ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിനിടെ ‘പ്രേത’രൂപം

ലോകമെമ്പാടുമുള്ള ആളുകൾ ആകാംഷയോടെ വീക്ഷിച്ച ഒരു ചരിത്രസംഭവമാണ് ചാൾസ് മൂന്നാമൻ യുണൈറ്റഡ് കിംഗ്ഡത്തിന്റെ രാജാവായി കിരീടമണിഞ്ഞത്. 70 വർഷത്തിനിടെ രാജ്യത്ത് നടന്ന ആദ്യത്തെ കിരീടധാരണമായിരുന്നു ഇത്.  ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബേയിൽ ആഘോഷാരവങ്ങൾ മുഴങ്ങിയ അതേസമയത്ത് കരയിലും കടലിലും ആചാരത്തിന്റെ ഭാഗമായി വെടിയൊച്ചകൾ ഉയർന്നു. 2,000-ലധികം അതിഥികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു എന്നാണ് റിപ്പോർട്ട്. അവരിൽ പലരും രാജകുടുംബത്തിലെ ഉന്നതരും വിശിഷ്ട വ്യക്തികളും രാഷ്ട്രീയക്കാരും ആയിരുന്നു. നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് പോലും തത്സമയ സംപ്രേക്ഷണത്തിലൂടെ ചടങ്ങിന് സാക്ഷ്യം വഹിച്ചതിൽ നന്ദി രേഖപെടുത്തിയിരുന്നു.

അതേസമയം ഈ ആഘോഷങ്ങൾക്കെല്ലാമിടയിൽ ആബേയിൽ വിചിത്രവും നിഗൂഢവുമായ ഒരു കാര്യം സംഭവിച്ചു. വീട്ടിൽ ഇരുന്ന് തത്സമയ സംപ്രേക്ഷണം ടി വിയിൽ വീക്ഷിച്ച ചില പ്രേക്ഷകർ ഹാളിന് പുറത്തുള്ള ഇടനാഴിയിൽ അരിവാളിനോട് സാമ്യമുള്ള ഒരു വസ്തു കൈയ്യിൽ പിടിച്ച് തല മറയുന്ന പോലുള്ള വസ്ത്രവും ധരിച്ച ഒരാൾ നടക്കുന്നത് കണ്ടു. വിചിത്രമായ ഈ കാഴ്ചയുടെ വീഡിയോകൾ വൈറലായതോടെ പല ഊഹാപോഹങ്ങളും പ്രചരിക്കാൻ തുടങ്ങി. ഇത് ഇന്റർനെറ്റിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

വീഡിയോയിൽ കണ്ട ആ നിഗൂഢ രൂപം വൈദികരുടെ കൂട്ടത്തിലെ ഒരു അംഗമായിരിക്കാമെന്ന് ചിലർ അനുമാനിക്കുമ്പോൾ മറ്റു ചിലർ അല്പം കൂടി കടുത്ത സംശയങ്ങളിലേക്കാണ് പോകുന്നത്.

അതിനിടെ ഇത് എഡിറ്റ് ചെയ്തതാണെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം ഒരു രാജഭക്തൻ കടുത്ത ആകുലതയോടെ പങ്ക് വച്ചത് ” സാഹചര്യം വളരെ ഭയാനകമാണ്, ഇത് അത്ര നല്ല ലക്ഷണമല്ല ” എന്നായിരുന്നു.

ഗൂഢാലോചന സിദ്ധാന്തങ്ങൾ മുതൽ കൂടുതൽ യുക്തിസഹമായ വിശദീകരണങ്ങൾ വരെ സോഷ്യൽ മീഡിയയിൽ അലയടിക്കുകയാണ്. ഡയാന രാജകുമാരിയുടെ പ്രതികാരമാണോ ഇത് എന്നായിരുന്നു ഒരാളുടെ സംശയം. കിരീടധാരണ സമയത്ത് യുക്രേനിയൻ പതാക തറയിൽ വെച്ചത് എന്തുകൊണ്ടാണെന്നും, വാതിലിന് കുറുകെ നടന്നു പോയ ആ രൂപം ശ്രദ്ധ തെറ്റിച്ചെന്നും ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞു.

കൂടുതൽ ആശങ്ക പടർത്തുന്ന കഥകളും ചിലർ പങ്ക് വയ്ക്കുന്നുണ്ട്. ഏതായാലും മുഖം വ്യക്തമല്ലാത്ത ആ രൂപത്തിന്റെ നിഗൂഢതയെ സംബന്ധിച്ച് കൂടുതൽ ആളുകൾ തങ്ങളുടേതായ അഭിപ്രായങ്ങളുമായി രംഗത്തെത്തുകയാണ്. ഈ സംഭവം ലോകമെമ്പാടുമുള്ള ആളുകളുടെ ഭാവനയെ ഉണർത്തിയിട്ടുണ്ട് എന്നതാണ് വാസ്തവം. ഇതിന് പിന്നിലെ സത്യം എന്താണെന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.

ലോക നേതാക്കൾ, രാജാക്കന്മാർ, രാജ്ഞികൾ, രാജകുമാരന്മാർ, രാജകുമാരിമാർ എന്നിവരുൾപ്പെടെ നിരവധി വിദേശ രാജകുടുംബങ്ങൾ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. അമേരിക്കയുടെ പ്രഥമ വനിത ജിൽ ബൈഡനും കൊച്ചുമകൾ ഫിനെഗൻ ബൈഡനും യുക്രെയ്നിലെ പ്രഥമ വനിത ഒലീന സെലെൻസ്കയും യുക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് സ്മിഹാലും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും ബ്രസീലിന്റെ പ്രഥമ വനിത റൊസാംഗേല ജൻജ ഡ സിൽവയുമൊക്കെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.