കോപ്പയില്‍ ബ്രസീല്‍ ഫൈനലില്‍

കോപ്പ അമേരിക്കയില്‍ പെറുവിനെ തോല്‍പിച്ച് ബ്രസീല്‍ ഫൈനലില്‍. ആദ്യ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളുടെ ജയം. നാളെ രാവിലെ 6.30ന് നടക്കുന്ന അർജന്‍റീന-കൊളംബിയ രണ്ടാം സെമി വിജയികളെ കലാശപ്പോരില്‍ ബ്രസീല്‍ നേരിടും. 

റിച്ചാർലിസണെ മുഖ്യ സ്ട്രൈക്കറാക്കി 4-2-3-1  ശൈലിയിലാണ് ടിറ്റെ ടീമിനെ അണിനിരത്തിയത്. നെയ്മറും പക്വേറ്റയും എവർട്ടനും തൊട്ടുപിന്നില്‍. കാസിമിറോയും ഫ്രഡും മധ്യത്തിലും ഡാനിലോയും മാർക്വീഞ്ഞോസും സില്‍വയും ലോദിയും പ്രതിരോധത്തിലും അണിനിരന്നു. അതേസമയം കാനറികളുടെ ആക്രമണങ്ങളെ നേരിടാന്‍ ലപാഡുള്ളയെ ആക്രമണത്തിന് നിയോഗിച്ച് 5-4-1 ശൈലിയാണ് പെറു സ്വീകരിച്ചത്. 

ആദ്യപകുതിയില്‍ കൃത്യമായ മുന്‍തൂക്കം ടിറ്റെയുടെ ബ്രസീലിനായിരുന്നു. രണ്ട് പെറു താരങ്ങളെ കബളിപ്പിച്ചുള്ള നെയ്മറുടെ മുന്നേറ്റത്തിനൊടുവില്‍ 35-ാം മിനുറ്റില്‍ പക്വേറ്റയുടെ ഇടംകാലന്‍ ഷോട്ട് ബ്രസീലിനെ മുന്നിലെത്തിച്ചു. ഇതോടെ ബ്രസീലിന് നിർണായക ലീഡായി. ഫിനിഷിംഗിലെ പിഴവില്ലായിരുന്നെങ്കില്‍ 45 മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ബ്രസീലിന് ഗോള്‍മഴ പെയ്യിക്കാമായിരുന്നു. ആദ്യപകുതിയില്‍ തന്നെ ഏഴ് ഷോട്ടുകളാണ് ബ്രസീലിയന്‍ താരങ്ങള്‍ ടാർഗറ്റിലേക്ക് പായിച്ചത്. 

രണ്ടാംപകുതിയിലും ബ്രസീലിയന്‍ മേധാവിത്വത്തിന് മാറ്റമുണ്ടായില്ല. എന്നാല്‍ 61-ാം മിനുറ്റില്‍ പെറു മുന്നേറ്റം സില്‍വ നിർവീര്യമാക്കി. 71-ാം മിനുറ്റില്‍ റിച്ചാർലിസണെ വീഴ്ത്തിയതിന് ബ്രസീലിയന്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറിയുടെ തീരുമാനം കോർണറില്‍ ഒതുങ്ങി. സമനിലക്കായുള്ള പെറുവിന്‍റെ ശ്രമങ്ങള്‍ക്ക് അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമിലും വീര്യമില്ലാതായതോടെ ബ്രസീല്‍ കലാശപ്പോരിന് ടിക്കറ്റുറപ്പിക്കുകയായിരുന്നു. 

ഇക്വഡോറിനെ പൂട്ടി അർജന്‍റീന; കോപ്പ അമേരിക്ക സെമി ലൈനപ്പായി

റിയോ: കോപ്പ അമേരിക്ക ക്വാർട്ടറില്‍ ഇക്വഡോറിനെതിരെ അർജന്‍റീന വിജയിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പായി. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ പെറുവിനെയും അർജന്‍റീന കൊളംബിയയേയും നേരിടും. ലിയോണല്‍ മെസി ഇരട്ട അസിസ്റ്റും ഒരു ഗോളുമായി കളംനിറഞ്ഞ മത്സരത്തില്‍ 3-0നാണ് അർജന്‍റീന ഇക്വഡോറിനെ മലർത്തിയടിച്ചത്. 

