അമേരിക്കയിൽ പരീക്ഷിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലേസർ

ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലേസർ അമേരിക്കയിൽ പരീക്ഷണത്തിനൊരുങ്ങുന്നു. കേവലം 25 ഫെംറ്റോ സെക്കൻഡ്സിൽ (സെക്കൻഡിന്റെ 10,00,00,000 കോടിയിൽ ഒന്ന്) അതിശക്തമായ ലേസറിനെ പുറത്തുവിടാൻ സിയൂസ് (Zetawatt-Equivalent Ultrashort pulse laser System) എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന് സാധിക്കും. പ്രപഞ്ചത്തിലെ പല അപൂർവ പ്രതിഭാസങ്ങളേയും പരീക്ഷണശാലയിൽ കൃത്രിമമായി നിർമിച്ച് പരീക്ഷിക്കാൻ ഈ ലേസർ ശാസ്ത്രജ്ഞരെ സഹായിക്കും.

അമേരിക്കയിലേയും ലോകത്തെ തന്നെയും ഏറ്റവും ശക്തമായ ലേസർ ഉപകരണമാണ് സിയൂസ് എന്ന് മിഷിഗൺ സർവകലാശാലയിലെ അസ്ട്രോഫിസിസിസ്റ്റ് കാൾ ഷെൽ നിക് പറഞ്ഞു. ചെറിയ ശേഷിയിൽ തുടങ്ങി പിന്നീട് സിയൂസിന്റെ ശേഷി കൂട്ടിക്കൊണ്ടുവരികയാണ് ഗവേഷക സംഘത്തിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ ഉയർന്ന തരംഗദൈർഘ്യത്തിലായിരിക്കുമെങ്കിലും ശക്തി കുറവുള്ള ലേസറായിരിക്കും പരീക്ഷിക്കുക. എന്നുകരുതി സിയൂസ് ചെറിയ സംഭവമാണെന്ന് തെറ്റിദ്ധരിക്കരുത്. ആദ്യഘട്ടത്തിൽ തന്നെ 30 ടെറാവാട്ട് (30 ട്രില്യൺ വാട്സ്) ശേഷിയാണ് സിയൂസിന് ആവശ്യമായി വരിക. ഇത് സിയൂസിന്റെ ആകെ ശേഷിയുടെ ഒരു ശതമാനം മാത്രമാണെന്നറിയുമ്പോഴാണ് ഇത് എത്ര ശക്തമായ ലേസർ ഉപകരണമാണെന്ന് അറിയുക.

ഹീലിയം വാതകത്തിലേക്ക് ലേസർ അയച്ചുള്ള പരീക്ഷണവും സിയൂസ് ആദ്യഘട്ടത്തിൽ നടത്തും. മൃദുകോശങ്ങളെ അതീവ കൃത്യതയിൽ ഉപയോഗിക്കാൻ ശേഷിയുള്ള എക്സ്റേ പൾസുകൾ നിർമിക്കുകയാണ് ഈ പരീക്ഷണത്തിന്റെ ലക്ഷ്യം. 2023 ആകുമ്പോഴേക്കും പൂർണ ശേഷിയിൽ സിയൂസ് പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. ക്വാണ്ടം ഫിസിക്സ്, ഡേറ്റാ സുരക്ഷ, മെറ്റീരിയൽ സയൻസ്, റിമോട്ട് സെൻസിങ്, വൈദ്യശാസ്ത്ര മേഖല എന്നിങ്ങനെ പല തലങ്ങളിൽ ഈ ലേസർ ഉപകരണത്തിന്റെ ഉപയോഗം ലഭിക്കും. ഇതിനൊപ്പം പ്രപഞ്ചത്തിലെ പല അപൂർവ പ്രതിഭാസങ്ങളെക്കുറിച്ചുള്ള അറിവുകളും സിയൂസ് നൽകും.

വളരെ ശക്തമായ കാന്തിക മണ്ഡലമുള്ള ന്യൂട്രോൺ നക്ഷത്രങ്ങളെക്കുറിച്ചും ഉയർന്ന താപനിലയുള്ള പ്ലാസ്മ മൂടിയ ആകാശ ഗോളങ്ങളെക്കുറിച്ചുമെല്ലാമുള്ള പഠനങ്ങൾ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇവയുടെ കൃത്രിമ മാതൃകകൾ പരീക്ഷണശാലയിൽ നിർമിക്കാൻ സിയൂസ് ഉപയോഗിച്ച് സാധിക്കുമെന്ന് മിഷിഗൺ സർവകലാശാലയിലെ ഇലക്ട്രിക്കൽ കംപ്യൂട്ടർ എൻജിനീയർ ലൂയിസ് വില്ലിംഗേൽ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

വർഷങ്ങൾ പോകും തോറും കൂടുതൽ ശക്തവും വൈവിധ്യവുമുള്ള ലേസർ ഉപകരണങ്ങൾ നിർമിക്കുന്നതിൽ ശാസ്ത്രലോകം വിജയിച്ചുവരികയാണ്. ഇത് കൂടുതൽ വൈവിധ്യമുള്ള പരീക്ഷണങ്ങൾക്കും സഹായമാവുമെന്നാണ് പ്രതീക്ഷ. ലോകമെങ്ങുമുള്ള ഗവേഷകർക്ക് സിയൂസ് ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്താനുള്ള അവസരം നൽകുമെന്നും ഇതിന്റെ നിർമാതാക്കൾ പറയുന്നു. പരീക്ഷണത്തിന്റെ വിശദാംശങ്ങൾ സഹിതം അപേക്ഷിക്കുകയാണ് ഇതിന് വേണ്ടത്. വിശദാംശങ്ങൾ സിയൂസിന്റെ BYEBJONA CU (zeus.engin.umich.edu) ലഭ്യമാണ്.

Verified by MonsterInsights