വിഖ്യാതനടൻ ദിലീപ് കുമാർ അന്തരിച്ചു

ഹിന്ദി സിനിമയിലെ ഇതിഹാസതാരം ദിലീപ് കുമാർ അന്തരിച്ചു.  98 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെത്തുടർന്നാണ് അന്ത്യം. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 

 

ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാർ. നാലു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയിൽ നിന്ന് ഇന്ത്യൻ സിനിമയെ മോചിപ്പിച്ച മഹാനടൻ. 60 വർഷം കൊണ്ട് 40 സിനിമകളിൽ മാത്രം അഭിനയിച്ചു അദ്ദേഹം. 

മുഹമ്മദ് യൂസഫ് ഖാൻ എന്ന പഴക്കച്ചവടക്കാരൻ വെള്ളിത്തിരയിലെ മിന്നും താരമായ ദിലീപ് കുമാറായതിന് പിന്നിൽ ഇതിഹാസതുല്യമായ ഒരു ജീവിതമുണ്ട്. 1922 സിസംബറിൽ പാക്കിസ്ഥാനിലെ പെഷവാറിൽ ലാല ഗുലാം സർവാർ ഖാന്‍റെ പന്ത്രണ്ടുമക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത്. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസ്സിൽ മുഹമ്മദ് മുംബൈയിലെത്തി. നാല്‍പതുകളിൽ പൂനെയ്ക്കടുത്ത് മിലിട്ടറി ക്യാമ്പിൽ ക്യാന്‍റീൻ നടത്തി വരികയായിരുന്ന മുഹമ്മദ് യൂസഫ് ഖാനെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭർത്താവ് ഹിമാൻഷു റായിയുമാണ്. 

insurance ad

1944-ൽ ദേവികാ റാണി നിർമ്മിച്ച ‘ജ്വാർ ഭാത’യിലെ നായകനായി സിനിമയിലെത്തി. പ്രശസ്ത ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരൺ വർമയാണ് മുഹമ്മദ് യൂസഫ്ഖാന്‍റെ പേര് ദിലീപ് കുമാർ എന്നാക്കിയത്. ‘ദീദാർ’, ‘അമർ’ തുടങ്ങിയ ചിത്രങ്ങളില്‍ വിഷാദനായകനായി തിളങ്ങി. 1955-ല്‍ ബിമല്‍ റോയി സംവിധാനം ചെയ്ത  ദിലീപ് കുമാര്‍ ചിത്രം ‘ദേവദാസ്’ സൂപ്പര്‍ഹിറ്റായി. ‘ഗംഗാജമുന’, ‘രാം ഔർ ശ്യാം’ തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യനടനായി തിളങ്ങി. 

നിരവധി ചിത്രങ്ങളിൽ ഒപ്പമഭിനയിച്ച, തന്നെക്കാൾ 22 വയസ്സിനിളപ്പമുള്ള സൈറാബാനുവിനെ ജീവിതസഖിയാക്കി അദ്ദേഹം. 1976  മുതൽ അഞ്ചുകൊല്ലം സിനിമാലോകത്തുനിന്നും മാറിനിന്ന ദിലീപ് കുമാർ 1981-ൽ വീണ്ടും വെള്ളിത്തിരയിലെത്തി. 1998-ൽ ഡബിൾ റോളിലെത്തിയ ‘ക്വില’യാണ് അദ്ദേഹത്തിന്‍റെ അവസാനചിത്രം. 

ഫിലിംഫെയറില്‍ എട്ടു തവണ മികച്ച നടനായി ദിലീപ് കുമാർ.  രാജ്യത്തെ പരമോന്നതബഹുമതികളിൽ പലതും അദ്ദേഹത്തെ തേടിയെത്തി. 1980-ല്‍ മുംബൈ ഷെരീഫായി നിയമിതനായി അദ്ദേഹം. 1991-ൽ പത്മഭൂഷൻ സൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1994-ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും ദിലീപ് കുമാറിന് ലഭിച്ചു. 1997-ൽ ആന്ധ്ര സർക്കാർ എൻടിആർ ദേശീയ പുരസ്കാരം നൽകി ആദരിച്ചു. 2000 മുതല്‍ 2006-വരെ രാജ്യസഭാംഗമായിരുന്നു (നോമിനേറ്റഡ്). 