മെസി-മാർട്ടിനസ്-ഗോണ്‍സാലസ് സഖ്യത്തെ ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയില്‍ ശക്തമായ സ്റ്റാർട്ടിംഗ് ഇലവനുമായാണ് അർജന്‍റീന മൈതാനത്തിറങ്ങിയത്. വലന്‍സിയയും മെനയും പലാസ്യാസും അണിനിരന്ന മുന്നേറ്റനിരയുമായി ഇക്വഡോറിനും 4-3-3 ഫോർമേഷനായിരുന്നു കളത്തില്‍. ആദ്യപകുതിയില്‍ 40-ാം മിനുറ്റില്‍ അർജന്‍റീന മത്സരത്തില്‍ മുന്നിലെത്തി. ലിയോണല്‍ മെസിയുടെ അസിസ്റ്റില്‍ മധ്യനിരതാരം റോഡ്രിഗോ ഡി പോളാണ് ഗോള്‍ നേടിയത്. ഗോണ്‍സാലിന്‍റെ മുന്നേറ്റം ബോക്സിന് പുറത്തുവച്ച് ഇക്വഡോർ ഗോളി ഗാലിന്‍ഡസ് തടുത്തെങ്കിലും പന്ത് കാല്‍ക്കലെത്തിയ മെസി, ഡി പോളിന് മറിച്ചുനല്‍കിയതോടെ വല ചലിക്കുകയായിരുന്നു. റോഡ്രിഗോ ഡി പോളിന്‍റെ ആദ്യ അന്താരാഷ്‍ട്ര ഗോളാണിത്.

ഡി മരിയ 71-ാം മിനുറ്റില്‍ കളത്തിലെത്തിയതോടെ അർജന്‍റീനന്‍ വേഗം ഇരട്ടിച്ചു. അർജന്‍റീന 84-ാം മിനുറ്റില്‍ ലീഡ് രണ്ടാക്കി. ഇക്വഡോർ പ്രതിരോധപ്പിഴവില്‍ പന്ത് റാഞ്ചി ലിയോണല്‍ മെസി നല്‍കിയ അസിസ്റ്റില്‍ മാർട്ടിനസാണ് ലക്ഷ്യം കണ്ടത്. ഇഞ്ചുറിടൈമില്‍ ഏഞ്ചല്‍ ഡി മരിയയെ ബോക്സിന് തൊട്ടുപുറത്ത് ഫൗള്‍ ചെയ്തതിന് അർജന്‍റീനക്ക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. രണ്ടാം മഞ്ഞക്കാർഡ് കിട്ടിയ ഹിന്‍കാപ്പി ചുവപ്പ് കാർഡ് കണ്ടു മടങ്ങുകയും ചെയ്തു. ഫ്രീകിക്കെടുത്ത മെസി സുന്ദരമായി പന്ത് വലയിലേക്ക് ചരിച്ചുവിട്ടു. 

അതേസമയം ഉറുഗ്വേയെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കൊളംബിയ സെമിയിലെത്തിയത്. രണ്ട് സേവുകളുമായി  നായകന്‍ കൂടിയായ ഡേവിഡ് ഒസ്പീനയാണ് കൊളംബിയയുടെ വിജയശില്‍പി. ബ്രസീല്‍-പെറു ആദ്യ സെമി ആറാം തിയതി ഇന്ത്യന്‍ സമയം പുലർച്ചെ 4.30നും അർജന്‍റീന-കൊളംബിയ രണ്ടാം സെമി ഏഴാം തിയതി പുലർച്ചെ 6.30നും നടക്കും. 

സ്വിസ് പ്രതിരോധവും കടന്ന് സ്‌പെയ്ന്‍; സെമിയില്‍ കടന്നത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് സ്‌പെയ്ന്‍ യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1. ഡെന്നിസ് സക്കറിയയുടെ സെല്‍ഫ് ഗോളിലൂടെ സ്‌പെയ്ന്‍ ലീഡ് നേടി. സെദ്രാന്‍ ഷാകീരിയുടെ വകയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറുപടി ഗോള്‍. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 1-3ന് സ്‌പെയ്ന്‍ ജയം കണ്ടു. 77-ാം മിനിറ്റില്‍ റെമോ ഫ്രെവുലര്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സ്വിസ് പടയ്ക്ക് തിരിച്ചടിയായി. 

