുക ലേലം വിളിച്ചിരിക്കുന്നത്. രണ്ടാമത് പൂനെയിലെ M/s ഭാരത് ഫോർഗും മൂന്നാമത് SAIL-ലും ആണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. രാമകൃഷ്ണ ഫോർജിംഗ്സ് ടണ്ണിന് 1,88,100 രൂപയും ഭാരത് ഫോർഗ് 2,75,000 രൂപയും സെയിൽ 2,89,500 രൂപയുമാണ് ക്വാട്ട് ചെയ്തിരിക്കുന്നത്.

2022 സെപ്റ്റംബറിലാണ് ചക്രങ്ങളുടെ കയറ്റുമതിക്കാരനാകാനുള്ള പദ്ധതിയുടെ രൂപരേഖ റെയിൽവേ മന്ത്രാലയം തയ്യാറാക്കിയത്. റോളിംഗ് സ്റ്റോക്കിനുള്ള ചക്രങ്ങളുടെ ആവശ്യകത മുന്നിൽകണ്ട് അടുത്ത 20 വർഷത്തേക്ക് പ്രതിവർഷം 80,000 ചക്രങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ഒരു നിർമ്മാണ പ്ലാന്റ് രാജ്യത്ത് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ഇന്ത്യൻ റെയിൽവേ ആരംഭിച്ചിരുന്നു. ചക്രങ്ങളുടെ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനും മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലേക്കുള്ള ഒരു സുപ്രധാന ചുവട് വയ്പായും ഇത് മാറുമെന്നാണ് മന്ത്രാലയം കണക്ക് കൂട്ടുന്നത്. പുതിയ പ്ലാന്റ് സ്ഥാപിച്ചു കഴിഞ്ഞാൽ ലോക്കോമോട്ടീവുകൾക്കും കോച്ചിംഗ് സ്റ്റോക്കിനുമുള്ള ചക്രങ്ങൾ പൂർണ്ണമായി ആഭ്യന്തരമായി തന്നെ ഉല്പാദിപ്പിക്കാൻ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ അതിവേഗ ട്രെയിനുകൾക്കായി വീൽ പ്ലാന്റ് നിർമ്മിക്കുന്നതിനും ചക്രങ്ങൾ നിർമ്മിക്കുന്നതിനും ആദ്യമായാണ് സ്വകാര്യ കമ്പനികളെ ക്ഷണിക്കുന്നതിന് റെയിൽ‌വേ തയ്യാറായത്. ടെൻഡർ നടപടികൾ വളരെ സുതാര്യവും മത്സരാധിഷ്‌ഠിതവും ആയിരുന്നെന്ന് മന്ത്രാലയം വ്യക്തമാക്കി.

എന്താണ് അടുത്ത നടപടി

ടെണ്ടർ നേടുന്ന കമ്പനി അടുത്ത 36 മാസത്തിനുള്ളിൽ ഫാക്ടറി സ്ഥാപിക്കുകയും വർഷം തോറും 80000 ചക്രങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുകയും ചെയ്യും.

നിലവിലെ ആഭ്യന്തര ഉല്പാദനശേഷിയും ആവശ്യവും

ഇന്ത്യൻ റെയിൽവേ 1960 മുതൽ യുകെ, ചെക്ക് റിപ്പബ്ലിക്, ബ്രസീൽ, റൊമാനിയ, ജപ്പാൻ, ചൈന, ഉക്രെയ്ൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് ലോക്കോമോട്ടീവുകൾക്കും കോച്ചിംഗ് സ്റ്റോക്കിനും (എൽഎച്ച്ബി) ആവശ്യമായ വിവിധ തരം ചക്രങ്ങൾ ഇറക്കുമതി ചെയ്ത് വരുന്നു. 2022-23ൽ ചൈനയിൽ നിന്നും റഷ്യയിൽ നിന്നും ഏകദേശം 520 കോടി രൂപ വിലമതിക്കുന്ന 80,000 ചക്രങ്ങൾ ഇറക്കുമതി ചെയ്തു ബാക്കി 40,000 ചക്രങ്ങൾ വാങ്ങിയത് സെയിലിൽ (SAIL) നിന്നാണ്.

റഷ്യ-ഉക്രെയ്ൻ യുദ്ധ പ്രതിസന്ധി കാരണം ചൈനയിൽ നിന്ന് മാത്രമാണ് ചക്രങ്ങൾ വന്നത്. വന്ദേ ഭാരത് ട്രെയിനിനായുള്ള ചക്രങ്ങൾ യുദ്ധത്തിൽ തകർന്ന ഉക്രെയ്നിൽ കുടുങ്ങിയതിനാൽ അവയുടെ നിർമ്മാണത്തിനായി നിശ്ചയിച്ചിരുന്ന സമയക്രമം പാലിക്കാൻ കഴിഞ്ഞില്ല. കൂടുതൽ അതിവേഗ ട്രെയിനുകൾ ആരംഭിക്കുന്നതിനാൽ 2026 ഓടെ റെയിൽവേയ്ക്ക് പ്രതിവർഷം 2 ലക്ഷം ചക്രങ്ങൾ ആവശ്യമായി വരുമെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമായി ചക്രങ്ങൾ നിർമ്മിക്കാനുള്ള ഒരു ഫാക്ടറി സ്ഥാപിക്കാൻ റെയിവേ മന്ത്രാലയം തീരുമാനിച്ചത്.