അരിക്കൊമ്പനെ മയക്കുവെടിവച്ചു; ദൗത്യം വിജയത്തിലേക്ക്

ഇടുക്കി: ചിന്നക്കനാൽ മേഖലകളെ വിറപ്പിച്ച അരിക്കൊമ്പനെ ദൗത്യസംഘം മയക്കുവെടിവച്ചു. സിമന്റ് പാലത്തിന് സമീപം വച്ചാണ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവച്ചത്. 11.55നായിരുന്നു വെടിവെച്ചത്. ആന മയങ്ങാനുള്ള കാത്തിരിപ്പിലാണ് സംഘം. ദൗത്യത്തിന്റെ രണ്ടാം ദിനത്തിലാണ് അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടിവയ്ക്കാനായത്.

കഴിഞ്ഞദിവസം ഒൻപത് മണിക്കൂർ തിരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. വൈകിട്ട് മൂന്നിന് ദൗത്യസംഘം ശ്രമം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. ഇന്ന് രാവിലെത്തന്നെ ആരംഭിച്ച തിരച്ചിലിൽ അരിക്കൊമ്പനെ സിങ്കുകണ്ടത്ത് കണ്ടെത്തി. പിന്നാലെ വനംവകുപ്പിന്റെ സംഘം പ്രദേശത്തേക്ക് തിരിക്കുകയായിരുന്നു.

ആനയെ ദൗത്യമേഖലയായ സിമന്റുപാലത്തേക്ക് എത്തിക്കാനുള്ള ശ്രമം വിജയിക്കുകയായിരുന്നു. പിന്നാലെ മയക്കുവെടി വെക്കാനുള്ള സംഘം ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ ബേസ് ക്യാമ്പിൽനിന്ന് പുറപ്പെട്ടു.

കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് അരിക്കൊമ്പനെ ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ നാട്ടുകാർ കണ്ടെത്തിയിരുന്നു. ഒൻപത് മണിക്കൂറോളം പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ്, ശങ്കരപാണ്ഡ്യമെട്ടിൽ ആനയെ കണ്ടെത്തിയത്.

അരിക്കൊമ്പൻ മിഷൻ ലക്ഷ്യത്തിലേക്കെത്തുന്നുവെന്നും കാര്യങ്ങൾ പോസിറ്റീവെന്നും സിസിഎഫ് ന്യൂസ് 18നോട് സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന ആനകളെ പടക്കം പൊട്ടിച്ച് തുരത്തി. അരിക്കൊമ്പനെ തിരിച്ചറിഞ്ഞെന്നും ഇന്ന് തന്നെ കൊമ്പനെ പിടിക്കാൻ കഴിയുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കടുത്ത സംഘർഷത്തിലാണ് ദൗത്യസംഘമെന്നും അവരുടെ മനോവീര്യം തകർക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.

Verified by MonsterInsights