ഗോള്‍മഴയുടെ സൂചന നല്‍കി എട്ടാം മിനിറ്റില്‍ തന്നെ സ്‌പെയ്ന്‍ മുന്നിലെത്തി. കോക്കെയുടെ കോര്‍ണറില്‍ ജോര്‍ഡി ആല്‍ബയുടെ വോളി പ്രതിരോധതാരം ഡെന്നിസ് സക്കറിയയുടെ കാലില്‍ തട്ടി വലയിലേക്ക്. 17-ാം മിനിറ്റില്‍ കോക്കെയുടെ ഫ്രീകിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 25-ാം മിനിറ്റില്‍ കോക്കെയുടെ മറ്റൊരു കോര്‍ണറില്‍ അസ്പ്ലിക്വേറ്റയുടെ ഒരു ഫ്രീ ഹെഡ്ഡര്‍ യാന്‍ സോമ്മര്‍ കയ്യിലൊതുക്കിയതോടെ ആദ്യ പകുതിക്ക് വൈകാതെ അവസാനമായി.

രണ്ടാം പകുകിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നേറ്റം കടുപ്പിച്ചു. 64-ാം മിനിറ്റില്‍ റൂബന്‍ വര്‍ഗാസ് ഒരുക്കികൊടുത്ത അവസരം സ്റ്റീവന്‍ സുബര്‍ പാഴാക്കി. താരത്തിന്റെ ശക്തിയില്ലാത്ത ഷോട്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണ്‍ രക്ഷപ്പെടുത്തി. 68-ാം മിനിറ്റില്‍ സ്പാനിഷ് പ്രതിരോധത്തിലെ പൊരുത്തമില്ലായ്മ സ്വിറ്റ്‌സര്‍ലന്‍ഡിന് സമനില ഗോള്‍ സമ്മാനിച്ചു. അയ്മറിക് ലാപോര്‍ട്ട്, പൗ ടോറസ് എന്നിവരുടെ പിഴവില്‍ നിന്ന് പന്ത് തട്ടിയെടുത്ത സെദ്രാന്‍ ഷാകീരി വല കുലുക്കി.

77-ാം മിനിറ്റില്‍ റെമോ ഫ്രെവുലര്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സ്വിസിന് തിരിച്ചടിയായി. എങ്കിലും നിശ്ചിത സമയം വരെ പ്രതിരോധിച്ച് നില്‍ക്കാന്‍ അവര്‍ക്കായി. 84-ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനൊയുടെ ഷോട്ട് സോമ്മര്‍ രക്ഷപ്പെടുത്തി. മത്സരം അധികസമയത്തേക്ക് നീണ്ടപ്പോല്‍ 92-ാം മിറ്റില്‍ മൊറോനോ ബോകില്‍ നിന്ന് തൊടുത്ത ഷോട്ടും സോമ്മര്‍ രക്ഷപ്പെടുത്തി. പത്തോളം ഷോട്ടുകളാണ് സോമ്മര്‍ രക്ഷപ്പെടുത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്വിറ്റ്‌സര്‍ലന്‍ഡിനെ സംരക്ഷിച്ച് നിര്‍ത്തിയത് സോമ്മറിന്റെ പ്രകടനമാണ്.

മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. സ്‌പെയ്‌നിന് വേണ്ടി കിക്കെടുത്ത സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന് പിഴച്ചു. താരത്തിന്റെ ചിപ് ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങി. സ്വിസിനായി കിക്കെടുത്ത മാരിയോ ഗാവ്രനോവിച്ച് ലക്ഷ്യം തെറ്റിച്ചില്ല. ഡാനി ഓല്‍മോ സ്‌പെയ്‌നിനെ ഒപ്പമെത്തിച്ചു. സ്വിസ് താരം ഫാബിയന്‍ ഷാറിന് പിഴക്കുകയും ചെയ്തു. മൂന്നാം കിക്കെടുത്ത ഇരു ടീമിലേയും താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. സ്‌പെയ്‌നിന് റോഡ്രിയും സ്വിസിനായി മാനുവല്‍ അകഞിയുമാണ് കിക്കെടുത്തത്. സ്‌പെയ്‌നിനായി നാലാം കിക്കെടുത്ത ജെറാര്‍ഡ് മൊറേനോ ഗോള്‍വര കടത്തി. എന്നാല്‍ സ്വിസ് താരം റുബന്‍ വര്‍ഗാസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. മികേല്‍ ഒയര്‍സബാള്‍ ലക്ഷ്യം കണ്ടതോടെ സ്‌പെയ്‌നിന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 3-1ന്റെ ജയം.

കാലിന് പരിക്ക് ; സെറിന വിംബിള്‍ഡണില്‍ നിന്ന് പിന്മറി

ലണ്ടന്‍: യു എസ് താരം സെറിന വില്യംസ് പരിക്കിനെ തുടര്‍ന്ന് വിംബിള്‍ഡണില്‍ നിന്ന് പിന്മാറി. ഏഴ് തവണ വിംബിള്‍ഡണ്‍ നേടിയിട്ടുള്ള സെറിന ആദ്യ റൗണ്ട് പൂര്‍ത്തിയാക്കാതെയാണ് മടങ്ങുന്നത്. ബലാറസിന്റെ അലക്‌സാണ്ട്ര സാസ്‌നോവിച്ചുമായുള്ള മത്സരത്തിനിടെയാണ് സെറിനയുടെ കാലിന് പരിക്കേല്‍ക്കുന്നത്. ആദ്യ സെറ്റില്‍ സ്‌കോര്‍ 3-3ല്‍ നില്‍ക്കുമ്പോഴായിരുന്നു 39 കാരിയുടെ പിന്മാറ്റം.

ബെല്‍ജിയം-പോർച്ചുഗല്‍ സൂപ്പർപോരാട്ടം രാത്രി, കണ്ണുകള്‍ റോണോയില്‍

യൂറോ കപ്പ് ക്വാർട്ടറിൽ ഇറ്റലിയുടെ എതിരാളികൾ ആരെന്ന് ഇന്നറിയാം. ടൂർണമെന്‍റിലെ സൂപ്പർ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെ നേരിടും. രാത്രി 12.30നാണ് പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റൊമേലു ലുക്കാക്കുവും നേർക്കുനേർ വരുന്ന മത്സരമാണിത്. 

റെക്കോർഡ് കാത്ത് റോണോ

ചരിത്രം തിരുത്തുന്ന മത്സരമാണ് ബെൽജിയത്തിന്‍റെയും പോർച്ചുഗലിന്‍റേയും ആരാധകർ ഒരേസമയം കാത്തിരിക്കുന്നത്. ബെൽജിയം ജയിച്ചാൽ 32 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാവുക. പോർച്ചുഗലിനെതിരെ മൂന്ന് പതിറ്റാണ്ട് കാത്തിരുന്ന് നേടുന്ന ജയം. പോർച്ചുഗൽ ആരാധകർ ജയത്തിനൊപ്പം ആഗ്രഹിക്കുന്നത് റൊണാൾഡോയുടെ ഒരു ഗോൾ കൂടിയാണ്. അന്താരാഷ്ട്ര ഗോൾ വേട്ടക്കാരിൽ ഒറ്റയ്ക്ക് മുന്നിലെത്താൻ റോണോയ്ക്ക് ഒരു ഗോൾ കൂടി വേണം. 

യൂറോയ്ക്ക് മുൻപൊരു സൗഹൃദ മത്സരത്തിലാണ് ഇരുടീമും അവസാനം നേർക്കുനേർ വന്നത്. ഗോളടിക്കാൻ മറന്ന് പോയൊരു സമനിലയായിരുന്നു ഫലം. 2020ലെ യുവേഫ നേഷൻസ് കപ്പ് മത്സരത്തിൽ ഇംഗണ്ടിനോട് തോറ്റതിൽ പിന്നെ അപരാജിത കുതിപ്പാണ് ബെൽജിയം നടത്തുന്നത്. തോൽവിയറിയാതെ 12 മത്സരങ്ങൾ. അതിൽ പത്തിലും ജയം. യൂറോയിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇറ്റലിയെയും നെതർലന്‍ഡിനെയും പോലെ എല്ലാ മത്സരവും ജയിച്ച് കയറി. 

