അമിതവണ്ണത്തിന്റെ പേരിൽ അവഗണനകളും പരിഹാസങ്ങളും കേട്ടു; ഇന്ന് രാജ്യാന്തര വേദിയിൽ മത്സരിക്കാൻ കഞ്ഞിക്കുഴിക്കാരി

സുന്ദരിയാകാൻ നൂലു പോലെ മെലിയണോ? അങ്ങനെ ചിന്തിക്കുന്നവർക്കൊരു മറുപടിയുമായി ജിൻസി പോൾ (41). വണ്ണം കൂടിയതിന് ആദ്യം സ്വയം പഴിക്കുകയും പിന്നെ പോസിറ്റീവായി എടുക്കുകയും ചെയ്തയാളാണു ജിൻസി. വണ്ണമുള്ളവർക്കായി സംഘടിപ്പിക്കുന്ന മേവൻ മിസ് പ്ലസ് സൈസ് ഇന്ത്യ മത്സരത്തിന്റെ 5–ാം സീസണിൽ ഫൈനലിസ്റ്റാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മത്സരിക്കുന്നതിൽ മലയാളിയായി ജിൻസി മാത്രമേയുള്ളൂ. 

കഞ്ഞിക്കുഴി ദീപ്തി നഗർ കാഞ്ഞിരപ്പാറയിൽ ജിൻസി വണ്ണക്കൂടുതലിന്റെ പേരിൽ അവഗണനകളും പരിഹാസങ്ങളും കേട്ടാണു വളർന്നത്. ബോഡി ഷെയ്മിങ് കൂടിയപ്പോഴൊക്കെ മനസ്സു വേദനിച്ചു. പക്ഷേ, തളർന്നില്ല. അധ്യാപികയായി. വിവാഹിതയായി, 2 കുട്ടികളുടെ അമ്മയായി. 2016 ൽ നടത്തിയ തൈറോയ്ഡ് ശസ്ത്രക്രിയ വണ്ണം കൂടാനൊരു പ്രോത്സാഹനം പോലെയായി.  

മത്സരത്തിൽ സിലക്‌ഷൻ കിട്ടിയ ദിവസം തന്നെ ജിൻസി സോഷ്യൽ മീഡിയയിൽ കുറിച്ചു: ‘മറ്റുള്ളവർക്കു ഭാരമായി തോന്നുകയും എനിക്കങ്ങനെ തോന്നുകയും ചെയ്തിട്ടില്ലാത്ത എന്റെ വണ്ണം കാരണം ഒരു രാജ്യാന്തര വേദിയിൽ ഞാൻ പെർഫോം ചെയ്യാൻ പോകുന്നു.’ ഇന്നു ന്യൂഡൽഹിയിലാണു മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുമ്പോൾ ജിൻസിക്ക് ഒരു കാര്യത്തിൽ മാത്രമേ ടെൻഷനില്ലാതെയുള്ളൂ– വണ്ണത്തിൽ.

Verified by MonsterInsights