ബഹിരാകാശത്തെ സ്വപ്നം കാണുന്നവർക്കും ബഹിരാകാശ പഠനത്തിൽ താത്പര്യവുമുള്ളവർക്കായി, തിരുവനന്തപുരത്തെ വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.) അവസരമൊരുക്കുന്നു. പഠനത്തിനു ശേഷം പഠിപ്പിക്കാനും ബഹിരാകാശവകുപ്പിനു കീഴിലുള്ള രാജ്യത്തെയും രാജ്യാന്തര തലത്തേയും വിവിധ സ്ഥാപനങ്ങളിൽ, സയൻറിസ്റ്റ്/എൻജിനിയർ ആയി ജോലിനേടാനുമുള്ള അവസരമാണ്, ഈ പഠനത്തിലൂടെ കൈവരിക്കുന്നത്.
.ഓൺലൈൻ ആയി ,സെപ്റ്റംബർ 19 വരെ അപേക്ഷ സമർപ്പിക്കാനവസരമുണ്ട്. അപേക്ഷാ സമർപ്പണ സമയത്തുതന്നെ ചേരാനുദ്ദേശിക്കുന്ന ബ്രാഞ്ചിന്റെ സെലക്ഷനും നൽകേണ്ടതുണ്ട്.ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവരെമാത്രമേ, ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) മാർക്ക് പരിഗണിച്ച് പ്രവേശന റാങ്കിങ്ങിനായി പരിഗണിക്കൂ. ഈ മാസം 20 നു തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 22 നു അലോട്‌മെൻറ് നടപടികൾ.ആരംഭിക്കുകയും ചെയ്യും.
വിവിധ പ്രോഗ്രാമുകൾ
എഞ്ചിനീയറിംഗ്, ഡ്യുവൽ ഡിഗ്രി എം.ടെക് പ്രോഗ്രാമുകളുമാണ് ,ഐ.ഐ.എസ്.ടി.യിലെ പ്രത്യേകത.ഏറോസ്പേസ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഏവിയോണിക്സ്) എന്നീ നാലുവർഷ ബി.ടെക്. കൂടാതെ എൻജിനിയറിങ് ഫിസിക്സ് ബി. ടെക്.+മാസ്റ്റർ ഓഫ് സയൻസ്/എം.ടെക്. അഞ്ചുവർഷ ഡ്യുവൽ ഡിഗ്രി എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമിൽ ബി.ടെക്. കഴിഞ്ഞ് എക്സിറ്റ് ഓപ്ഷൻ ഇല്ല . ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുന്നവർക്ക്, മാസ്റ്റർ ഓഫ് സയൻസ് -ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നിവയിലൊന്നിലും എം.ടെക്.-എർത്ത് സിസ്റ്റം സയൻസ്, ഒപ്‌റ്റിക്കൽ എൻജിനിയറിങ് എന്നിവയിലൊന്നിലും ചെയ്യാനുള്ള അവസരമുണ്ട്.
അടിസ്ഥാന യോഗ്യത
സയൻസ് സ്ട്രീമിലുള്ള പ്ലസ്ടുവാണ്, അടിസ്ഥാനയോഗ്യത. പ്ലസ് ടുവിൽ അഞ്ചു വിഷയങ്ങൾ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാവിഷയം, ഇവ നാലുമല്ലാത്ത വിഷയം) പഠിച്ച്, മൊത്തം 75 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. എന്നാൽ പട്ടികജാതി/വർഗ്ഗ /ഭിന്നശേഷി വിഭാഗക്കാർക്ക് 65 ശതമാനം മാർക്കു മതി. ഇതു കൂടാതെ 2022-ലെ ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) അഭിമുഖീകരിച്ചിരിക്കണം. അതിൽ കാറ്റഗറിയനുസരിച്ച്, മൊത്തത്തിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ഓരോന്നിലും യോഗ്യതാമാർക്ക് നേടേണ്ടതുണ്ട്.വിശദമായ വിവരങ്ങൾ, അഡ്മിഷൻ ബ്രോഷറിൽ ഉണ്ട്.
ട്യൂഷൻ ഫീസ്
രക്ഷിതാവിന്റെ വാർഷികവരുമാനം പരിഗണിച്ചാണ് സെമസ്റ്റർ ഫീസ്. പട്ടിക ജാതി/വർഗ്ഗ/ഭിന്നശേഷി വിഭാഗക്കാർക്കും കുടുംബ വാർഷികവരുമാനം ഒരുലക്ഷംരൂപയിൽ താഴെയുള്ളവർക്കും ട്യൂഷൻ ഫീസില്ല. ഒരുലക്ഷംമുതൽ അഞ്ചുലക്ഷംവരെ വാർഷികവരുമാനമുള്ളവർക്ക് 20,850 രൂപയും അഞ്ചുലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് 62,500 രൂപയുമാണ് ഓരോ സെമസ്റ്ററിന്റേയും ട്യൂഷൻ ഫീസ്.