ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ; കൂടുതൽ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരം

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡ് ഇനി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. യൂറോ 2024 ന്റെ യോഗ്യത മത്സരത്തിൽ ലിച്ചൻസ്റ്റീനെതിരെ കളിക്കാനിറങ്ങിയതോടെയാണ് ലോകഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയ റെക്കോർഡുകളിലൊന്ന് കൂടി റോണോയ്ക്ക് സ്വന്തമായത്. അന്താരാഷ്ട്ര കരിയറിൽ റൊണാൾഡോയുടെ 197ാമത്തെ മത്സരമായിരുന്നു ലിച്ചൻസ്റ്റീനെതിരെ നടന്നത്.

2003-2022 കാലഘട്ടത്തിൽ 196 മത്സരങ്ങൾ കളിച്ച കുവൈറ്റ് ഇതിഹാസ താരം ബദർ അൽ മുതവയുടെ റെക്കോർഡാണ് റൊണാൾഡോ ഇപ്പോൾ പഴങ്കഥയാക്കിയത്‌. മുൻപ് 1969-1984 സമയത്ത് 195 മത്സരങ്ങൾ കളിച്ച മലേഷ്യയുടെ സോ ചിൻ ആനിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്.

ഇപ്പോഴും കളിക്കളത്തിൽ നിറഞ്ഞുകളിക്കുന്ന റൊണാൾഡോ ഇനിയും ഏറേ നാൾ തുടർന്നേക്കുമെന്നതിനാല്‌ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളുടെ ലോക റെക്കോർഡ് അടുത്തെങ്ങും ആർക്കും മറികടക്കാനാവില്ല എന്ന് ഉറപ്പാണ്.

2003 ലാണ് പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ അരങ്ങേറ്റം കുറിച്ചത്. നിലവിൽ 197 മത്സരങ്ങളിലെത്തി നിൽക്കുന്ന അന്താരാഷ്ട്ര കരിയറിൽ 118 ഗോളുകളും അദ്ദേഹം സ്കോർ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും സിആർ7ന് സ്വന്തമാണ്.

2021 സെപ്റ്റംബറിലായിരുന്നു ഇറാൻ ഇതിഹാസം അലി ദേയിയുടെ പേരിലുണ്ടായിരുന്ന 109 അന്താരാഷ്ട്ര ഗോളിന്റെ റെക്കോർഡ് റോണോ മറികടന്നത്. നിലവിൽ സജീവ ഫുട്ബോളിൽ തുടരുന്നതിൽ അർജന്റൈൻ ഇതിഹാസം ലയണൽ മെസിയാണ് (98 ഗോളുകൾ) കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയവരിൽ റോണോയ്ക്ക് പിന്നിൽ.

അന്താരാഷ്ട്ര ഫുട്ബോളിലെ പല റെക്കോർഡുകളും സ്വന്തമാക്കിയ റൊണാൾഡോയുടെ പേരിലാണ് കൂടുതൽ ഹാട്രിക്കുകളുടെ റെക്കോർഡും. നിലവിൽ 10 ഹാട്രിക്കുകളാണ് അന്താരാഷ്ട്ര തലത്തിൽ ഈ 38കാരന്റെ സമ്പാദ്യം. 10 ഹാട്രിക്കുകൾ നേടുന്ന ആദ്യ താരം കൂടിയാണ് അദ്ദേഹം. 2021 ഒക്ടോബറിൽ ലക്സംബർഗിനെതിരെ ഹാട്രിക്ക് കുറിച്ചായിരുന്നു റോണോ പോർച്ചുഗൽ ജേഴ്സിയിൽ തന്റെ ഹാട്രിക്കുകൾ 10 ആക്കിയത്.