ചങ്ങല വലിച്ചല്ല,​ അടിയന്തരസാഹചര്യത്തിൽ വന്ദേഭാരത് ട്രെയിൻ എങ്ങനെ നിർത്തുമെന്ന് അറിയാമോ

ട്രെയിനിൽ സഞ്ചരിക്കുമ്പോൾ നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും കംപാർട്‌മെന്റിന്റെ വശങ്ങളിൽ കാണുന്ന ചങ്ങല. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ട്രെയിൻ നിർത്താനാണ് ഈ ചങ്ങല. സാധാരണ ട്രെയിനുകളിൽ ഈ ചങ്ങലയുണ്ട്. എന്നാൽ വന്ദേഭാരത് ട്രെയിനിലോ?. പലരുടെയും സംശയമാണ് വന്ദേഭാരത് ട്രെയിൻ അടിയന്തര സാഹചര്യത്തിൽ എങ്ങനെ നിർത്തുമെന്നത്. ഇന്ന് കേരളത്തിൽ നിരവധിപേരാണ് വന്ദേഭാരതിനെ ആശ്രയിക്കുന്നത്.

സമയലാഭത്തിന്റെ കാര്യത്തിലായാലും മെച്ചപ്പെട്ട യാത്രാ സൗകര്യത്തിന്റെ കാര്യത്തിലായാലും വന്ദേഭാരത് ഒരുപടി മുകളിലാണ്. സാധാരണ ട്രെയിനുകളിൽ 10 മുതൽ 14 മണിക്കൂ‌ർ വരെ ആവശ്യമായ യാത്രകൾക്ക് വന്ദേഭാരതിൽ പരമാവധി എട്ട് മണിക്കൂർ മതി. അപ്പോൾ അത്തരം വന്ദേഭാരത് അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ നിർത്തണമെന്ന് പലർക്കും അറിയില്ല. സാധാരണ ട്രെയിനിലുള്ള ചങ്ങലയും ഇതിൽ ഉണ്ടാകില്ല. പിന്നെ ട്രെയിൻ എങ്ങനെ നിർത്തും എന്നല്ലേ?

മണിക്കൂറിൽ 120 മുതൽ 180 കിലോമീറ്റർ വേഗതയിൽ വരെ ഓടാൻ കഴിയുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ പെട്ടെന്ന് നിർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ ട്രെയിൻ നിർത്തണമെങ്കിൽ യാത്രക്കാർക്ക് അധികൃതരെ വിവരമറിയിക്കാനും ലോക്കോ പെെലറ്റുമായി ബന്ധപ്പെടാനും അലാറം ബട്ടൻ സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ.

അലാറം ഘടിപ്പിച്ചിരിക്കുന്ന സ്ഥലത്ത് ഒരു ക്യാമറയും മെെക്കും ഉണ്ട്. അലാറം മുഴക്കിയാൽ ലോക്കോ പെെലറ്റിന് നിങ്ങളെ കാണാനും സംസാരിക്കാനും കഴിയും. അടിയന്തര സാഹചര്യമാണെന്ന് ലോക്കോ പെെലറ്റിന് ബോദ്ധ്യപ്പെട്ടാൽ ട്രെയിൻ നിർത്തും. അനാവശ്യമായി അലാറം മുഴക്കുന്നവർക്കെതിരെ ഇന്ത്യൻ റെയിൽവേ കടുത്ത നടപടി സ്വീകരിക്കുകയും ചെയ്യും.

Verified by MonsterInsights