അറിയാം വിറ്റാമിൻ ഇ-യുടെ ഗുണങ്ങൾ

ശരീരത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് പോഷകങ്ങളും ധാതുക്കളും ആവശ്യമാണെന്ന് എല്ലാവർക്കുമറിയാം. ഓരോ പോഷകങ്ങളും ശരീരത്തിലെ വ്യത്യസ്തമായ ഭാഗങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ചർമത്തിന്റെയും തലമുടിയുടെയും സംരക്ഷണത്തിൽ ഏറെ പങ്കുവഹിക്കുന്ന ജീവകമാണ് വിറ്റാമിൻ ഇ. അതിനാൽ, മിക്ക സൗന്ദര്യ വർധക ഉത്പന്നങ്ങളിലും വിറ്റാമിൻ ഇ പ്രധാന ഘടകമാണ്. ശരീരത്തിലെ കോശങ്ങളുടെ സംരക്ഷണത്തിൽ, വിറ്റാമിൻ പ്രധാന പങ്കുവഹിക്കുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു. ചർമസംരക്ഷണത്തിനൊപ്പം തലമുടിയുടെ തിളക്കവും ആരോഗ്യവും നിലനിർത്തുന്നതിനും വിറ്റാമിൻ ഇ സഹായിക്കുന്നുണ്ട്.

 > വാർധക്യലക്ഷണങ്ങളെ തടയുന്നു

കോശങ്ങളുടെ നാശവും കേടുപാടുകളും തടയുന്നതിൽ വിറ്റാമിൻ ഇ പ്രാധാന്യമർഹിക്കുന്നു. ആവശ്യത്തിന് വിറ്റാമിൻ ഇ കഴിക്കുന്നത് ചർമത്തിൽ പ്രായം കൂടുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങൾ ഇല്ലാതാക്കുന്നു. വിറ്റാമിൻ ഇ ചർമത്തിൽ കാണപ്പെടുന്ന കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദനം കൂട്ടി ചർമത്തിലെ ചുളിവുകൾ കുറയ്ക്കുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു

 > സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കുന്നു

ഭൂരിഭാഗമാളുകളുടെയും ചർമത്തിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് സ്ട്രെച്ച് മാർക്കുകൾ. സ്ട്രെച്ച് മാർക്കുകൾ ഒരിക്കൽ ചർമത്തിൽ വന്നാൽ അത് ഇല്ലാതാകാനുള്ള സാധ്യത വളരെകുറവാണ്. എന്നാൽ, സ്ഥിരമായി വിറ്റാമിൻ ഇ അടങ്ങിയ ലേപനങ്ങളോ എണ്ണയോ പുരട്ടുന്നത് സ്ട്രെച്ച് മാർക്കിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും.

 > മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു

മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിൻ ശരീരത്തിലെയും തലയോട്ടിയിലെയും രക്തചംക്രമണം വർധിപ്പിക്കുന്നതിന് വിറ്റാമിൻ ഇ സഹായിക്കുന്നുണ്ട്. ഇത് മുടിയുടെ വളർച്ചയെ സഹായിക്കുന്ന പോഷകങ്ങൾ മുടിയുടെ വേരിനുസമീപം എത്തിക്കുന്നു. ഇത് കൂടാതെ, കേടായതും വരണ്ടതുമായ മുടി നന്നാക്കുന്നതിനും വിറ്റാമിൻ സഹായിക്കുന്നുണ്ട്. അറ്റം പൊട്ടിപ്പോയ മുടിയുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും അകാലനര തടയുന്നതിനും വിറ്റാമിൻ ഇ യുടെ പങ്ക് വലുതാണ്. വിറ്റാമിൻ ഇ ഓയിൽ വെളിച്ചെണ്ണയിലോ മറ്റേതെങ്കിലും എണ്ണയിലോ കൂട്ടിച്ചേർത്ത് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.

 > ചർമം വൃത്തിയാക്കുന്നു

ചർമം വൃത്തിയാക്കുന്നതിനും വിറ്റാമിൻ ഇ സഹായിക്കുന്നുണ്ട്. ചെറിയ അളവിൽ വിറ്റാമിൻ ഇ ചർമത്തിൽ പുരട്ടി തടവുന്നത് ചർമത്തിലെ അഴുക്ക് നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. ഒലീവ് ഓയിലിനൊപ്പം വിറ്റാമിൻ ഇ ചേർത്ത് ചർമത്തിലെ കറുത്തപാടുകളിൽ സ്ഥിരമായി പുരട്ടാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights