ബാല സൗഹൃദ സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ഗതാഗതം, പൊതുസ്ഥലങ്ങൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ബാല സൗഹൃദമാകണം. മാസത്തിൽ രണ്ട് തവണ കുഞ്ഞുങ്ങൾ പറയുന്നത് കേൾക്കാനുള്ള അവസരമൊരുക്കും. അവർക്ക് എന്തും പറയാനുള്ള അവസരമൊരുക്കണം. അസാധാരണമായ കാര്യങ്ങൾ ഉണ്ടെങ്കിൽ മാതാപിതക്കളോടോ അധ്യാപകരോടോ കുട്ടികൾ തുറന്ന് പറയണം. ഓരോ കുഞ്ഞും കരുതൽ, സ്നേഹം, സംരക്ഷണം എന്നിവ അർഹിക്കുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വനിത ശിശുവികസന വകുപ്പും സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയും സംയുക്തമായി അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കണം. കുട്ടികൾ പറയുന്നത് കേൾക്കുന്നതാണ് അവർക്ക് ഏറെയിഷ്ടം. ഈ ദിനത്തിൽ കുഞ്ഞുങ്ങൾ നൽകുന്ന സന്ദേശമാണത്. കുട്ടികളെ കേൾക്കാൻ വീട്ടിലുള്ളവർ തയ്യാറാകണം. മനസിലുള്ളത് പറഞ്ഞാൽ കുഞ്ഞുങ്ങൾക്ക് വളരെ ആശ്വാസമാകും. ക്ലാസ് മുറികളിലും പൊതുയിടങ്ങളിലും അവർക്ക് പറയാനുള്ള അവസരമൊരുക്കണം. ശിശു കേന്ദ്രീകൃതമായ വിദ്യാഭ്യാസമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാക്കളെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
ഭാവിയിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് കുട്ടികളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കുട്ടികളുടെ പരിപാടികൾ രൂപപ്പെടുത്തുന്നതിന് പ്രത്യേകം പ്രാധാന്യം നൽകണം. കുട്ടികളുടെ കഴിവ് കണ്ടെത്തുന്നതിനും സർഗവാസനകൾ വികസിപ്പിക്കുന്നതിനും വിവിധ വകുപ്പുകളിലൂടെ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ, വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ജി പ്രിയങ്ക, പ്രോഗ്രാം മാനേജർ വി.എസ്. വേണു എന്നിവർ സംസാരിച്ചു. ഉജ്ജ്വലബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോർജ് വിതരണം ചെയ്തു. ബാലനിധി ക്യുആർ കോഡ് ലോഞ്ച് മന്ത്രി നിർവഹിച്ചു. ടെക്നോപാർക്ക് എംജിഎം ഫിനാൻസ് അജിത് രവീന്ദ്രൻ ക്യൂആർ കോഡ് മുഖേനയുള്ള ആദ്യ സംഭാവന നൽകി.
കുട്ടികളുടെ ചോദ്യങ്ങൾക്ക് മന്ത്രിയും പ്രമുഖ വ്യക്തികളും മറുപടി നൽകി. ഹോളി ഏഞ്ചൽസ് സ്‌കൂളിലെ എസ്. നന്മ സ്വാഗതവും നെയ്യാറ്റിൻകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആർ.എ. ആദർശ് നന്ദിയും പറഞ്ഞു.