 

അതേസമയം മരണഗ്രൂപ്പിൽ ഫ്രാൻസിനോട് സമനില പിടിച്ചതോടെ അടുത്ത റൗണ്ടിലേക്ക് ജീവൻ നീട്ടിയെടുക്കുകയായിരുന്നു പോർച്ചുഗൽ. സ്ഥിരതയില്ലായ്മ പ്രശ്നമാണ്. അവസാന അഞ്ച് കളികളിൽ രണ്ടിൽ മാത്രമാണ് പോർച്ചുഗലിന് ജയിക്കാനായത്. 

പോരാട്ടം കരുത്തർ തമ്മില്‍

റഷ്യയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ബെൽജിയം ഫുൾ ബാക്ക് തിമോത്തി കാസ്റ്റിഗ്നേ ഇന്നും കളിക്കില്ല. കെവിന്‍ ഡിബ്രുയിനും റൊമേലു ലുക്കാക്കുവിനുമൊപ്പം ഏഡന്‍ ഹസാർഡിനെയും റോബർട്ടോ മാർട്ടിനസ് ആദ്യ ഇലവനിൽ ഇറക്കിയേക്കും. 

മറുവശത്ത് അവസരം മുതലാക്കാനാകാതെ പോയ ജാവോ മൂട്ടിനോയ്ക്ക് പകരം ബ്രൂണോ ഫെർണാണ്ടസിനെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് തിരികെ കൊണ്ടുവരാനാണ് സാധ്യത. കായികക്ഷമത വീണ്ടെടുത്താൽ ലെഫ്റ്റ് ബാക് നൂനോ മെൻഡിസിനെയും പോർച്ചുഗീസ് നിരയിൽ കാണാം. 

യൂറോയിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ നെതർലൻഡ്സിന് ചെക്ക് റിപ്പബ്ലിക് ആണ് എതിരാളികൾ. രാത്രി 9.30നാണ് മത്സരം.

അർജന്റീന ടീമിനൊപ്പം പിറന്നാൾ ആഘോഷിച്ച് മെസി

അർജൻ്റീന ടീമിനൊപ്പം പിറന്നാൾ ആഘോഷിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. കോപ്പ അമേരിക്ക നടക്കുന്നതിനിടെയാണ് തൻ്റെ മുറിയിൽ വച്ച് സഹതാരങ്ങളുമായി മെസി ജന്മദിനം ആഘോഷിച്ചത്. ജന്മദിനാഘോഷത്തിൻ്റെ വിഡിയോ മെസി തന്നെ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മുൻപ് ബാഴ്സലോണയിൽ ഒപ്പം കളിച്ച ലൂയിസ് സുവാരസ്, റൊണാൾഡീഞ്ഞോ, ഡാനി ആൽവസ് തുടങ്ങിയവരും മെസിക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. താരത്തിൻ്റെ 34ആം ജന്മദിനമായിരുന്നു ഇന്നലെ ആഘോഷിച്ചത്.

ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍

യൂറോ കപ്പിലെ മരണ ഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇന്ന് നടന്ന ഫ്രാന്‍സ്- പോര്‍ച്ചുഗല്‍ മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് ചാംപ്യന്‍മാരായിട്ടാണ് ഫ്രാന്‍സ് അവസാന പതിനാറിലെത്തിയത്. ജര്‍മനി രണ്ടാം സ്ഥാനക്കാരയപ്പോള്‍ പോര്‍ച്ചുഗല്‍ മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരു ടീമായി. ഹംഗറിക്കെതിരെ ജര്‍മനി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് ഹംഗറി സമനില വഴങ്ങിയത്. 

