ബിരിയാണിയിൽ പാറ്റ; 20000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഹൈദരാബാദ്: ബിരിയാണിയില്‍ പാറ്റ കണ്ടെത്തിയ സംഭവത്തില്‍ ഹോട്ടൽ ഉടമ 20,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഹൈദരാബാദിലെ അമര്‍പേട്ടിലെ റെസ്റ്റോറന്റില്‍ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പാറ്റയെ കണ്ടെത്തിയത്. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

കേസിന് ആസ്പദമായ സംഭവം ഉണ്ടായത് 2021 സെപ്റ്റംബറിലായിരുന്നു. അരുണ്‍ എന്നയാളാണ് ക്യാപ്റ്റന്‍ കുക്ക് എന്ന റസ്റ്ററന്റില്‍ നിന്നും ഓൺലൈനായി ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. ഓഫീസിലേക്ക് വരുത്തിച്ച ബിരിയാണി പൊതിയിലാണ് പാറ്റയെ കണ്ടെത്തിയത്.

ഈ വിവരം ഉടൻ തന്നെ അരുൺ ഹോട്ടലിൽ വിളിച്ചു പറഞ്ഞു. എന്നാൽ അവർ ക്ഷമ ചോദിക്കുക മാത്രമാണ് ചെയ്തത്. കൂടാതെ അടുത്തിടെ ഹോട്ടലിൽ കീടനിയന്ത്രണം നടത്തിയെന്നും അവർ അറിയിച്ചു. ഹോട്ടല്‍ മാനേജർ നൽകിയ മറുപടിയിലുള്ള അതൃപ്തിയെ തുടർന്നാണ് അരുണ്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ചത്.

എന്നാൽ കമ്മീഷൻ സിറ്റിങ്ങിനിടെ റെസ്റ്റോറന്‍റ് ഉടമകൾ ആരോപണം നിഷേധിച്ചു. ബിരിയാണി പാഴ്സൽ നൽകിയത് ചൂടോടെയാണെന്നും അത്രയും ചൂട് അതിജീവിക്കാൻ പാറ്റയ്ക്ക് കഴിയില്ലെന്നും വാദിച്ചു. എന്നാൽ ബിരിയാണിയിൽ പാറ്റയെ കണ്ടപ്പോൾ തന്നെ അതിന്‍റെ വീഡിയോ മൊബൈലിൽ ചിത്രീകരിച്ച പരാതിക്കാരൻ ഈ ദൃശ്യം കമ്മീഷന് മുന്നിൽ ഹാജരാക്കി. ഇതോടെയാണ് പരാതിക്കാരന് 20,000 രൂപ നഷ്ടപരിഹാരമായി നല്‍കാനും കേസിന്റെ ചെലവുകള്‍ക്കായി 10,000 രൂപ നല്‍കാനും കമീഷന്‍ ഉത്തരവിട്ടത്.

Verified by MonsterInsights