ഭൂരിഭാഗം ചോദ്യങ്ങളും ഗൈഡിൽ നിന്ന്; പ്ലംബർ തസ്തികയിലേക്ക് നടത്തിയ പരീക്ഷ PSC റദ്ദാക്കി

തിരുവനന്തപുരം: പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും സ്വകാര്യ ഗൈഡിൽ നിന്നും പകർത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വ്യവസായ പരിശീലന വകുപ്പിലെ പ്ലംബർ തസ്തികയിലേക്ക് നടത്തിയ പരീക്ഷ പി എസ് സി റദ്ദാക്കി. മാർച്ച് നാലിന് നടത്തിയ പരീക്ഷയാണ് റദ്ദാക്കിയത്. ഗൈഡിലെ തെറ്റ് ഉൾപ്പെടെ പി എസ് സി ചോദ്യപേപ്പറിൽ ആവർത്തിച്ചിരുന്നു. പരാതിയെ തുടർന്ന് പരിശോധിച്ചപ്പോൾ 90 ശതമാനം ചോദ്യങ്ങളും സ്വകാര്യ ഗൈഡിൽ നിന്ന് പകർത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

2019ലെ ‘പ്ലംബർ തിയറി’ എന്ന പുസ്തകത്തിൽ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷാ ചോദ്യപേപ്പറിൽ ആവർത്തിച്ചത്. നീൽകാന്ത് പബ്ലിഷേഴ്സ് പുറത്തിറക്കിയതാണ് ഈ പുസ്തകം. 100 ചോദ്യങ്ങളിൽ 90ൽ അധികം ചോദ്യങ്ങളും ആ ഗൈഡിൽ നിന്ന് പകർത്തുകയായിരുന്നു. പുസ്തകത്തിൽ ഉത്തരം തെറ്റായി രേഖപ്പെടുത്തിയ ചോദ്യവും പി എസ് സി പകർത്തി. വ്യവസായ പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ അഥവാ പ്ലംബറുടെ പോസ്റ്റിലേക്കാായിരുന്നു പരീക്ഷ.

2021 സെപ്തംബർ 30നായിരുന്നു പ്ലംബർ ഒഴിവുകളിലേക്ക് പി എസ് സി വിജ്ഞാപനം ഇറക്കിയത്. ഇരുപതിനായിരത്തിൽ അധികം പേർ അപേക്ഷിച്ചു. പുസ്തകത്തിന്റെ 271ാം പേജിൽ നിന്ന് അപ്പാടെ പകർത്തിയത് ആറു ചോദ്യങ്ങളാണ്. അഞ്ച് വീതം ചോദ്യങ്ങളാണ് 210, 324 പേജുകളിൽ നിന്ന് പകർത്തിയത്. 324ാം പേജിലെ ഒമ്പതാമത്തേയും പത്താമത്തേയും പന്ത്രണ്ടാമത്തേയും ചോദ്യം പി എസ് സി യഥാക്രമം 61, 62, 63 ക്രമനമ്പറാക്കി മാറ്റി. പുസ്തകം ഉത്തരം തെറ്റായി മാർക്ക് ചെയ്തത് ആൻസർ കീയിലും പകർത്തിവെച്ചു.