ഫ്രാന്‍സിനെതിരെ പോര്‍ച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്.  ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് പോര്‍ച്ചുഗീസ് മധ്യനിര താരം ഡാനിലോ പെരേരയെ കൈകൊണ്ട് തലയ്ക്ക് ഇടിച്ചതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ക്രിസ്റ്റ്യാനോയ്ക്ക് പിഴച്ചില്ല. സ്‌കോര്‍ 1-0.

ഫ്രാന്‍സിന്റെ മറുപടി ഗോള്‍ മറ്റൊരു പെനാല്‍റ്റി കിക്കിലൂടെയായിരുന്നു. കെയ്‌ലിയന്‍ എംബാപ്പയെ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. ബെന്‍സേമ പന്ത് ഗോള്‍വര കടത്തുകയും ചെയ്തു. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റുകള്‍ക്കകം ഫ്രാന്‍സ് മുന്നിലത്തി. പോള്‍ പോഗ്ബയുടെ ത്രൂബോള്‍ ബെന്‍സേമ പോര്‍ച്ചുഗീസ് വലയില്‍ അടിച്ചുകയറ്റുകയായിരുന്നു.

60-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ സമനില ഗോളെത്തി. ഇത്തവണയും പെനാല്‍റ്റിയാണ് പോര്‍ച്ചുഗലിനെ തുണച്ചത്. ഫ്രഞ്ച് പ്രതിരോധതാരം ജുലെസ് കൗണ്ടെയുടെ കയ്യില്‍ തട്ടിയതിനായിരുന്നു പെനാല്‍റ്റി. റൊണാള്‍ഡോ ഒരിക്കല്‍കൂടി വല കുലുക്കി. ഇതോടെ മത്സരം 2-2ല്‍ അവസാനിച്ചു. 

അന്താരാഷ്ട്ര ഒളിമ്പിക് ദിനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച വെബിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പരസ്പര ബഹുമാനം, സൗഹൃദം, മികവ് എന്നീ മൂല്യങ്ങളാണ് ഒളിമ്പിക് ദിനം ഓർമ്മപ്പെടുത്തുന്നതെന്ന് ഗവർണർ പറഞ്ഞു. പ്രായ ലിംഗ ഭേദമന്യേ എല്ലാവരും കായികയിനങ്ങളിൽ പങ്കെടുക്കുന്നതിനായാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്.  ആരോഗ്യമുള്ള ഭാവിയിലേക്ക് ശാരീരികവും മാനസികവുമായി കരുത്താർജിക്കുന്നതിന് കായിക പരിശീലനം ആവശ്യമാണ്. ശാരീരിക ക്ഷമത കൈവരിച്ചാൽ മാത്രമേ മാനസിക ഉണർവ് ഉണ്ടാവൂ എന്നും ഏവരും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഗവർണർ പറഞ്ഞു. ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ച കേരള ഒളിമ്പിക് അസോസിയേഷനെ ഗവർണർ അഭിനന്ദിച്ചു.

സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കേരള താരങ്ങളെ ഭാവിയിൽ ഒളിമ്പിക്‌സിലേക്ക് തയ്യാറാക്കുന്നതിനുള്ള ശ്രമത്തിലാണ് കായിക വകുപ്പെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കായി ഒളിമ്പിക് മെഡൽ കേരളത്തിൽ നിന്നുള്ളവർ നേടണമെന്നാണ് ആഗ്രഹം. ദേശീയ സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പട്യാലയിലേക്ക് തിരിച്ച 43 അംഗ കേരള ടീമിൽ ഏറെ പ്രതീക്ഷയുണ്ട്. ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള അവസരമാണിത്. കഴിഞ്ഞ ദിവസം വിടപറഞ്ഞ കായിക താരം മിൽഖാസിംഗിനെ ചടങ്ങിൽ അനുസ്മരിച്ചു.
ദേശീയ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ഡോ.നരിന്ദർ ദ്രുവ് ബത്ര മുഖ്യപ്രഭാഷണം നടത്തി. ജേക്കബ് പുന്നൂസ്  ആശംസ അറിയിച്ചു. ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ബി സുനിൽ കുമാർ, ട്രഷറർ എം ആർ രഞ്ജിത്ത്, ഡോ. ജി കിഷോർ, പത്മിനി തോമസ്, ബാലഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

യൂറോയില്‍ ഓസ്‌ട്രിയന്‍ താരത്തിന് വിലക്ക്

എതിര്‍താരത്തെ അപമാനിച്ചു; നടപടി ഒഴിവായത് തലനാരിഴയ്ക്ക്.

