അഞ്ചു മിനിറ്റിൽ ഫുൾ ചാർജ്; 300 W ഫാസ്റ്റ് ചാർജർ പുറത്തിറക്കാനൊരുങ്ങി റെഡ്മി

പുതിയ ഫാസ്റ്റ് ചാർജിങ്ങ് സംവിധാനവുമായി റെഡ് മി. സ്മാർട്ട് ഫോണുകൾക്കായി 300 W ചാർജറാണ് റെഡ്മി അവതരിപ്പിക്കാനിരിക്കുന്നത്. പുതിയ ഫീച്ചർ സംബന്ധിക്കുന്ന ടീസറും കമ്പനി പങ്കുവെച്ചിട്ടുണ്ട്. ഈ ചാർജർ ഉടൻ വിപണിയിൽ ലഭ്യമാക്കും എന്നും കമ്പനി അറിയിച്ചു. ഈ ചാർജർ ഉപയോഗിച്ച്, 5 മിനിറ്റിനുള്ളിൽ മൊബൈൽ ഫോൺ ഫുൾ ചാർജ് ചെയ്യാമെന്നും കമ്പനി പറയുന്നു.

എങ്ങനെയാണ് ഫോൺ വെറും അഞ്ച് മിനിറ്റിൽ ഫുൾ ചാർജ് ആകുന്നതെന്നു കാണിക്കുന്ന വീഡിയോ ആണ് റെഡ്മി പങ്കുവച്ചിരിക്കുന്നത്. 4100 mAh ബാറ്ററിയുള്ള റെഡ്മി നോട്ട് 12 ഡിസ്കവറി വേരിയന്റാണ് ഈ പരീക്ഷണത്തിനായി ഉപയോഗിച്ചതെന്നും കമ്പനി പറഞ്ഞു. ഈ ഫാസ്റ്റ് ചാർജർ ഉപയോ​ഗിച്ചാൽ 2 മിനിറ്റ് 11 സെക്കൻഡിനുള്ളിൽ ഫോണിൽ 50 ശതമാനം ചാർജ് ആകുമെന്നും 5 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ആകുമെന്നും കമ്പനി അറിയിച്ചു.

സാധാരണ ഫാസ്റ്റ് ചാർജറുകൾ ഉപയോ​ഗിക്കുമ്പോൾ 65 ശതമാനം വരെയാണ് ഫാസ്റ്റ് ചാർജിംഗ് നടക്കുക. അതിനു ശേഷം ചാർജിംഗ് വേഗത 100 വാട്ടിലേക്ക് താഴും. എന്നാൽ ഇതു മൂലം ബാറ്ററി കപ്പാസിറ്റി വർദ്ധിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

പുതിയ ഫാസ്റ്റ് ചാർജർ എന്നു മുതലായിരിക്കും വിപണിയിലെത്തുക എന്ന കാര്യം റെഡ് മി വ്യക്തമാക്കിയിട്ടില്ല. റെഡ് മി ഫാസ്റ്റ് ചാർജർ എത്തുന്നതു വരെ റിയൽമിയുടെ 240 W ചാർജർ ആയിരിക്കും ഇക്കാര്യത്തിൽ നിലവിലെ ഒന്നാമൻ. 240 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ആദ്യ സ്മാർട്ട്ഫോണാണ് റിയൽമി ജിടി 3. 9 മിനിറ്റു കൊണ്ടാണ് ഈ ഫോൺ 90 ശതമാനം ചാർജ് ചെയ്യപ്പെടുന്നത്. 2022-ൽ 150 വാട്ട് ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള ഫോൺ ആദ്യമായി പുറത്തിറക്കിയതും റിയൽമി ആയിരുന്നു.

ഫാസ്റ്റ് ചാർജർ വഴി വേ​ഗതയിൽ ഫോൺ ചാർജ് ചെയ്യപ്പെടുമെങ്കിലും ബാറ്ററി കപ്പാസിറ്റി എത്രത്തോളം ഉണ്ടാകും എന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നുണ്ട്. അതിവേ​ഗതയിൽ ചാർജ് ചെയ്യുന്നതിനായി ബാറ്ററി ലൈഫിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന അഭിപ്രായം പങ്കുവെയ്ക്കുന്നവരുമുണ്ട്.

Verified by MonsterInsights