അമേരിക്കയുടെ ജിപിഎസിന് ബദൽ; ഇന്ത്യയുടെ നാവിക് സ്ഥാനനിർണയ ഉപഗ്രഹ വിക്ഷേപണം വിജയകരം

അമേരിക്കയുടെ ജിപിഎസിന് മറുപടിയെന്നോണമാണ് ഇന്ത്യ നാവിക് ഗതിനിര്‍ണയ സംവിധാനം ഒരുക്കിയത്. ഇന്ത്യന്‍ ഭൂപ്രദേശം മുഴുവനും രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിമീ പരിധിയിലുമാണ് നാവികിന്റെ സേവനം ലഭ്യമാക്കുക

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്ഥാന/ഗതി നിര്‍ണയ സംവിധാനമായ നാവികിന് വേണ്ടിയുള്ള രണ്ടാം തലമുറ ഉപഗ്രഹ പരമ്പരയിലെ ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. എന്‍വിഎസ്-1 എന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി-എഫ്12 റോക്കറ്റിലായിരുന്നു വിക്ഷേപണം. 251 കിലോമീറ്റര്‍ ഉയരത്തിലുള്ള ജിയോ സിങ്ക്രണസ് ട്രാന്‍സ്പര്‍ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സ്ഥാപിച്ചത്.

അമേരിക്കയുടെ ജിപിഎസിന് മറുപടിയെന്നോണമാണ് ഇന്ത്യ നാവിക് ഗതിനിര്‍ണയ സംവിധാനം ഒരുക്കിയത്. ഇന്ത്യന്‍ ഭൂപ്രദേശം മുഴുവനും രാജ്യാതിര്‍ത്തിക്ക് പുറത്ത് 1500 കിമീ പരിധിയിലുമാണ് നാവികിന്റെ സേവനം ലഭ്യമാക്കുക. കൂടുതല്‍ മെച്ചപ്പെട്ട ഗതിനിര്‍ണയ, സ്ഥാനനിര്‍ണയ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആര്‍ഒ എന്‍വിഎസ് പരമ്പര ഉപഗ്രഹങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ഇതിനകം രാജ്യത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും വാണിജ്യ വാഹനങ്ങളിലും നാവികിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാണ്. സൈനിക ആവശ്യങ്ങള്‍ക്ക് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് നാവികിനെയാണ്. ചില മൊബൈല്‍ ഫോണുകളിലും ഇപ്പോള്‍ നാവിക് സേവനങ്ങള്‍ ലഭ്യമാണ്. പുതിയ എന്‍വിഎസ് ഉപഗ്രഹങ്ങള്‍ വരുന്നതോടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെയുള്ള നാവിക് സേവനങ്ങള്‍ മെച്ചപ്പെടുത്താനും വിപുലപ്പെടുത്താനും ഐഎസ്ആര്‍ഒയ്ക്ക് സാധിക്കും.