യൂറോ കപ്പില്‍ ഓസ്‌ട്രിയന്‍ താരത്തിന് ഒരു കളിയിൽ വിലക്ക്. മാര്‍ക്കോ അര്‍നോട്ടോവിച്ചിന് എതിരെയാണ് യുവേഫയു‍ടെ നടപടി. നോര്‍ത്ത് മാസിഡോണിയന്‍ താരം അലിയോസ്‌കിയെ അധിക്ഷേപിച്ചതിനാണ് നടപടി. താരത്തിന് ഹോളണ്ടിനെതിരായ ഇന്നത്തെ മത്സരം നഷ്ടമാകും.ഞായറാഴ്‌ചത്തെ മത്സരത്തിൽ ഗോള്‍ നേടിയതിന് ശേഷമുള്ള ആഘോഷത്തിനിടെ ആയിരുന്നു സംഭവം.ആൽബിയന്‍ വംശജനായ അലിയോസ്‌കിയോട് പ്രകോപനപരമായി മാര്‍ക്കോ സംസാരിച്ചപ്പോള്‍ ഓസ്‌ട്രിയന്‍ നായകന്‍ പിടിച്ചുമാറ്റുകയായിരുന്നു. വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപണം ഉണ്ടായിരുന്നെങ്കിലും മാര്‍ക്കോ പറഞ്ഞത് കേട്ടില്ലെന്ന് അലിയോസ്‌കി പ്രതികരിച്ചതിനാല്‍ കടുത്ത നടപടി ഒഴിവായി. വംശീയാധിക്ഷേപം തെളിഞ്ഞിരുന്നെങ്കില്‍ 10 കളിയിൽ വിലക്ക് നേരിട്ടേനെ.

ഇരട്ട ഗോളുമായി ലോക്കടെല്ലി; സ്വിസ് കോട്ടയും തകര്‍ത്ത് അസൂറികള്‍.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ആധികാരിക ജയത്തോടെ ഇറ്റലി യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എയില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റോബര്‍ട്ടോ മാന്‍സീനിയുടെ നീലപ്പട സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ചത്. മാനുവല്‍ ലോക്കടെല്ലിയാണ് ഇറ്റലിയുടെ രണ്ട് ഗോളുകള്‍ നേടിയ്ത. സിറൊ ഇമ്മൊബീലിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ആദ്യ മത്സരത്തില്‍ തുര്‍ക്കിയെ തോല്‍പ്പിച്ച ഇറ്റലി ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ്. അസൂറികളുടെ സമഗ്രാധിപത്യമായിരുന്നു മത്സരത്തില്‍. 10-ാം മിനിറ്റില്‍ തന്നെ ആദ്യ അവസരം സൃഷ്ടിച്ചു. ലിയൊണാര്‍ഡോ സ്പിനസോളയുടെ ക്രോസില്‍ ഇമ്മൊബീല്‍ തലവച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 19-ാ മിനിറ്റില്‍ ജിയോര്‍ജിയോ കെല്ലിനി ഇറ്റലിക്കായി ഗോള്‍ നേടിയെങ്കിലും വാര്‍ വിനയായി.26-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി.രണ്ടാം ഗോളിന് 52-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.നിക്കോളോ ബരേല്ലയുടെ പാസ് സ്വീകരിച്ച ലോക്കടെല്ലിയുടെ ഇടങ്കാലന് ഷോട്ട് ക്രോസ്ബാറിന് താഴെ വലത് മൂലയിയില്‍ പതിച്ചു. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രമുള്ളപ്പോള്‍ ഇമ്മൊബീല്‍ പട്ടിക പൂര്‍ത്തിയാക്കി.ഈ വിജയം ഇറ്റലിയുടെ തുടര്‍ച്ചയായ പത്താം വിജയമാണ്.

Verified by MonsterInsights