സിവിൽ സർവീസ് കോച്ചിങിനു ചേരുന്നോ? ഫീസ് സർക്കാർ തരും

സിവിൽ സർവീസസ് പരീക്ഷാ പരിശീലനത്തിന് ചേരാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇപ്പോൾ സർക്കാർ സഹായത്തോടെ പരിശീലനം നേടാൻ അവസരം.

മുന്നോക്ക സമുദായങ്ങൾക്ക്

കേരള സംസ്ഥാനത്തെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അർഹരായ തൊഴിലന്വേഷകർക്ക് അപേക്ഷിക്കാം. 2022-23 വർഷത്തെ വിദ്യാസമുന്നതി മത്സര പരീക്ഷാ പരിശീലനത്തിന് കേരളസംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അർഹത ആർക്ക്?

അപേക്ഷകൻ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗത്തിൽപ്പെടുന്നവർ ആയിരിക്കണം. കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ താഴെ മാത്രം. പരിശീലനം നേടുന്ന ഉദ്യോഗാർത്ഥി സിവിൽ സർവീസസ് പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത നേടിയിരിക്കണം. പരമാവധി പ്രായം 32 വയസ്സ്. നിലവാരമുള്ള പരിശീലന സ്ഥാപനങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്നവരുമാകണം മുൻഗണന നൽകും.

മെഡിക്കൽ/എൻജിനീയറിങ്/ പി എസ് സി പരിശീലനത്തിനും മെഡിക്കൽ/എൻജിനീയറിങ് പരീക്ഷാ പരിശീലനത്തിനു ചേർന്നവർക്കും ധനസഹായം ലഭിക്കും. ബിരുദ, ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 805 പേർക്ക് 10000 രൂപ വീതമാണ് ധനസഹായം. ഇതിനു പുറമെ ബാങ്ക് / പി എസ് സി / യു പി എസ് സി / മറ്റിതര മത്സര പരീക്ഷകൾക്ക് പരിശീലനം നേടുന്നവർക്കും അപേക്ഷിക്കാം. 6000 രൂപ വീതം 800 ഉദ്യോഗാർത്ഥികൾക്ക് ധനസഹായം ലഭിക്കും.

എങ്ങനെ അപേക്ഷിക്കണം?

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യം www.kswcfc.org എന്ന വെബ് സൈറ്റിലെ ഓൺലൈൻ ഡാറ്റാ ബാങ്കിൽ ഒറ്റത്തവണ റജിസ്റ്റർ ചെയ്യണം. ഇതിൽ നിന്നും ലഭിക്കുന്ന റജിസ്റ്റർ നമ്പർ ഉപയോഗിച്ച് പരിശീലന ധനസഹായ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം നിർദ്ദിഷ്ട രേഖകളുടെ സ്കാൻ ചെയ്ത കോപ്പി അപ് ലോഡ് ചെയ്യണം.

അവസാന തീയതി

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 21. അപേക്ഷിക്കുന്നതിനും യോഗ്യത ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾക്കും www.kswcfc.org എന്ന വെബ് സൈറ്റ് കാണുക. ഫോൺ: 0471-2311215

Verified by MonsterInsights