ചൈനയുടെ പ്രസിഡന്റായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു ഷി ജിൻപിങ്

തുടർച്ചയായ മൂന്നാം വട്ടവും ചൈനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷി ജിൻപിങ്ങിന് വിപ്ലവാഭിവാദ്യങ്ങൾ നേർന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള രാഷ്ട്രീയത്തിൽ ശക്തമായ ശബ്ദമായി ചൈന ഉയർന്നു വന്നത് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രിയുടെ ട്വീറ്റിൽ പറയുന്നു. കൂടുതൽ ഉന്നതിയിലേക്കുള്ള ചൈനയുടെ മുന്നേറ്റങ്ങൾക്ക് ആശംസകളെന്നും ട്വീറ്റിൽ പറയുന്നു.

ചൈനയിലെ പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി)യിലെ മൂവായിരത്തോളം അംഗങ്ങൾ, 69-കാരനായ ഷി ജിൻപിങ്ങിനു വോട്ടുചെയ്യുകയായിരുന്നു. ഷി ജിൻപിങ്ങിനെതിരെ മത്സര രംഗത്ത് ആരുമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

പാർട്ടി കോൺഗ്രസിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാവോ സേതുങ്ങിന് ശേഷം ആദ്യമായാണ് മൂന്നാം തവണ ഒരാൾതന്നെ പാർട്ടി ജനറൽ സെക്രട്ടറിയാകുന്നത്.

തുടർച്ചയായി രണ്ടു തവണയിലധികം ഒരാൾ പ്രസിഡന്റ് പദവിയിലിരിക്കരുതെന്ന വ്യവസ്ഥ നേരത്തേ ചൈനീസ് ഭരണഘടനയിൽനിന്ന് നീക്കിയിരുന്നു.