1998-ൽ പരമോന്നത സിവിലിയൻ ബഹുമതിയായ  നിഷാൻ ഇ ഇംതിയാസ് നൽകി പാക്കിസ്ഥാൻ ദിലീപ്കുമാറിനെ ആദരിച്ചു. 2014-ൽ പാക്കിസ്ഥാൻ സർക്കാർ പെഷവാറിലെ അദ്ദേഹത്തിന്‍റെ ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായി പ്രഖ്യാപിച്ചു. 2015-ൽ പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു.മലയാളിയും മുതിർന്ന സിനിമപത്രപ്രവർത്തകയും സ്ക്രീൻ വീക്കിലി എഡിറ്ററുമായിരുന്ന ഉദയതാരയാണ് ദിലീപ് കുമാറിന്‍റെ ആത്മകഥയെഴുതിയത്. ദിലീപ് കുമാർ 10 വർഷം കൊണ്ട് പങ്കുവെച്ച ജീവിതകഥകൾ കോർത്തിണക്കി ‘സബ്സ്റ്റൻസ് ആൻഡ് ദ ഷാഡോ’ എന്ന പുസ്തകം പൂർത്തിയാക്കിയത്.  തിരുവനന്തപുരം കോർപ്പറേഷൻ കമ്മീഷണറായിരുന്ന വെള്ളയമ്പലം സ്വദേശി എസ് അയ്യപ്പൻ പിള്ളയുടെ മകളാണ് ഉദയതാര.

‘സൂപ്പര്‍മാൻ’ സിനിമ സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു

വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാര്‍ഡ് ഡോണര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യകാല സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. റിച്ചാര്‍ഡ് ഡോണറിന്റെ ഭാര്യ ലോറെൻ ഷ്യൂലര്‍ ആണ് മരണവാര്‍ത്ത അറിയിച്ചത്. സൂപ്പര്‍മാൻ എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് റിച്ചാര്‍ഡ് ഡോണര്‍.

റിച്ചാര്‍ഡ് ഡോണര്‍ 1961ല്‍ എക്സ്- 15 എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്.  1976ല്‍ പുറത്തിറങ്ങിയ ദ ഒമെൻ എന്ന സിനിമയിലൂടെ റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്‍തനായി. 1978ല്‍ സൂപ്പര്‍മാൻ എന്ന സിനിമ സംവിധാനം ചെയ്‍തതോടെ ആഗോളതലത്തിലും റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്‍തനായി. സിനിമ വൻ ഹിറ്റായി മാറിയിരുന്നു.

അക്കാദമി ഓഫ് സയൻസ് ഫിക്ഷന്റെ അടക്കം ഒട്ടേറെ അവാര്‍ഡുകള്‍ റിച്ചാര്‍ഡ് ഡോണറിന് ലഭിച്ചിട്ടുണ്ട്. മിടുക്കനായ അധ്യാപകൻ, മോട്ടിവേറ്റര്‍, എല്ലാവര്‍ക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകൻ എന്നിങ്ങനെയൊക്കെയായ റിച്ചാര്‍ഡ് ഡോണര്‍ പോയി എന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് സംവിധായകൻ സ്റ്റീവൻ സ്‍പില്‍ബെര്‍ഗ് അനുസ്‍മരിക്കുന്നത്.

പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ താത്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ ‘പ്രിയകേരള’ത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ എന്നിവരെ പീസ് വർക്ക് അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ബിരുദം, പി ജി ഡിപ്ലോമ (ജേർണലിസം), ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. തിരുവനന്തപുരം ജില്ലയിൽ താമസമായിട്ടുള്ളവർക്ക് മുൻഗണന. പ്രായപരിധി 36 വയസ്സ്. അപേക്ഷകൾ ജൂലൈ 12 വൈകിട്ട് നാലിന് മുൻപ് ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് 1 എന്ന വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് ‘പ്രിയകേരളം പ്രൊഡക്ഷൻ അസിസ്റ്റന്റ്/ കണ്ടന്റ് ഡെവലപ്പർ’ എന്ന് സൂചിപ്പിക്കണം.

friends catering

ബഷീർ ദിനാചരണം: ജൂലൈ അഞ്ചിന് തലയോലപ്പറമ്പിൽ

തലയോലപ്പറമ്പ്: പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയേഴാം ചരമവാർഷികമായ ജൂലൈ 5 ന് ബഷീർ ദിനമായി ജന്മനാട് ആചരിക്കും. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ തലയോലപ്പറമ്പിന്റെ അക്ഷര മുറ്റമായ ബഷീർ കുടുംബ സമേതം 1960 മുതൽ 1964 വരെ താമസിച്ചിരുന്ന ഇന്നത്തെ ഫെഡറൽ നിലയത്തിൽ വെച്ചാണ് ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

