“നമ്മുടെ കുഞ്ഞുങ്ങളിൽ ഏറിയ പങ്കും മാധ്യമങ്ങളുടെ സ്വധീനത്തിലാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കയ്യെത്തും ദൂരത്താണ് അവരെ സംബന്ധിച്ചിടത്തോളം നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ലഭ്യത. വിരൽത്തുമ്പിൽ ലഭ്യമാകാത്തതായി ഒന്നുമില്ല കുട്ടികളുടെ താല്പര്യങ്ങൾ ഇപ്പോൾ കാർട്ടൂൺ കാണലിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നതുമില്ല. സിനിമകളും വെബ്‌സീരീസും ഒക്കെ അവരുടെ താല്പര്യമുള്ള വിഷയങ്ങളാണ്. അതിനാൽ തന്നെ എന്തും ലഭ്യമാകുന്ന മാധ്യമങ്ങളുടെ കൂട്ടത്തിൽ നിന്നും കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കാത്ത കാര്യങ്ങൾ മാത്രം അവർക്ക് കാണുന്നതിനായി നൽകുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഒരു വലിയ ടാസ്ക് ആണ്
സിനിമകളിൽ വയലൻസ് ഒരു പ്രധാനഘടകം ആയിക്കൊണ്ടിരിക്കുകയാണ്. തീയറ്ററുകളിൽ ഇത്തരം സിനിമകൾ കാണുന്നതിൽ നിന്നും കുട്ടികൾക്ക് വിലക്കുണ്ടെങ്കിലും ഒടിടി പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ വരുമ്പോൾ അതല്ല അവസ്ഥ. കുട്ടികൾക്ക് ഇത്തരം വയലൻസ് നിറഞ്ഞ സിനിമകൾ കാണാനുള്ള അവസരങ്ങൾ കയ്യെത്തും കയ്യെത്തും ദൂരത്താണ്. ഈ അവസരത്തിൽ സിനിമയിലെയും വെബ് സീരീസുകളിലേയും വയലൻസ് എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നതെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
വളർച്ചയുടെ വിവിധ തലങ്ങളിൽ കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് അവർ കണ്ട കാഴ്ചകളും കേട്ട വർത്തമാനങ്ങളും ആയിരിക്കും. ഇത്തരത്തിലാണ് അഹിംസയുടെയും ഹിംസയുടെയും ആശയങ്ങൾ കുട്ടികളുടെ മനസിലേക്കെത്തുന്നത്. ഇത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. അക്രമങ്ങൾ സ്വാഭാവിക ജീവിതത്തിന്റെ ഭാഗമാണെന്ന ധാരണയിൽ വികലമായ ചിന്തകളായിരിക്കും അവരെ നയിക്കുക. അതിനാൽ തന്നെ വയലൻസ് നിറഞ്ഞ സിനിമകൾ, ഗെയിമുകൾ എന്നിവ ആസ്വദിക്കാൻ കുട്ടിയെ അനുവദിക്കും മുൻപായി, അതിന്റെ ഗുണദോഷ വശങ്ങളെപ്പറ്റി മാതാപിതാക്കൾക്ക് ധാരണയുണ്ടായിരിക്കണം.

വലയലൻസ് എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നത്
വലയലൻസ് നിറഞ്ഞ സിനിമകൾ, ഗെയിമുകൾ, കുടുംബാന്തരീക്ഷം എന്നിവ പ്രധാനമായും മൂന്നു രീതിയിലാണ് കുട്ടികളെ ബാധിക്കുന്നത്. ആദ്യത്തേത് ബ്രയിൻ ഡെവെലപ്മെന്റിനെ ബാധിക്കുന്ന തലമാണ്. രണ്ടാമത്തെ തലം മിറർ ന്യൂറോൺസിന്റേതാണ്. മൂന്നാമതായി മാനസികമായി കുട്ടികളെ ബാധിക്കുന്നു.
“ബ്രെയിൻ ഡെവലപ്മെന്റ്
തലച്ചോറിന്റെ വളർച്ച കുട്ടികളിൽ ഏറ്റവും മികച്ച രീതിയിൽ പാകപ്പെടുന്ന പ്രായമാണ് 12-18 വയസ്സുവരെയുള്ള കാലം.ഈ കാലഘട്ടത്തിൽ അവരുടെ കാഴ്ചകളും സംഭാഷണങ്ങളും തലച്ചോറിൽ ഫീഡ് ചെയ്യപ്പെടുകയും ആശയങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു. തുടർച്ചയായി ആവർത്തിച്ച് വയലൻസ് നിറഞ്ഞ സീനുകൾ കാണുമ്പോൾ കുട്ടികളിൽ അഗ്രസീവ് ആയ ചിന്തകൾ ഉടലെടുക്കുന്നു. സഹ ജീവികളോടും കൂട്ടുകാരോടും ഒക്കെ എമ്പതി കുറയാൻ തുടങ്ങുന്നു. ദേഷ്യം, വാശി, സാധനങ്ങൾ നശിപ്പിക്കൽ, മറ്റുള്ളവരെ ഉപദ്രവിക്കാൻ ശ്രമിക്കൽ എന്നിവ ആരംഭിക്കുകയും ഇവ ആസ്വദിക്കുകയും ചെയ്യുന്നു.
മിറർ ന്യൂറോൺസ്
അടുത്ത ഘട്ടത്തിൽ കുട്ടികൾ കാണുന്ന വയലൻസ് ബാധിക്കുക അവരിലെ മിറർ ന്യൂറോൺസ് പ്രവർത്തനത്തെയാണ്. കാണുന്ന കാര്യങ്ങളനുകരിക്കാൻ ശ്രമിക്കുകയായിരിക്കും ഈ ഘട്ടത്തിൽ ചെയ്യുക. വയലൻസ് അനുകരിക്കാൻ ശ്രമിക്കുന്ന കുട്ടികൾക്ക് പതിയെ അത് തികച്ചും നോർമലായ കാര്യമായി തോന്നുകയും സ്വഭാവത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു.

മാനസികമായി ബാധിക്കുന്നു
മിറർ ന്യൂറോൺസ് പ്രവർത്തനങ്ങളിൽ വയലൻസ് നിറഞ്ഞു കഴിഞ്ഞാൽ അത് കുട്ടികളിലെ മാനസികാരോഗ്യത്തെ കെടുത്തും. കുട്ടികളിൽ അമിതമായ ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ പ്രകടമാകും . സാവധാനത്തിൽ കുട്ടികളിലെ സ്ലീപ് പാറ്റേൺ തകരുകയും ശ്രദ്ധ, ഓർമ എന്നിവയെ ബാധിക്കുകയും ചെയ്യുന്നു. സാവധാനത്തിൽ പഠനം പിന്നോട്ടാകുന്നു.
മാതാപിതാക്കൾ ചെയ്യേണ്ടതെന്ത് ?ഓരോ പ്രായത്തിനും യോജിച്ച കണ്ടന്റുകൾ മാത്രം വിഡിയോ, പുസ്തക രൂപത്തിൽ കുഞ്ഞുങ്ങൾക്ക് നൽകുക. സിനിമകളിലെയും വെബ് സീരീസുകളിലെയും വയലൻസ് കണ്ടന്റുകൾ പൂർണമായി ഒഴിവാക്കുക, ഒരു പരിധിയിൽ കൂടുതൽ സ്‌ക്രീൻ ടൈം നൽകാതിരിക്കുക, കുട്ടികൾ കാണുന്ന വിഡിയോകൾ അവർക്കൊപ്പം ചർച്ച ചെയ്യുക.
