അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കുന്ന തേക്ക് തടിയുടെ പ്രത്യേകത, 600 വർഷം വരെ ഒരു കേടും പറ്റില്ല

ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രൽ വിസ്ത പദ്ധതി മുതൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് വരെ ഉപയോഗിക്കുന്നത് പ്രശസ്തമായ ചന്ദ്രപൂർ തേക്ക് തടിയാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി 1,885 ക്യുബിക് അടി തേക്കുമരത്തിന്റെ ആദ്യ ലോഡ് ഇന്നലെ മഹാരാഷ്ട്രയിൽ നിന്ന് പുറപ്പെട്ടു. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഏറെ ആവശ്യക്കാരുള്ള തേക്കാണ് ചന്ദ്രപൂർ തേക്ക്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ, ഗഡ്ചിരോളി എന്നിവിടങ്ങളിലെ ഉൾക്കാടുകളിലാണ് ഇതുള്ളത്. ഉയർന്ന ഗുണനിലവാരമുള്ള തേക്കിൻ തടിയാണിത്. എന്താണ് ചന്ദ്രപൂർ തേക്കിന്റെ പ്രത്യേകതകൾ എന്നറിയണ്ടേ ?

‘നൂറുകണക്കിനു വർഷങ്ങളായാലും ചന്ദ്രപൂർ തേക്കിൽ ചിതലിന്റെ ആക്രമണം ഉണ്ടാകില്ല. തടിയിൽ എണ്ണയുടെ അംശം വളരെ കൂടുതലായതിനാലാണ് വർഷങ്ങളോളം ചിതലെടുക്കാത്തത്. കുറഞ്ഞത് 500 മുതൽ 600 വർഷം വരെ ഈ തടിയിൽ ചിതലിന്റെ ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് പറയുകയാണ് ബല്ലാർഷയിലെ ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് മഹാരാഷ്ട്രയിലെ (എഫ്‌ഡിസിഎം) അസിസ്റ്റന്റ് മാനേജർ ഗണേഷ് മോത്കർ.

കൂടാതെ തടി വളരെ മിനുസമുള്ളതാണ്. തവിട്ട് നിറമാണ് ഈ തേക്കിൻ തടിയ്ക്ക്. കാഴ്ചയിലും വളരെ ആകർഷകമാണ്. ചന്ദ്രപൂരിലും ഗഡ്ചിരോളിയിലും കാണപ്പെടുന്ന ഈ തേക്കിന് ഒട്ടേറെ ഗുണങ്ങളുണ്ടെന്നും ഗണേഷ് കൂട്ടിച്ചേർത്തു.