ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്ന് വിട്ട അരിക്കൊമ്പൻ തമിഴ്നാട്ടിലെ മേഘമല ഭാഗത്ത് ചുറ്റിത്തിരിയുകയാണ്. മേഘമലക്കടുത്ത് ആനന്ദ് കാട് എന്ന തേയിലത്തോട്ടത്തിൽ അരിക്കൊമ്പനെ ഇന്നലെ കണ്ടെത്തി. തമിഴ്നാട്ടിലെ ശ്രീവല്ലിപൂത്തൂർ, മേഘമല കടുവ സങ്കേതത്തിലെ വനമേഖലയോട് ചേർന്നുള്ള ഭാഗമാണ് അരിക്കൊമ്പൻ ചുറ്റിത്തിരിയുന്ന ദൃശ്യങ്ങളാണ് തൊഴിലാളികൾ പകർത്തിയത്. രണ്ട് ദിവസമായി ഇതേ ഭാഗത്ത് 500 മീറ്റർ ചുറ്റളവിലാണ് കൊമ്പനുള്ളത്. തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.
വനത്തിന്‍റേയും തോട്ടങ്ങളുടേയും അതിർത്തിയിലൂടെയാണ് അരിക്കൊമ്പൻ അടുത്ത ദിവസങ്ങളിലായി സഞ്ചരിക്കുന്നത്. കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്. 40 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. മേഖലയില്‍ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. മേഘമലയിലേക്ക് കഴിഞ്ഞ വിനോദ സഞ്ചാരികളെ കടത്തി വിടുന്നുമില്ല.
അതേസമയം, അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. അതിർത്തിയിൽ വനത്തിലും ജനവാസ മേഖലയിലുമായി ദിവസവും പത്ത് കിലോമീറ്റളോളം സഞ്ചരിക്കുന്നുണ്ട്. ഭക്ഷണവും കഴിക്കുന്നുണ്ട്. പെരിയാർ വനത്തിലേക്ക് തിരിച്ചെത്തിയാൽ നിരീക്ഷിക്കാൻ വനം വകുപ്പ് അതിർത്തിയിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിൽ വീട് ഭാഗികമായി തകർത്ത് ആന; അരിക്കൊമ്പനെന്ന് സംശയം; അരി തിന്നെന്ന് തൊഴിലാളികൾ
ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്‍റെ നടപടി.