          ബഷീറിനെ നേരിട്ടറിയാവുന്ന എഴുത്തുകാരും കഥാപാത്രങ്ങളും ആരാധകരും ദിനാചരണത്തിൽ പങ്കെടുക്കും.രാവിലെ 9.15 ന് ഓർമ്മയിലെ ബഷീറിനെ ക്കുറിച്ച് പ്രശസ്ത സാഹിത്യകാരനും സമിതി ചെയർമാനും മായ കിളിരൂർ രാധാകൃഷ്ണൻ പ്രഭാഷണം നടത്തും. സമിതി വൈസ് ചെയർമാനും മുതിർന്ന മാധ്യമ പ്രവർത്തകനും മായ ഡോ. പോൾ മണലിൽ അദ്ധ്യക്ഷത വഹിക്കും. ബഷീർ സ്മാരക സമിതി ഭാരവാഹികളായ അഡ്വ. ടോമി കല്ലാനി, എം.ഡി.ബാബുരാജ്, മോഹൻ.ഡി.ബാബു, പ്രൊഫ.കെ.എസ്. ഇന്ദു, ഡോ. യു ഷംല, ഡോ.എസ്. ലാലി മോൾ, ഡോ. വി.ടി.ജലജാകുമാരി, ഡോ.എം.എസ്.ബിജു , ഡോ.എസ്. പ്രീതൻ, ആർ. കലാദേവി, പി.ജി. ഷാജി മോൻ, കെ.എം.ഷാജഹാൻ, അബ്ദുൾ ആ പ്പാം ചിറ , മനോജ് . ഡി.വൈക്കം, ഡോ.ആർ. വേണുഗോപാൽ, അഡ്വ എ ശ്രീകല, സി.ജി. ഗിരിജൻ ആചാരി, മോഹൻദാസ് ഗാലക്സി എന്നിവർ പങ്കെടുക്കും.

ഈ വർഷത്തെ ബഷീർ ബാല്യകാലസഖി പുരസ്കാരം പ്രശസ്ത എഴുത്തുകാരി ബി.എം. സുഹറയ്ക്കും ബഷീർ അമ്മ മലയാളം പുരസ്കാരം പ്രശസ്ത കവയത്രി വി.എം.ഗിരിജയ്ക്കും ഒക്ടോബറിൽ തലയോലപ്പറമ്പിൽ വെച്ച് സമർപ്പണം നടത്തുമെന്ന് സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജി മോനും വൈസ് ചെയർമാൻമാരായ എം.ഡി.ബാബു രാജ്, മോഹൻ.ഡി.ബാബു എന്നിവർ അറിയിച്ചു.

ഭിന്നശേഷിക്കാരായവരുടെ കലാ സൃഷ്ടികളും രചനകളും അവാർഡിന് ക്ഷണിച്ചു

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും 2020 ൽ മലയാളത്തിൽ/ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച  ആത്മകഥ, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ, ചിത്രരചനകൾ/കളർ പെയിന്റിംഗ് തുടങ്ങിയവ അവാർഡിനായി ക്ഷണിച്ചു. അപേക്ഷകർ സൃഷ്ടികളുടെ നാല് പകർപ്പുകൾ, സ്വന്തം രചന/സൃഷ്ടിയാണ് എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദോഗസ്ഥന്റെ സാക്ഷ്യ പത്രം, ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജൂലൈ 31 നകം കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി.9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിൽ സമർപ്പിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

ബഷീർ ബാല്യകാലസഖി പുരസ്കാരം ബി.എം. സുഹറയ്ക്കും ബഷീർ അമ്മ മലയാളം പുരസ്കാരം വി.എം.ഗിരിജയ്ക്കും.

തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് കേന്ദ്രീകരിച്ച് ഇരുപത്തിയേഴ് വർഷമായി പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി മലയാള ഭാഷയ്ക്ക് സമഗ്ര സംഭാവന നൽകി വരുന്നവർക്ക് ബഷീർ കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ബഷീർ ബാല്യകാലസഖി പുരസ്കാരത്തിന് പ്രശസ്ത എഴുത്ത്കാരി ബി.എം. സുഹറയും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ നൽകുന്ന ബഷീർ അമ്മ മലയാളം പുരസ്കാരത്തിന് പ്രശസ്ത കവയത്രി വി.എം.ഗിരിജയും അർഹരായി.

