ബഹ്റൈന്‍ മെട്രോയുടെ ഒന്നാം ഘട്ട നിര്‍മ്മാണത്തിനുള്ള കരാർ ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) സ്വന്തമാക്കി. 20 സ്റ്റേഷനുകളുള്ള ഏകദേശം 3030 കിലോമീറ്റര്‍ നീളമുള്ള മെട്രോ ലൈനാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതുസംബന്ധിച്ച് ബിഇഎംഎല്‍ ലിമിറ്റഡുമായി ഡിഎംആര്‍സി ധാരണാപത്രം ഒപ്പുവച്ചതായാണ് വിവരം. കരാര്‍ പ്രകാരം, റോളിംഗ് സ്റ്റോക്ക് നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ബിഇഎംഎല്‍ സഹായിക്കും.
പദ്ധതി വികസനം, ബജറ്റിംഗ് എന്നീ മേഖലകളിൽ ഡിഎംആര്‍സി സഹായിക്കും. രണ്ട് ബില്യണ്‍ ഡോളറിനാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നതെന്നും ഡിഎംആര്‍സി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി മെട്രോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി) സലീം അഹമ്മദ്, ബിഇഎംഎല്‍ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) ഡി.എസ് ഗണേഷ് എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഡിഎംആര്‍സി മാനേജിങ് ഡയറക്ടര്‍ വികാസ് കുമാര്‍, ബിഇഎംഎല്‍ ചെയര്മാന് അമിത് ബാനര്‍ജി എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
മെട്രോ ലൈനുകളുടെയും സ്റ്റേഷനുകളുടെയും എണ്ണം
പദ്ധതിക്ക് കീഴില്‍, ബഹ്റൈന്‍ മെട്രോയ്ക്കായി രണ്ട് ഘട്ടങ്ങളിലായി നാല് മെട്രോ ലൈനുകള്‍ ഡിഎംആര്‍സി നിര്‍മ്മിക്കും. ബാബ് അല്‍ ബഹ്റൈനിലും അല്‍ ഫാറൂഖ് മെട്രോ ജംഗ്ഷനിലുമായി രണ്ട് ഇന്റര്‍ചേഞ്ചുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സീഫ് മാളിലേക്കാണ് ആദ്യ മെട്രോ പാത ആരംഭിക്കുകയെന്ന് ഡിഎംആര്‍സി അറിയിച്ചു.
കിംഗ് ഫൈസല്‍ ഹൈവേയിലൂടെയും എയര്‍പോര്‍ട്ട് അവന്യൂവിലൂടെയും ഇത് കടന്നുപോകും. ഇതിന് ഒമ്പത് സ്റ്റേഷനുകളും 13 കിലോമീറ്റര്‍ നീളവും ഉണ്ടാകും. ജുഫൈര്‍ മുതല്‍ ഇസ ടൗണ്‍ വരെയുള്ളതാണ് രണ്ടാമത്തെ മെട്രോ പാത. ഇതിൽ 11 സ്റ്റേഷനുകളും 15.6 കിലോമീറ്റര്‍ ദൂരവും ഉണ്ടാകും. സല്‍മാനിയ, സിഞ്ച്, തുബ്ലി തുടങ്ങിയ പ്രദേശങ്ങളെ ഈ പാത ബന്ധിപ്പിക്കും.
മറ്റ് പദ്ധതികള്‍
ലോകമെമ്പാടുമുള്ള മെട്രോ പദ്ധതികളുടെ നിര്‍മ്മാണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി അന്താരാഷ്ട്ര പ്രോജക്ടുകള്‍ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ഡിഎംആര്‍സി. അടുത്തിടെ, ഇസ്രായേലിലെ ടെല്‍ അവീവ് മെട്രോ പദ്ധതിയുടെ നിര്‍മ്മാണത്തിനുള്ള പ്രീ-ബിഡ് പ്രക്രിയയില്‍ കോര്പ്പറേഷന് യോഗ്യത നേടിയിരുന്നു.
ഇതുകൂടാതെ, ഈജിപ്തിലെ അലക്സാണ്ട്രിയ, വിയറ്റ്നാമിലെ ഹോ ചി മിന്, മൗറീഷ്യസ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര മെട്രോ പദ്ധതികളുടെയും ബിഡ് പിടിക്കാനുള്ള ശ്രമത്തിലാണ് ഡിഎംആര്‍സി. നിലവില്‍ ഒരു കണ്‍സള്‍ട്ടന്റായി ബംഗ്ലാദേശിലെ ധാക്ക മെട്രോയുടെ നിര്‍മ്മാണത്തില്‍ ഡിഎംആര്‍സി ഏർപ്പെട്ടിട്ടുണ്ട്.