ഏതൊരു മനുഷ്യനും സ്വന്തം ഭൂതകാലത്തിലേക്ക് വാത്സല്യത്തോടെയും ഗൃഹാതുരത്വത്തോടെയും തിരിഞ്ഞുനോക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ആ ഭൂതകാലത്തെ പ്രണയിക്കാൻ തുടങ്ങിയാൽ അത് വർത്തമാനകാലത്തെ പൂർണമായി ഉൾക്കൊള്ളുന്നതിൽ നിന്നും ഭാവി ജീവിതം ആസൂത്രണം ചെയ്യുന്നതിൽ നിന്നും നമ്മെ തടയാനിടയുണ്ട്. നെഗറ്റീവായ വശങ്ങളെ പൂർണമായി അവഗണിച്ച് ഭൂതകാലത്തിന്റെ പോസിറ്റീവായ വശങ്ങളെ മാത്രം കാണാനും നിങ്ങളുടെ വളർച്ചയ്ക്കുള്ള അവസരങ്ങൾ പാഴാക്കാതിരിക്കാനും മുൻപ് ചെയ്ത തെറ്റുകളിൽ നിന്ന് ചിലത് പഠിക്കാനുമാണ് ശ്രമിക്കേണ്ടത്.
ഭൂതകാലം എല്ലായ്പ്പോഴും എല്ലാം തികഞ്ഞതല്ലെന്നും നല്ലതും ചീത്തയും അംഗീകരിക്കേണ്ടത് അത്യാവശ്യമാണെന്നും തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. കൂടുതൽ സന്തുലിതമായ ഒരു വീക്ഷണം സ്വീകരിച്ചാൽ എല്ലാവർക്കും വർത്തമാനകാലം പൂർണമായും ആസ്വദിച്ച് ജീവിക്കാനും അതൊടൊപ്പം തന്നെ ഭൂതകാലത്തിന്റെ സൗന്ദര്യത്തെയും ആസ്വദിക്കാൻ കഴിയും.
നിങ്ങൾ നിങ്ങളുടെ ഭൂതകാലത്തെ അളവറ്റ് പ്രണയിക്കുന്നുണ്ടോ എന്നറിയാനുള്ള ഏഴ് ലക്ഷണങ്ങൾ ഇതാ:
പഴയ നല്ല നാളുകളെ നിരന്തരം ഓർമിക്കുന്നു: ഭൂതകാലത്തെ, പ്രത്യേകിച്ച് നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെക്കുറിച്ച് ഇടയ്ക്കിടെ സംസാരിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ ഭൂതകാലത്തെ അളവറ്റ് സ്നേഹിക്കുന്നു എന്നാണർത്ഥം.
ഭൂതകാലത്തിന്റെ നെഗറ്റീവ് വശങ്ങളെ തള്ളിക്കളയുക: ഭൂതകാലത്തിൽ നിന്നുള്ള നെഗറ്റീവ് ആയ അനുഭവങ്ങളെ അവഗണിക്കുന്നത് കാൽപനികവൽക്കരണത്തിന്റെ അടയാളമായിരിക്കാം. പോസിറ്റീവായ ഓർമ്മകൾ സൂക്ഷിക്കേണ്ടത് പ്രധാനമാണെങ്കിലും അതോടൊപ്പം തന്നെ നെഗറ്റീവായ അനുഭവങ്ങളെ അംഗീകരിക്കുകയും അവയിൽ നിന്ന് പഠിക്കേണ്ടതും അത്യാവശ്യമാണ്.
വർത്തമാനകാലത്തെ ഭൂതകാലവുമായി താരതമ്യം ചെയ്യുക: വർത്തമാനകാലത്തെ ഭൂതകാലവുമായി തുടർച്ചയായി താരതമ്യപ്പെടുത്തുകയും വർത്തമാനകാലത്തിന്റെ കുറവുകളെ മാത്രം കണ്ടെത്തുകയും ചെയ്യുന്നത് നല്ലതല്ല. ഇത് അസംതൃപ്തി ഉണ്ടാകാനും പുതിയ അനുഭവങ്ങൾ ഉൾക്കൊള്ളാതിരിക്കാനും ഇടയാക്കും.
ഭൂതകാലത്തിൽ കുടുങ്ങിപ്പോയതായി തോന്നുക: മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നത് നിങ്ങൾക്ക് വെല്ലുവിളിയാണെന്ന് തോന്നുകയാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ മികച്ച ദിവസങ്ങൾ നിങ്ങളുടെ ഭൂതകാലത്തായിരുന്നു എന്ന് തോന്നുകയാണെങ്കിൽ അത് നിങ്ങൾ ഭൂതകാലത്തെ പ്രണയിക്കുകയാണെന്നതിന്റെ സൂചനയായിരിക്കാം.
ഭൂതകാലം കാര്യങ്ങൾ ലളിതമോ എളുപ്പമോ ആയിരുന്നെന്ന് വിശ്വസിക്കുക: ഭൂതകാലത്തിൽ ജീവിതം ലളിതമോ എളുപ്പമോ ആയിരുന്നു എന്ന വിശ്വാസം ഭൂതകാലത്തെ അമിതമായി കാല്പനികവത്കരിക്കുന്നവരുടെ ഒരു പൊതുസ്വഭാവമാണ്. ഓരോ കാലഘട്ടത്തിനും അതിന്റേതായ വെല്ലുവിളികളും സങ്കീർണതകളും ഉണ്ടെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
വ്യക്തിഗത വളർച്ചയും വികാസവും അവഗണിക്കുക: നിങ്ങൾ കൈവരിച്ച പുരോഗതിയും നിങ്ങൾ നേടിയെടുത്ത വ്യക്തിഗതമായ വളർച്ചയും അവഗണിക്കുന്നത് ഭൂതകാലത്തെ അമിതമായി പ്രണയിക്കുന്നതിന്റെ അടയാളമായിരിക്കാം. നിങ്ങൾ ഇതുവരെ എത്രത്തോളം എത്തിയെന്ന് അംഗീകരിക്കുകയും സ്വയം അതിന് നിങ്ങളെ തന്നെ അഭിനന്ദിക്കുകയും ചെയ്യണം.
മുൻകാല ബന്ധങ്ങളെ ആദർശവൽക്കരിക്കുക: വെല്ലുവിളികളും പോരായ്മകളും അവഗണിച്ചുകൊണ്ട് മുൻകാല ബന്ധങ്ങളെ മാത്രം തികഞ്ഞതും അനുയോജ്യവുമായി കാണുന്നതും നല്ലതല്ല. ഓരോ ബന്ധത്തിനും അതിന്റേതായ ഉയർച താഴ്ചകൾ ഉണ്ടെന്നും ഒരു ബന്ധവും എല്ലാം തികഞ്ഞതല്ലെന്നും തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.