 

പ്രശസ്തിപത്രവും ഫലകവും 10001 രൂപ ക്യാഷ് അവാർഡുമാണ് രണ്ടു പുരസ്കാരങ്ങൾക്കും നൽകുന്നത്. ഭരത് ഭവൻ സെക്രട്ടറിയും നാടക-ചലച്ചിത്ര സംവിധായകനും മായ പ്രമോദ് പയ്യന്നൂർ ചെയർമാനും തിരകഥാകൃത്തും ചലച്ചിത്ര സംവിധായകരുമായ ഡോ.എം.എ.റഹ്മാൻ, ബി.ഉണ്ണികൃഷ്ണൻ , സാഹിത്യകാരൻമാരായ കെ.വി. മോഹൻ കുമാർ, കിളിരൂർ രാധാകൃഷ്ണൻ , മാധ്യമ പ്രവർത്തകരായ ഡോ. പോൾ മണലിൽ, എം. സരിത മോഹനവർമ്മ, ഡോ. യു. ഷംല , ഡോ.എസ്. ലാലി മോൾ, ഡോ.അംബിക. എ. നായർ എന്നാവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. കോവി ഡ് മഹാമാരി കുറയുന്നതോടു കൂടി പുരസ്കാരങ്ങൾ തലയോലപ്പറമ്പിൽ വച്ച് നൽകുമെന്ന് ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ.ഡി.ബാബുവും ജനറൽ സെക്രട്ടറി പി.ജി. ഷാജി മോനും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചെയർപേഴ്സൺ ഡോ.എസ്. ലാലി മോളും അറിയിച്ചു.

achayan ad

റിലീസിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ ‘മരക്കാര്‍’; കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും റിലീസ്, മൂന്നാഴ്ച ‘ഫ്രീ-റണ്‍’

റിലീസിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’. എണ്ണത്തില്‍ അറുനൂറിലേറെ വരുന്ന കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. കൊവിഡ് ആദ്യ തരംഗത്തിനുശേഷം തിയറ്ററുകള്‍ തുറന്നപ്പോഴത്തേതുപോലെ 50 ശതമാനം പ്രവേശനമാണ് ഇത്തവണയും സിനിമാമേഖല മുന്നില്‍ കാണുന്നത്. 

മരക്കാര്‍ പോലെ വലിയ ബജറ്റ് ഉള്ള ഒരു ചിത്രം അത്തരത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവില്ല എന്നാണ് നിര്‍മ്മാതാവിന്‍റെ വിലയിരുത്തല്‍. തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ റിലീസ് ആയി മരക്കാര്‍ എത്തിയാല്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന് (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള) എന്ത് സഹായമാണ് ചെയ്യാനാവുക എന്ന തരത്തില്‍ നിര്‍മ്മാതാവിന്‍റെ ഭാഗത്തുനിന്ന് അന്വേഷണം ഉണ്ടായി.

hill monk ad

“മൂന്നാഴ്ചയാണ് മരക്കാറിന് ഫ്രീ-റണ്‍ കൊടുത്തിരിക്കുന്നത്. അത് നമ്മുടെ സംഘടനയിലെ അംഗങ്ങളായ തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിട്ടാണ്. അവര്‍ക്ക് മരക്കാര്‍ മതി. അതിനു പകരം മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തല്‍ക്കാലം അവര്‍ തയ്യാറല്ല. കാരണം ഇത്രത്തോളം ടൈറ്റില്‍ വാല്യു ഉള്ള ഒരു സിനിമ നില്‍ക്കുമ്പോള്‍ പരീക്ഷണാര്‍ഥം മറ്റൊരു പടം കളിക്കാന്‍ അവര്‍ തയ്യാറല്ല. ആന്‍റണി പെരുമ്പാവൂര്‍ സംഘടനയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത്രയും തിയറ്ററുകളില്‍ ഒരുമിച്ച് കണ്ടന്‍റ് കിട്ടണം. പൂട്ടിക്കിടക്കുന്ന എല്ലാ തിയറ്ററുകള്‍ക്കും കണ്ടന്‍റ് കിട്ടണം. അല്ലാതെ പകുതി തിയറ്ററുകള്‍ തുറന്ന്, പകുതി തുറക്കാതെയുള്ള അവസ്ഥ വരാന്‍ പാടില്ല. എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്‍ത് ഒരു ഉത്സവപ്രതീതിയോടെ ഈ സിനിമയെ വരവേല്‍ക്കാനാണ് ഞങ്ങളുടെ തീരുമാനം. പരമാവധി പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് നമ്മുടെ നയം. അതിനായി ഇത്രയും ടൈറ്റില്‍ വാല്യു ഉള്ള ഒരു പടം ഇന്ന് മലയാളത്തില്‍ വേറെ ഇല്ല. അതുകൊണ്ടാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. മൂന്നാഴ്ചത്തേക്ക് മറ്റൊരു സിനിമയും ഫിയോകില്‍ അംഗങ്ങളായിട്ടുള്ള തിയറ്റര്‍ ഉടമകള്‍ റിലീസ് ചെയ്യില്ല”, ഫിയോക് പ്രസിഡന്‍റ് കെ വിജയകുമാര്‍ പറയുന്നു.

Verified by MonsterInsights