അന്താരാഷ്ട്ര ടെന്നീസ് ടൂർണമെന്റിൽ മത്സരിക്കാൻ ആദ്യ വനിതാ ടീമിനെ അയച്ച് സൗദി അറേബ്യ

ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ മത്സരത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യ ആദ്യ വനിതാ ടീമിനെ അയച്ചു. ഈയാഴ്ച ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കുന്ന ബില്ലി ജീന്‍ കിംഗ് കപ്പ് ജൂനിയേഴ്‌സിന്റെ ഏഷ്യ-ഓഷ്യാനിയ പ്രീ-ക്വാളിഫയിംഗ് മത്സരത്തില്‍ സൗദിയില്‍ നിന്ന് നാലംഗ ടീമാണ് പങ്കെടുക്കുന്നത്. വളരെ മികച്ച അനുഭവമാണ് ഇതെന്നാണ് സൗദി അറേബ്യൻ ടീം ക്യാപ്റ്റന്‍ അരീജ് ഫറാ പറഞ്ഞു.

‘സൗദി വനിതാ ടെന്നീസ് ടീമിന്റെ വലിയൊരു ചുവടുവെപ്പാണ് ഇത്. ഞങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനമുണ്ട്,’ അരീജ് പറഞ്ഞു. കായിക മേഖലയിലേക്കുള്ള വാതില്‍ വനിതാ അത്‌ലറ്റുകള്‍ക്ക് മുന്നില്‍ തുറന്നിടാൻ ഇതിലൂടെ തങ്ങള്‍ക്ക് കഴിയുമെന്നും അരീജ് പറഞ്ഞു. കായികരംഗം മാത്രമല്ല. സമൂഹത്തിലെ വിവിധ മേഖലകളില്‍ തങ്ങളുടെ പ്രാതിനിധ്യം തെളിയിച്ച് സൗദിയിലെ സ്ത്രീകള്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. സൗദിയിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ടീം 2022 ഫെബ്രുവരിയില്‍ മത്സരത്തിനിറങ്ങിയത് വാര്‍ത്തയായിരുന്നു.

കായികരംഗത്തെ വികസനത്തിനായി സൗദി അറേബ്യന്‍ ടെന്നീസ് ഫെഡറേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണെന്ന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ പ്രതിനിധികള്‍ അറിയിച്ചു. അതേസമയം 2022 ഫെബ്രുവരിയില്‍ നടന്ന അന്താരാഷ്ട്ര ഫുട്‌ബോളിലെ അരങ്ങേറ്റ മത്സരത്തില്‍ വിജയത്തുടക്കം കുറിച്ചാണ് സൗദി അറേബ്യന്‍ വനിതാ ടീം രംഗത്തെത്തിയത്. നിരവധി പേർ ഈ വിജയത്തെ അഭിനന്ദിച്ചും രംഗത്തെത്തി.

Verified by MonsterInsights