ചാള്‍സ് രാജാവിന്റെ കിരീടധാരണം; പ്രധാനമന്ത്രി ഋഷി സുനക് ബൈബിള്‍ വായിക്കും

ലണ്ടന്‍: ചാള്‍സ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക് ബൈബിൾഭാഗം വായിക്കും. മെയ് ആറിനാണ് കിരീടധാരണ ചടങ്ങ്. ചടങ്ങുമായി ബന്ധപ്പെട്ടുള്ള കാര്യപരിപാടികള്‍ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

മറ്റ് മതവിശ്വാസ പാരമ്പര്യത്തിലുള്ള അംഗങ്ങളും ചടങ്ങില്‍ പ്രധാന പങ്കു വഹിക്കുമെന്ന് കാന്റര്‍ബൈറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി അറിയിച്ചു. ഇതാദ്യമായാണ് മറ്റ് മതസ്ഥരുടെ സേവനം ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ചില കാര്യങ്ങൾ കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ കിരീടധാരണ ചടങ്ങ് നടത്തുക. കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ വിഭാഗം ആളുകളുടെയും മേല്‍ ക്രിസ്തുവിന്റെ അനുഗ്രഹം ചൊരിയാൻ ഇത് സഹായിക്കുമെന്ന് ലാംബെത്ത് പാലസ് വൃത്തങ്ങള്‍ അറിയിച്ചു.

സര്‍ക്കാര്‍ തലവന്‍ എന്ന നിലയില്‍ ഋഷി സുനക് ബൈബിൾ വായിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ക്രിസ്തീയ വിശ്വാസപ്രകാരമാണ് ചടങ്ങ് നടക്കുന്നതെങ്കിലും എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസത്തിന് ചടങ്ങില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ വിശ്വാസത്തിലും അനുഭാവം പ്രകടിപ്പിക്കും. കാലങ്ങളായി പിന്തുടരുന്ന മൂന്ന് പ്രതിജ്ഞകള്‍ക്ക് മുമ്പായി പുതിയ വിശ്വാസ വാക്യം വായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സേവനം എന്ന പ്രമേയത്തിലാണ് ചടങ്ങ് മുന്നോട്ട് കൊണ്ടുപോകുന്നത്.” നമ്മുടെ രാജ്യത്തിന്റെ മഹത്തായ ചരിത്രത്തോടും പാരമ്പര്യത്തോടും നീതി പുലര്‍ത്തുന്ന ചടങ്ങായിരിക്കുമിത്. അതില്‍ ഞാന്‍ സന്തുഷ്ടവാനാണ്. സമകാലിക സമൂഹത്തിലെ എല്ലാ വൈവിധ്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ചടങ്ങാണ് സംഘടിപ്പിക്കുക,” ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു.

ചാള്‍സ് രാജാവിന്റെ അമ്മ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം മുതലുള്ള യുകെയുടെ എല്ലാ മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന ചടങ്ങായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും സേവിക്കാനുള്ള പരമാധികാര കടമയും പ്രതിഫലിപ്പിക്കുന്നതിനായി പ്രത്യേകം എഴുതി തയ്യാറാക്കിയ വാക്യങ്ങളും ചൊല്ലുമെന്ന് വെല്‍ബി കൂട്ടിച്ചേര്‍ത്തു.ജെയ്ന്‍, മുസ്ലിം, സിഖ്, ജൂത മതം എന്നിവയിലെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരാകുമെന്ന് ചര്‍ച്ച് പ്രതിനിധികള്‍ അറിയിച്ചു.

84കാരനായ നരേന്ദ്ര ബാബുഭായ് പട്ടേല്‍ എന്നയാളാണ് ഹിന്ദു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നത്. ഇദ്ദേഹം പരമാധികാര മോതിരം ചാള്‍സ് രാജാവിന്നല്‍കും. സിഖ് വിഭാഗത്തെ പ്രതിനിധീകരിച്ച് ലോര്‍ഡ് ഇന്ദ്രജിത്ത് സിംഗ് കിരീടധാരണത്തിനുള്ള ഗ്ലാവ് ചാള്‍സിന് സമ്മാനിക്കും. മുസ്ലീംവിഭാഗത്തെ പ്രതിനിധീകരിച്ച് എത്തുന്നത് ലോര്‍ഡ് സെയ്ദ് കമാല്‍ ആണ്. ഇദ്ദേഹം ചാള്‍സ് രാജാവിന് ബ്രേസ്ലൈറ്റ്‌സ് നല്‍കുമെന്നും ബക്കിംഗ്ഹാം പാലസ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.

ആയിരക്കണക്കിന് പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബേ പരിസരത്ത് എത്തുക. ലക്ഷക്കണക്കിന് പേര്‍ ചടങ്ങ് തത്സമയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Verified by MonsterInsights